പെരിന്തൽമണ്ണ: മുനമ്പം വഖ്ഫ് സ്വത്ത് കൈയേറ്റ വിഷയം വിഭാഗീയതക്കും മതസമുദായങ്ങൾക്കിടയിലുള്ള ഭിന്നിപ്പിക്കലിനുമായി കാസയും സംഘപരിവാർ ശക്തികളും മറ്റ് തീവ്രവാദ പ്രസ്ഥാനങ്ങളും പ്രയോജനപ്പെടുത്തുന്നത് തടയാൻ കേരള സർക്കാരും വഖ്ഫ് ബോർഡും ഇടപെടണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ആവശ്യപ്പെട്ടു. വെൽഫെയർ പാർട്ടി മങ്കട മണ്ഡലം സമ്മേളനത്തിന്റെ ഉദ്ഘാടന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും വലിയ വിധത്തിൽ വളർന്നു വരുന്ന മുസ്ലിം വിരുദ്ധതയും ഇസ്ലാമോഫോബിയയും സംഘപരിവാർ മുനമ്പം വിഷയത്തിന്റെ മറവിൽ പ്രചരിപ്പിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വഖ്ഫ് ബോർഡ് മന്ത്രി അബ്ദുറഹിമാനും മുഖ്യമന്ത്രിയും മൗനം വെടിയണം; സർക്കാരിന്റെ നിശ്ശബ്ദത വർഗീയ വിഷം പരത്തുന്നവർക്ക് കരുത്ത് പകരുന്നതാണ്. ഈ വിഷയത്തിൽ സൂക്ഷ്മപഠനം നടത്തി, സമാധാനപരമായ പരിഹാരം ഉണ്ടാക്കാനുള്ള ശ്രമം വേണമെന്നും റസാഖ് പാലേരി പറഞ്ഞു. ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് ഫാറൂഖ് കെ പി അധ്യക്ഷത വഹിച്ചു, ജില്ലാ സെക്രട്ടറിമാരായ ആരിഫ് ചുണ്ടയിൽ, ഖാദർ അങ്ങാടിപ്പുറം, സി എച്ച് സലാം, ദാനിഷ് മങ്കട, അഷ്റഫ് കുറുവ, മുകീം സി എച്ച്, ജസീല കൂട്ടിലങ്ങാടി, ജമാൽ മങ്കട, നസീമ സി എച്ച് എന്നിവർ സംസാരിച്ചു.