ബംഗ്ലാദേശ്: ബംഗ്ലാദേശിൽ അടുത്തിടെ നടന്ന അട്ടിമറിക്ക് ശേഷം, ഹിന്ദു ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചത് രാജ്യത്ത് അസ്ഥിരതയുടെ അന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണ്. 30,000-ത്തിലധികം വരുന്ന ഹിന്ദു സമൂഹം ചിറ്റഗോങ്ങിൽ തെരുവിലിറങ്ങുകയും, യൂനസ് സർക്കാരിനെതിരെ പ്രതിഷേധ പ്രകടനം നടത്തുകയും അവരുടെ സുരക്ഷയും അവകാശങ്ങൾ സംരക്ഷിക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ഓഗസ്റ്റിനുശേഷം തങ്ങൾക്കെതിരായ ആക്രമണങ്ങൾ വർദ്ധിച്ചതായി പ്രതിഷേധക്കാര്‍ പറയുന്നു. ഹിന്ദുക്കൾ മാത്രമല്ല, മറ്റ് ന്യൂനപക്ഷങ്ങളായ ബുദ്ധ, ക്രിസ്ത്യൻ, സിഖ് സമുദായങ്ങളും ഈ സംഭവങ്ങളുടെ ഇരകളാണ്. റിപ്പോർട്ടുകൾ പ്രകാരം, ബംഗ്ലാദേശിൽ ഇതുവരെ 2000-ത്തിലധികം ആക്രമണങ്ങൾ ഹിന്ദുക്കൾക്കെതിരെ നടന്നിട്ടുണ്ട്.
ചിറ്റഗോംഗില്‍ നടന്ന റാലിയിൽ, മുസ്ലീങ്ങളുടെ ആക്രമണങ്ങളിൽ നിന്ന് സർക്കാര്‍ സംരക്ഷണം നൽകണമെന്നും, അവർക്കെതിരെ ചുമത്തിയിരിക്കുന്ന രാജ്യദ്രോഹക്കുറ്റം നീക്കം ചെയ്യണമെന്നും ഹിന്ദുക്കൾ ആവശ്യപ്പെട്ടു. സർക്കാരിന് മുന്നിൽ ശബ്ദമുയർത്തുന്നതിനൊപ്പം തങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നാണ് സമരക്കാരുടെ ആവശ്യം. പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ മതേതര സർക്കാരിനെ പുറത്താക്കുകയും വിദ്യാർത്ഥികളുടെ നേതൃത്വത്തിലുള്ള കലാപത്തെ തുടർന്ന് ഹസീന രാജ്യം വിടുകയും ചെയ്ത ഓഗസ്റ്റ് ആദ്യം മുതൽ ഹിന്ദുക്കൾക്കെതിരെ ആയിരക്കണക്കിന് ആക്രമണങ്ങൾ നടന്നിട്ടുണ്ടെന്ന് ഹിന്ദു സംഘടനകൾ പറയുന്നു.
രാജ്യത്തെ ഏകദേശം 170 ദശലക്ഷം ജനസംഖ്യയിൽ, ഹിന്ദുക്കൾ 8 ശതമാനവും, മുസ്ലീങ്ങൾ 91 ശതമാനവും വരും. ഇടക്കാല സർക്കാർ ക്രമസമാധാനം പുനഃസ്ഥാപിക്കാൻ പാടുപെടുന്നതിനിടെ ഓഗസ്റ്റ് 4 മുതൽ ഹിന്ദുക്കൾക്കെതിരെ രണ്ടായിരത്തിലധികം ആക്രമണങ്ങൾ നടന്നതായി രാജ്യത്തെ ന്യൂനപക്ഷ ഗ്രൂപ്പായ ബംഗ്ലാദേശ് ഹിന്ദു ബുദ്ധിസ്റ്റ് ക്രിസ്ത്യൻ യൂണിറ്റി കൗൺസിൽ പറഞ്ഞു. എന്നിരുന്നാലും, ഹസീനയുടെ പതനത്തിനുശേഷം ഇടക്കാല സർക്കാരിനെ നയിക്കാൻ നാമനിർദ്ദേശം ചെയ്യപ്പെട്ട സമാധാനത്തിനുള്ള നോബേൽ സമ്മാന ജേതാവ് മുഹമ്മദ് യൂനുസ് പറയുന്നത് ഈ കണക്കുകൾ അതിശയോക്തിപരമാണെന്നാണ്.
അന്താരാഷ്ട്ര വേദികളിലും ഈ വിഷയം ഉന്നയിക്കുന്നുണ്ട്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുൻ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും ബംഗ്ലാദേശിൽ ഹിന്ദുക്കൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങളിൽ ഉത്കണ്ഠ രേഖപ്പെടുത്തി. അടുത്തിടെ ദീപാവലി ആശംസാ സന്ദേശത്തിനിടെ ട്രംപും ഈ വിഷയം ഉന്നയിച്ചിരുന്നു.