ബ്രാംപ്ടൺ ക്ഷേത്ര ആക്രമണം നടത്തിയവരെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവരണം: കാനഡയോട് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

ഒൻ്റാറിയോയിലെ ബ്രാംപ്ടണിലുള്ള ഹിന്ദു സഭാ ക്ഷേത്രത്തിലുണ്ടായ അക്രമത്തെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അപലപിച്ചു. അതോടൊപ്പം ഇതിൽ ഉൾപ്പെട്ടവർക്കെതിരെ നടപടിയെടുക്കണമെന്ന് കനേഡിയൻ സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.

കാനഡയിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയിൽ അഗാധമായ ഉത്കണ്ഠ പ്രകടിപ്പിച്ച വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ, ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരുടെ സേവനങ്ങൾക്ക് ഭീഷണിയും അക്രമവും തടസ്സമാകില്ലെന്നും ഊന്നിപ്പറഞ്ഞു.

ഹിന്ദു സഭാ ക്ഷേത്രത്തിൽ തീവ്രവാദികളും വിഘടനവാദികളും നടത്തിയ അക്രമത്തെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം തിങ്കളാഴ്ച ശക്തമായി അപലപിച്ചു. സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ കനേഡിയൻ സർക്കാർ നടപടിയെടുക്കണമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.

മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ബ്രാംപ്ടണിലെ ഹിന്ദു സഭാ ക്ഷേത്രത്തിന് നേരെയുണ്ടായ ആക്രമണത്തെ ഞങ്ങൾ ശക്തമായി വിമർശിക്കുന്നു, ജയ്സ്വാൾ പ്രസ്താവനയിൽ പറഞ്ഞു. എല്ലാ ആരാധനാലയങ്ങളുടെയും സുരക്ഷ ഉറപ്പാക്കാനും ഈ അക്രമത്തിൽ ഉൾപ്പെട്ടവരെ പ്രോസിക്യൂട്ട് ചെയ്യാനും ഞങ്ങൾ കാനഡ സർക്കാരിനോട് അഭ്യർത്ഥിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക
കാനഡയിലെ ഇന്ത്യക്കാരുടെ സുരക്ഷയിൽ ന്യൂഡൽഹി ഏറെ ആശങ്കാകുലരാണെന്നും, കാനഡയിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയിൽ ഞങ്ങൾക്ക് അതീവ ഉത്കണ്ഠയുണ്ടെന്നും ജയ്‌സ്വാള്‍ പറഞ്ഞു. ഇന്ത്യൻ, കനേഡിയൻ പൗരന്മാരെ സേവിക്കുന്നതിൽ ഞങ്ങളുടെ കോൺസുലർ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തലും ഉപദ്രവവും അക്രമവും തടസ്സപ്പെടുത്താൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഞായറാഴ്ചയാണ് ബ്രാംപ്ടണിലെ ഒരു ഹിന്ദു ക്ഷേത്രത്തിൽ ഖാലിസ്ഥാനി പതാകകൾ വഹിച്ച ജനക്കൂട്ടം ഹിന്ദു ഭക്തരുമായി ഏറ്റുമുട്ടിയത്. ക്ഷേത്രത്തിന് പുറത്ത് ആളുകൾ ഖലിസ്ഥാൻ പതാകയേന്തി മറ്റുള്ളവരെ മർദ്ദിക്കുന്നത് വൈറലായ വീഡിയോയിൽ കാണാം.

