ന്യൂയോർക്ക്: അമേരിക്കൻ മലയാളി സംഘടനകളുടെ മാതൃസംഘടനയായ ഫെഡറേഷൻ ഓഫ് കേരളാ അസ്സോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക (FOKANA) വീണ്ടും പിളര്‍ന്നു. സംഘടനയെ ലോകമെമ്പാടും വ്യാപിപ്പിക്കുവാൻ തയ്യാറെടുത്ത് സണ്ണി മറ്റമനയുടെയും ഡോ. കലാ ഷഹിയുടെയും നേതൃത്വത്തിൽ ഒരു അന്താരാഷ്ട്ര സംഘടനയായി രൂപമാറ്റം വരുത്തി, Federation of Kerala Associations in North America, International എന്ന പേരിലായിരിക്കും ഇനി ഫൊക്കാന അറിയപ്പെടുന്നത്.
ഏതാനും വർഷങ്ങളായി സംഘടനക്കുള്ളില്‍ പുകഞ്ഞു കൊണ്ടിരുന്ന വിഭാഗീയത മൂര്‍ഛിച്ചാണ് ഇപ്പോൾ രണ്ടായി പിരിഞ്ഞ് രണ്ട് ദിശകളിലേക്ക് പ്രയാണം ചെയ്യുന്നത്. ഇക്കഴിഞ്ഞ ജൂലൈ മാസത്തില്‍ വാഷിംഗ്ടണ്‍ ഡി.സി.യിൽ വെച്ചു നടന്ന വാശിയേറിയ തിരഞ്ഞെടുപ്പില്‍ സജിമോൻ ആൻറണിയുടെ നേതൃത്വത്തിലുള്ള പാനല്‍ വിജയിച്ചിരുന്നു. എന്നാല്‍, തിരഞ്ഞെടുപ്പ് കൃത്രിമം ആരോപിച്ച് സജിമോന്‍ ആന്റണി പാനലിന് എതിരായി മത്സരിച്ച ഡോ. കലാ ഷഹി പാനല്‍ തങ്ങളാണ് യഥാര്‍ത്ഥ ഫൊക്കാന എന്ന് അവകാശപ്പെട്ട് വേര്‍പിരിയുകയായിരുന്നു.
സജിമോൻ ആൻറണിയുടെ നേതൃത്വത്തിലുള്ള FOKANA, Inc ല്‍ പ്രവര്‍ത്തിക്കുവാന്‍ താല്പര്യപ്പെടാതെ, യഥാര്‍ത്ഥ ഫൊക്കാന (ഫെഡറേഷന്‍ ഓഫ് കേരള അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക) യില്‍ ഉള്‍പ്പെട്ട ഡോ. കലാ ഷഹി ടീം
Federation of Kerala Associations in North America, International എന്ന പേരില്‍ പ്രവര്‍ത്തനം ആരംഭിച്ചു. സംഘടനയുടെ പ്രവര്‍ത്തനം അമേരിക്കയില്‍ മാത്രം ഒതുക്കി നിര്‍ത്താതെ മറ്റു വിദേശ രാജ്യങ്ങളിലും അതിന്റെ പവര്‍ത്തനങ്ങള്‍ വ്യാപരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.
1983-ൽ സ്ഥാപിതമായ ഫൊക്കാന ഇതിനു മുമ്പ് 2008 -ൽ നടന്ന ദ്വൈവാർഷിക കോൺഫറൻസിൽ വച്ചാണ് പിളർന്ന് ഫോമാ എന്ന പേരിൽ മറ്റൊരു പുതിയ സംഘടന രൂപീകൃതമായത്. അന്ന് മുതൽ ഫൊക്കാനയും ഫോമായും രണ്ട് വ്യത്യസ്ത സംഘടനകളായി മത്സരിച്ച് മുന്നേറുകയായിരുന്നു. 2018-2020 കാലഘട്ടത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രസിഡൻറ് മാധവൻ നായരുടെ കാലയളവിൽ ഫൊക്കാനയിൽ ചില വിഭാഗീയതയും അസ്വാരസ്യങ്ങളും രൂപപ്പെടുകയും ചില നിയമ നടപടികളിലേക്ക് അത് വലിച്ചിഴക്കപ്പെടുകയും ചെയ്തിരുന്നു. പിന്നീട് 2022-ൽ അടുത്ത രണ്ടു വർഷത്തെ കാലാവധിയായ 2022-2024-ലേക്ക് ഡോ. ബാബു സ്റ്റീഫൻ തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ഫൊക്കാനയെ അന്തർദേശീയ സംഘടനാ എന്ന നിലയിലേക്ക് ഉയർത്തുന്നതിന് മുന്നോടിയായി ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഗൾഫ് രാജ്യങ്ങളിലും ശാഖകൾ രൂപീകരിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ കൈക്കൊണ്ടിരുന്നു. അത് സംഘടനക്കുള്ളിലെ വിഭാഗീയത വീണ്ടും വർദ്ധിപ്പിച്ചു.
