തലശ്ശേരി: കണ്ണൂര്‍ മുന്‍ എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി അറസ്റ്റിലായി ജയിലിൽ കഴിയുന്ന കണ്ണൂർ ജില്ല മുൻ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ ജാമ്യാപേക്ഷയില്‍ ഇരുവിഭാഗത്തിന്റെയും വാദം പൂർത്തിയായി. തലശ്ശേരി സെഷൻസ് കോടതിയാണ് കേസ് പരിഗണിച്ചത്. കേസിൽ വാദം പൂർത്തിയാക്കിയ കോടതി വെള്ളിയാഴ്ച വിധി പറയും.
ദിവ്യ സമർപ്പിച്ച ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് മരണപ്പെട്ട നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയും കേസിൽ കക്ഷി ചേർന്നിട്ടുണ്ട്. വിശദമായ വാദം പൂർത്തിയാക്കിയ കോടതി ജാമ്യാപേക്ഷയിൽ വിധി പറയുന്നതിനായി വെള്ളിയാഴ്ചത്തേക്ക് മാറ്റി വെക്കുകയായിരുന്നു. തനിക്ക് തെറ്റുപറ്റിയെന്ന് കളക്ടറോട് നവീൻ ബാബു പറഞ്ഞിരുന്നു എന്നും, തെറ്റുപറ്റിയെന്ന് പറയുന്നത് പണം വാങ്ങിയതിന് തുല്യമാണെന്നും, സംരംഭകനായ പ്രശാന്ത് പമ്പ് സ്ഥാപിക്കുന്നതിനായി എഡിഎമ്മിന് കൈക്കൂലി കൊടുത്തതായി ഡിഎംഇയുടെ റിപ്പോർട്ടുണ്ടെന്നും ദിവ്യയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു.
ഇതുകൂടാതെ ദിവ്യ അന്വേഷണവുമായി സഹകരിച്ചിട്ടുണ്ട് എന്നും പോലീസിൽ കീഴടങ്ങി എന്നും ദിവ്യയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. കലക്ടറോട് നവീൻ ബാബു കുറ്റസമ്മതം നടത്തി എന്ന ദിവ്യയുടെ വാദം തെറ്റാണെന്നും രണ്ടുതവണ നോട്ടീസ് നൽകിയിട്ടും ദിവ്യ ഹാജരായില്ല എന്നും അന്വേഷണവുമായി സഹകരിച്ചിട്ടില്ല എന്നും വ്യക്തമാക്കിയ നവീൻ ബാബുവിന്റെ കുടുംബത്തിന്റെ അഭിഭാഷകൻ കൈക്കൂലി കൊടുത്തെങ്കിൽ എന്തുകൊണ്ട് പ്രശാന്തിനെതിരെ നടപടിയില്ല എന്നും മാനസിക ഐക്യം ഇല്ലാത്ത ആളോട് ആരെങ്കിലും കുറ്റസമ്മതം നടത്തുമോയെന്നും അദ്ദേഹം ചോദിച്ചു.
നിലവിൽ പള്ളിക്കുന്ന് വനിതാ ജയിലിൽ കഴിയുന്ന പി പി ദിവ്യ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യ അപേക്ഷ തള്ളിയതോടെയാണ് പോലീസിൽ കീഴടങ്ങിയത്.