ട്രൂഡോ അപലപിച്ചു: ക്ഷേത്ര അക്രമം അംഗീകരിക്കാനാവില്ല
ബ്രാംപ്ടണിലെ ക്ഷേത്രത്തിലുണ്ടായ അക്രമം അംഗീകരിക്കാനാകില്ലെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. ബ്രാംപ്ടണിലെ ഹിന്ദു സഭാ ക്ഷേത്രത്തിൽ ഇന്ന് നടന്ന അക്രമം അംഗീകരിക്കാനാവില്ലെന്ന് ട്രൂഡോ തിങ്കളാഴ്ച ട്വിറ്ററിൽ കുറിച്ചു. ഓരോ കനേഡിയനും തൻ്റെ മതം സ്വതന്ത്രമായും സുരക്ഷിതമായും ആചരിക്കാൻ അവകാശമുണ്ട്. ഈ സംഭവം അന്വേഷിച്ചതിലും സമൂഹത്തെ സംരക്ഷിക്കുന്നതിലും പെട്ടെന്ന് തീരുമാനമെടുത്ത പീൽ റീജിയണൽ പോലീസിന് അദ്ദേഹം നന്ദി അറിയിച്ചു.

ക്ഷേത്രത്തിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് ഒട്ടാവയിലെ ഇന്ത്യൻ ഹൈക്കമ്മീഷനും ശക്തമായ പ്രസ്താവന പുറപ്പെടുവിച്ചു. “ഇന്ന് (നവംബർ 3) ടൊറൻ്റോയ്ക്ക് സമീപമുള്ള ബ്രാംപ്ടണിലെ ഹിന്ദു സഭാ ക്ഷേത്രത്തിന് പുറത്ത് ഇന്ത്യാ വിരുദ്ധരുടെ അക്രമാസക്തമായ അസ്വസ്ഥതകൾക്ക് ഞങ്ങൾ സാക്ഷ്യം വഹിച്ചു,” പ്രസ്താവനയിൽ പറയുന്നു.

ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര തർക്കം
ഇന്ത്യയും കാനഡയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വഷളായതിന് ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് ഏറ്റവും പുതിയ നയതന്ത്ര തര്‍ക്കം ആരംഭിച്ചത്. ഹർദീപ് സിംഗ് നിജ്ജാർ വധക്കേസിൻ്റെ അന്വേഷണത്തിൽ ഒരു മുതിർന്ന ഇന്ത്യൻ നയതന്ത്രജ്ഞൻ ‘താൽപ്പര്യമുള്ള വ്യക്തി’യാണെന്ന് കാനഡ പറഞ്ഞതിന് പിന്നാലെയാണിത്. തുടർന്ന്, ഇന്ത്യ തങ്ങളുടെ മുതിർന്ന നയതന്ത്രജ്ഞരെ തിരികെ വിളിക്കുകയും കനേഡിയൻ ഉദ്യോഗസ്ഥരെ ന്യൂഡൽഹിയിൽ നിന്ന് പുറത്താക്കുകയും ചെയ്തു.

കാനഡക്കെതിരെ ഇന്ത്യയുടെ ആരോപണം
ഇന്ത്യൻ കോൺസുലർ ജീവനക്കാരെ ഓഡിയോ, വീഡിയോ നിരീക്ഷണത്തിന് വിധേയരാക്കിക്കൊണ്ട് കാനഡ ഉപദ്രവിക്കുകയാണെന്ന് ന്യൂഡൽഹി ശനിയാഴ്ച ആരോപിച്ചു. ഇത് നയതന്ത്ര ഉടമ്പടികളുടെ കടുത്ത ലംഘനമാണെന്ന് ഇന്ത്യ പറഞ്ഞു.

“ഞങ്ങളുടെ കോൺസുലർ ഓഫീസർമാരിൽ ചിലർ നിരീക്ഷണത്തിലാണെന്നും അവരുടെ ആശയവിനിമയങ്ങൾ തടസ്സപ്പെടുത്തിയെന്നും കനേഡിയൻ സർക്കാർ അടുത്തിടെ അറിയിച്ചിരുന്നു. നയതന്ത്ര, കോൺസുലർ കൺവെൻഷനുകളുടെ ഗുരുതരമായ ലംഘനമായി ഇതിനെ കണക്കാക്കുന്നതിനാൽ ഞങ്ങൾ കനേഡിയൻ സർക്കാരിന് ഔപചാരിക പ്രതിഷേധം അറിയിച്ചു,” വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News