പ്രസ്തുത കാലയളവിൽ ബാബു സ്റ്റീഫനോപ്പം ജനറൽ സെക്രട്ടറി ആയി പ്രവർത്തിച്ചിരുന്ന ഡോ. കലാ ഷഹി 2024-ൽ നടന്ന മത്സരത്തിൽ പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിച്ചിരുന്നു. 2024-ൽ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സജിമോൻ ആന്റണിയുടെ നേതൃത്വത്തിൽ ഒരു പറ്റം സ്ഥാനമോഹികളായ ചിലരുടെ കുത്സിത പ്രവർത്തനങ്ങളിലൂടെയും കള്ള വോട്ടിലൂടെയുമാണ് അവർ വിജയികളായത് എന്നാണ് ഡോ. കലാ ഷഹിയുടെ നേത്ര്യത്വത്തിലുള്ള ടീം അവകാശപ്പെടുന്നത്. അതിനാൽ സജിമോൻ ആൻറണിയുടെ നേതൃത്വത്തെ അവർ അംഗീകരിക്കുവാൻ തയ്യാറായില്ല. 2008-ൽ ഫൊക്കാന പിളർന്നപ്പോൾ മെരിലാൻഡ് സംസ്ഥാനത്താണ് പുതിയ ഫൊക്കാന രജിസ്റ്റർ ചെയ്തിരുന്നതെന്നും, യഥാർത്ഥ രജിസ്ട്രേഷനായ ഫെഡറേഷൻ ഓഫ് കേരള അസ്സോസ്സിയേഷൻസ് ഇൻ നോർത്ത് അമേരിക്കയുടെ ചുരുക്കപ്പേരായ FOKANA അടർത്തിയെടുത്ത് FOKANA, Inc എന്ന കള്ള പേരിലാണ് സജിമോൻറെ നേതൃത്വത്തിലുള്ള ഫൊക്കാന പ്രവർത്തിക്കുന്നത് എന്നുമാണ് ഇപ്പോഴത്തെ ഭാഷ്യം. മാത്രമല്ല, യഥാര്‍ത്ഥ ഫൊക്കാനയുടെ (ഫെഡറേഷന്‍ ഓഫ് കേരള അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക) പേരില്‍ അംഗ സംഘടനകളെ തെറ്റിദ്ധരിപ്പിച്ച് വോട്ടുകള്‍ നേടിയ സജിമോന്‍ ആന്റണി ടീം ആ വോട്ടുകള്‍ FOKANA, Inc ലേക്ക് വക മാറ്റുകയായിരുന്നു എന്നും, അതുകൊണ്ട് സജിമോൻറെ പ്രസിഡൻറ് സ്ഥാനാർഥിത്വം അംഗീകരിക്കുവാൻ കഴിയില്ലെന്നുമാണ് കലാ ഷഹിയുടെ നേതൃത്വത്തിലുള്ളവർ അവകാശപ്പെടുന്നത്.
ഇപ്പോൾ ഫൊക്കാനയ്ക്ക് അന്താരാഷ്ട്രീയ മുഖഛായ ഉണ്ടെന്നും അതിനാൽ ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിലെ മലയാളി സംഘടനകളെ കോർത്തിണക്കിക്കൊണ്ട് Federation of Kerala Associations in North America, International എന്ന രീതിയിൽ പ്രവൃത്തിക്കണമെന്നുമാണ് കലാ ഷഹിയുടെയും സണ്ണി മറ്റമനയുടെയും നേതൃത്വത്തിലുള്ള ടീം പ്രത്യാശിക്കുന്നത്. ഇതിനോടകം ഇരുപത്തിരണ്ട് രാജ്യങ്ങളിൽ നിന്നായി നൂറു കണക്കിന് മലയാളീ സംഘടനകൾ ഫൊക്കാനാ ഇന്റർനാഷണലുമായി ഒത്തു ചേർന്ന് അംഗ സംഘടനകളായി പ്രവർത്തിക്കുവാൻ സന്നദ്ധത പ്രകടിപ്പിച്ച് എത്തിയിട്ടുണ്ട് എന്നാണ് പുതിയ ഭാരവാഹികൾ അവകാശപ്പെടുന്നത്.
