നീരേറ്റുപുറം: രാഷ്ട്രീയ സാംസ്ക്കാരിക അഭിഭാഷക രംഗത്ത് ശ്രദ്ധേയനായ ചാത്തങ്കേരി നീരാഞ്ജനത്തിൽ അഡ്വ. സതീഷ് ചാത്തങ്കേരി (50) യുടെ വേർപാട് ജലോത്സവ പ്രേമികള്‍ക്ക് നികത്താനാവാത്ത നഷ്ടമാണ്. പത്തനംതിട്ട ഡിസിസി സെക്രട്ടറി, തിരുവല്ല ബാർ അസോസിയേഷൻ പ്രസിഡന്റ്, പെരിങ്ങര സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡൻ്റ്, ചാത്തങ്കേരി എൻഎസ്എസ് കരയോഗം പ്രസിഡൻ്റ്, ഐഎൻടിയുസി ജില്ലാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുമ്പോഴും നീരേറ്റുപുറം പമ്പാ ബോട്ട് ക്ലബ് ജനറൽ കൺവീനർ ആയി നല്‍കിയ സേവനങ്ങള്‍ ജലോത്സവ പ്രേമികളുടെ ഹൃദയത്തിൽ എക്കാലവും സ്മരിക്കപ്പെടും. സഹപ്രവർത്തകന്റെ വേർപാട് വിശ്വസിക്കാന്‍ അവർക്ക് കഴിയുന്നില്ല. വള്ളംക്കളി രംഗത്ത് ചിട്ടയായ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ മുൻനിരയിൽ തന്നെയായിരുന്ന അഭിഭാഷകരായ സതീഷ് ചാത്തങ്കേരിയും ബിജു സി ആന്റണിയും ഇനി ഓർമ്മകളിൽ മാത്രം.
ഡി. രാധാകൃഷ്ണ പിള്ളയുടെയും പ്രൊഫ. എം. ബി. രാധാമണിയമ്മയുടെയും മകനാണ് അഡ്വ. സതീഷ് ചാത്തങ്കേരി. പന്തളം എൻഎസ്എസ് കോളജ് കെമിസ്ട്രി വിഭാഗം അദ്ധ്യാപിക ഡോ. രഞ്ജുഷയാണ് ഭാര്യ. നിരഞ്ചന, നീരജ് എന്നിവരാണ് മക്കൾ.
സംസ്ക്കാരം നാളെ (വ്യാഴാഴ്ച) ഉച്ച കഴിഞ്ഞ് 3:00 മണിക്ക് നടക്കും. സഹപ്രവർത്തകന്റെ വേർപാടിൽ പമ്പ ബോട്ട് റേസ് ക്ലബ് എക്സിക്യൂട്ടീവ് കമ്മിറ്റി, മാമ്മൻ മാപ്പിള ട്രോഫി പമ്പ ജലോത്സവം സമിതി വർക്കിംഗ് പ്രസിഡൻ്റ് വിക്ടർ ടി തോമസ്, സെക്രട്ടറി പുന്നൂസ് ജോസഫ് , ജനറൽ കൺവീനർ അഡ്വ. ഉമ്മൻ എം മാത്യു എന്നിവർ അനുശോചിച്ചു.
നീരേറ്റുപുറം തിരുവോണം ജലോത്സവ സമിതിയുടെ നേതൃത്വത്തിൽ നാളെ വൈകീട്ട് 5:00 മണിക്ക് നീരേറ്റുപുറം എഎൻസി ജംഗ്‌ഷനില്‍ അനുസ്മരണ യോഗം നടക്കുമെന്ന് സമിതി ജനറൽ സെക്രട്ടറി കൺവീനർ പ്രകാശ് പനവേലി അറിയിച്ചു.