ഫ്ളോറിഡ: നാനോ ടെക്നോളജി സെമി കണ്ടക്ടർ മേഖലകളിലെ എൻജിനിർമാരുടെയും ശാസ്ത്രഞൻമാരുടെയും ലോകത്തിലെ തന്നെ ഏറ്റവും വലിയ സംഘടനയായ (ASM INTERNATIONAL) എ എസ് എം ഇന്റർനാഷനലിന്റെ തലപ്പത്തേയ്ക്ക് ചരിത്രത്തിൽ ആദ്യമായി ഒരു മലയാളി യുവാവ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. അമേരിക്കൻ മലയാളികളുടെ അഭിമാനം, കൊച്ചി സ്വദേശിയായ ഡോ. നവീൻ മാഞ്ഞൂരാൻ ഈ തിരഞ്ഞെടുപ്പിലൂടെ വാനോളും ഉയർത്തിരിക്കുകയാണ്. ഈ സംഘടനയുടെ സീനിയർ വൈസ് പ്രസിഡന്റ് ആയി പ്രവർത്തിച്ചുവരുകയായിരുന്ന ഡോ. മാഞ്ഞൂരാൻ ഈ പദവിയിൽ എത്തുന്ന രണ്ടാമത്തെ ഇൻഡ്യാക്കാരനും ആദ്യ മലയാളിയുമാണ്. ഫ്ലോറിഡയിലെ ഒർലാണ്ടോയിൽ താമസക്കാരനായ ഇദ്ദേഹം ഗ്ലോബൽ ടെക്നോളജി ആൻഡ് റിസേർച് കമ്പനിയായ സോൾവിൻറെ ചെയർമാനാണ്. 12 പേറ്റന്റുകൾ സ്വന്തമായുള്ള ഡോ. നവീൻ, 12 പുസ്തകങ്ങളും എഴുതിയിട്ടുണ്ട്.
ഇന്ത്യയിൽ തെലുങ്കാന NIT യിൽ നിന്നും ബിരുദം കരസ്ഥമാക്കി അമേരിക്കയിലേയ്ക്ക് ചേക്കേറിയ ഡോ. മാഞ്ഞൂരാൻ, യൂണിവേഴ്സിറ്റി ഓഫ് ഫ്ളോറിഡയിൽനിന്നും മെറ്റീരിയൽ സയൻസിൽ ബിരുദാനന്തര ബിരുദവും, വെർജീനിയ ടെക്-ൽ നിന്നും മെറ്റീരിയൽ സയൻസിൽ ഡോക്ടറേറ്റും നേടി. കൂടാതെ യൂണിവേഴ്സിറ്റി ഓഫ് ഷിക്കാഗോയിൽ നിന്നും MBA ബിരുദവും അമേരിക്കയിലെ പ്രസിദ്ധമായ ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും എക്സിക്യൂട്ടീവ് മാനേജ്മെന്റ് ബിരുദവും നേടിയിട്ടുണ്ട്. എ എസ് എം ഇന്റർനാഷണൽ , അമേരിക്കൻ സിറാമിക് സൊസൈറ്റി, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെറ്റീരിയൽസ്, മിനറൽ ആൻഡ് മൈനിങ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെറ്റീരിയൽസ് എന്നിവയിൽ ഫെലോ ആണ് ഡോ. മാഞ്ഞൂരാൻ.
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ നിരവധി പദവികളിൽ സേവനമനിഷ്ഠിച്ചിട്ടുണ്ട് ഇദ്ദേഹം. യു എസ് ടെക്നോളജി ബോർഡ്, ബോർഡ് ഓഫ് മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (MIT), യൂണിവേഴ്സിറ്റി ഓഫ് ഷിക്കാഗോയിൽ ബോർഡ് ഓഫ് ട്രസ്റ്റിയായും വെർജീനിയ ടെക്-ൽ ബോർഡ് ഓഫ് വിസിറ്റർ ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഔട്ട് സ്റ്റാന്റിങ് ഇന്ത്യൻ അമേരിക്കൻ അവാർഡ്, ഔട്ട് സ്റ്റാന്റിങ് യൂണിവേഴ്സിറ്റി ഓഫ് ഫ്ളോറിഡ അലുമിനി (MSE) അവാർഡ്, ഔട്ട് സ്റ്റാന്റിങ് വെർജീനിയ ടെക് അലുമിനി (ISA) അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങളും ഡോ. മാഞ്ഞൂരാനെ തേടി എത്തിയിട്ടുണ്ട്.
ASM INTERNATIONAL എന്ന സൊസൈറ്റി, 110 വർഷത്തിലധികം പഴക്കമുള്ളതും ലോകത്തിലെതന്നെ ഏറ്റവും വലിയ, ഏകദേശം 17,000 അധികം അംഗങ്ങളുള്ള ടെക്നിക്കൽ പ്രഫഷനുകളുടെ ഒരു കൂട്ടായ്മയുമാണ്. ഈ തിരക്കുകൾക്കിടയിലും ഒർലാണ്ടോ യിലെ സാമൂഹിക സാംസ്കാരിക മേഖലകളിലും സംഘടനകളുടെ ചാരിറ്റി പ്രവർത്തനങ്ങളിലും നിറസാന്നിധ്യമാണ് ഡോ. നവീൻ മാഞ്ഞൂരാൻ എന്ന നമ്മുടെ കൊച്ചിക്കാരൻ.