ഫൊക്കാന ഇന്റർനാഷണലിന്റെ പ്രവർത്തനോദ്ഘാടനവും പത്ര സമ്മേളനവും നവംബർ 9 ശനിയാഴ്ച്ച ഉച്ചയ്ക്ക് 1:00 മണി മുതൽ വൈകിട്ട് 5:00 മണി വരെയുള്ള സമയത്ത് നാനൂറ്റ് ഹിൽട്ടൺ ഗാർഡൻ ഇൻ ഹോട്ടലിൽ വച്ച് (Hilton Garden Inn Hotel, 270 NY-59, Nanuet, NY 10954) നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തി വരുന്നു. ദീർഘകാലം സംഘടനാ പ്രവർത്തിപരിചയം കൈമുതലായുള്ള അറുപതംഗ എക്സിക്യൂട്ടീവ് കമ്മറ്റിയാണ് ഇപ്പോൾ രൂപീകരിക്കപ്പെട്ടിരിക്കുന്നത്. സണ്ണി മറ്റമന (പ്രസിഡൻറ്), എബ്രഹാം ഈപ്പൻ (ജനറൽ സെക്രട്ടറി), സണ്ണി ജോസഫ് (ട്രഷറർ), ഡോ. കലാ ഷഹി (ഇന്റർനാഷണൽ കോഓർഡിനേറ്റിംഗ് ചെയർപേഴ്‌സൺ), റെജി കുര്യൻ (ഇന്റർനാഷണൽ കോഓർഡിനേറ്റർ), ഡോ. ജേക്കബ് ഈപ്പൻ (എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻറ്), റോയി ജോർജ് (വൈസ് പ്രസിഡൻറ്), പ്രിൻസൺ പേരപ്പാടൻ (അസ്സോസ്സിയേറ്റ് സെക്രട്ടറി), ഡോ. അജു ഉമ്മൻ (അസ്സോസ്സിയേറ്റ് ട്രഷറർ), തോമസ് എം. ജോർജ് (അഡീഷണൽ അസ്സോസ്സിയേറ്റ് സെക്രട്ടറി), റോണി വർഗ്ഗീസ് (അഡീഷണൽ അസ്സോസ്സിയേറ്റ് ട്രഷറർ), ഡോ. നീനാ ഈപ്പൻ (വിമൻസ് ഫോറം ചെയർപേഴ്‌സൺ) എന്നിവരടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മറ്റിയും മറ്റ് അൻപതോളം പേരടങ്ങുന്ന കമ്മറ്റി അംഗങ്ങളും ചേരുന്ന ഭരണ സമിതിയേയാണ് ഇപ്പോൾ രൂപീകരിച്ചിരിക്കുന്നത്.
നവംബർ 9 ശനിയാഴ്ച്ച ഉച്ചയ്ക്ക് 1:00 മണി മുതൽ വൈകിട്ട് 5:00 മണി വരെയുള്ള സമയത്ത് നാനൂറ്റ് ഹിൽട്ടൺ ഗാർഡൻ ഇൻ ഹോട്ടലിൽ വച്ച് (Hilton Garden Inn Hotel, 270 NY-59, Nanuet, NY 10954) നടത്തപ്പെടുന്ന പ്രാഥമിക ഫൊക്കാനാ ഇന്റർനാഷണൽ എക്സിക്യൂട്ടീവ് യോഗത്തിലേക്ക് ഫൊക്കാനയുടെ നല്ല ഭാവി പ്രതീക്ഷിക്കുന്ന എല്ലാ മലയാളീ സുഹൃത്തുക്കളെയും പ്രത്യേകം ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: റോബർട്ട് അരീച്ചിറ (845-309-6849); ഡോ. അജു ഉമ്മൻ (347-869-7641) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.