കോളിളക്കം സൃഷ്ടിച്ച ഷാരോൺ വധക്കേസില്‍ പ്രതി ഗ്രീഷ്മയ്ക്കെതിരെ നിര്‍ണ്ണായക തെളിവുകള്‍ പ്രൊസിക്യൂഷന് കോടതിയില്‍ ഹാജരാക്കി. ഷാരോണിന് നല്കിയ വിഷത്തിന്റെ പ്രവർത്തനരീതി വെബ് സൈറ്റ് സെര്‍ച്ചിലൂടെ ഗ്രീഷ്മ മനസ്സിലാക്കിയെന്നാണ് പ്രൊസിക്യൂഷന് കോടതിയില്‍ പറഞ്ഞത്. അതിന്റെ തെളിവുകളും ഹാജരാക്കി. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വിഎസ് വിനീത് കുമാറാണ് പ്രോസിക്യൂഷന് വേണ്ടി കോടതിയിൽ ഹാജരായത്. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയിൽ നാളെ കേസിന്റെ വിചാരണ തുടരും.
പാരാക്വാറ്റ് എന്ന കീടനാശിനിയുടെ മനുഷ്യ ശരീരത്തിലെ പ്രവർത്തനരീതിയും വിഷം അകത്ത് ചെന്നാൽ ഒരാൾ എത്ര നേരം കൊണ്ട് മരിക്കുമെന്നുമാണ് ഗ്രീഷ്മ വെബ്സെർച്ച് നടത്തിയത്. ഷാരോണിന്റെയും ഗ്രീഷ്മയുടെയും ഫോണിലെ ഡിജിറ്റൽ തെളിവുകളാണ് കോടതിയിൽ ഹാജരാക്കിയത്.
ഇക്കഴിഞ്ഞ ഒക്ടോബർ 15 നായിരുന്നു ഷാരോൺ കേസുമായി ബന്ധപ്പെട്ട വിചാരണ നെയ്യാറ്റിൻകര അഡീഷണൽ സെ ഷൻസ് കോടതിയിൽ ആരംഭിച്ചത്. കോടതിയിൽ വാദം തുടരുന്നതിനിടെയാണ് ഗ്രീഷ്മക്കെതിരെ ഗുരുതര തെളിവുകൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയത്.
ഷാരോണിനെ കൊലപ്പെടുത്താൻ പ്രതി ഗ്രീഷ്മ വിഷത്തിന്റെ പ്രവർത്തനരീതി വെബ്സർച്ചിലൂടെ പഠിച്ചു. ഷാരോണിന്റെയും ഗ്രീഷ്മയുടെയും ഫോണിൽ നിന്ന് ഡിജിറ്റൽ തെളിവുകൾ വീണ്ടെടുത്തതായും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഇവ ഉടൻ കോടതിയിൽ സമർപ്പിക്കും.
സൈനിക ഉദ്യോഗസ്ഥനുമായി വിവാഹനിശ്ചയം നടത്തിയതിന് ശേഷം ഗ്രീഷ്മ ഷാരോണുമായി തൃപ്പരപ്പിലെ ഹോട്ടലിൽ താമസിച്ചിരുന്നു. ഗ്രീഷ്മയെ ഇതേ ഹോട്ടൽ മാനേജർ കോടതിയിൽ നടന്ന വിചാരണയ്ക്കിടെ തിരിച്ചറിഞ്ഞു
2022 ഒക്ടോബർ 13, 14 തീയതികളിലായാണ് ആൺ സുഹൃത്തായ ഷാരോണിന് ഗ്രീഷ്മ കഷായത്തിൽ വിഷം നൽകി കൊലപ്പെടുത്തിയത്. ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തിൽ ആകെ 141 സാക്ഷികളുണ്ട്. ഗ്രീഷ്മയ്ക്കെതിരെ പരമാവധി തെളിവുകൾ കോടതിയിൽ ഹാജരാക്കാനാണ് പ്രോസിക്യൂഷൻ തീരുമാനം.