ഹോട്ടലിലെത്തിയ ഫെനി നൈനാന്റെ നീല ട്രോളി ബാഗില്‍ പണമുണ്ടായിരുന്നു എന്ന് സിപിഐഎം

പാലക്കാട്: കള്ളപ്പണ വിവാദം കൊടുമ്പിരിക്കൊണ്ടിരിക്കേ, നിര്‍ണ്ണായക തെളിവാണെന്ന് പ്രഖ്യാപിച്ച് സിപിഐഎം സിസി ടിവി ദൃശ്യങ്ങള്‍ പുറത്തു വിട്ടു. ഒരു നീല ട്രോളി ബാഗുമായി യൂത്ത് കോൺഗ്രസ് നേതാവ് ഫെനി നൈനാൻ ഹോട്ടലിൽ എത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്. എന്നാല്‍, ബാഗിൽ പണമുണ്ടോയെന്ന് വ്യക്തമല്ല. ആ നീല നിറത്തിലുള്ള ബാഗിലാണ് പണം എത്തിച്ചതെന്നാണ് സിപിഎമ്മിന്റെ ആരോപണം.

ഇന്നലെ രാത്രി പാലക്കാട് റെയ്ഡ് നടന്ന ഹോട്ടലിലെ 10.11 മുതല്‍ 11.30 വരെയുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. ദൃശ്യങ്ങളില്‍ ഫെനി നൈനാന് പുറമേ രാഹുല്‍ മാങ്കൂട്ടത്തില്‍, ഷാഫി പറമ്പില്‍, വി കെ ശ്രീകണ്ഠന്‍, ജ്യോതികുമാര്‍ ചാമക്കാല എന്നിവരുമുണ്ട്.

വി കെ ശ്രീകണ്ഠന്‍ വാഷ് റൂമിലേക്കും മറ്റുള്ളവര്‍ കോണ്‍ഫറന്‍സ് റൂമിലേക്കും പോകുന്നത് കാണാം. 10.32 ഓടെ രാഹുല്‍ മാങ്കൂട്ടത്തിലും ഹോട്ടലില്‍ എത്തി. 10.39 ഓടെ രാഹുല്‍ മാങ്കൂട്ടത്തില്‍ കോണ്‍ഫറന്‍സ് റൂമിലേക്ക് പ്രവേശിക്കുന്നു. തൊട്ടുപിന്നാലെ ഫെനി നൈനാന്‍ കോറിഡോറിലൂടെ നടന്ന് കോണ്‍ഫറന്‍സ് റൂമിലേക്ക് വരുന്നത് കാണാം. ഈ സമയം ഫെനിയുടെ കൈയ്യില്‍ മേല്‍‌പറഞ്ഞ ബാഗ് ഇല്ല എന്നതും സിസിടിവിയില്‍ കാണാം.

ശേഷം 10.53 ന് ഫെനി നൈനാന്‍ പുറത്തേക്ക് പോകുന്നത് കാണാം. 10.54 ന് ഫെനി നൈനാന്‍ തിരിച്ച് കയറി വരുമ്പോള്‍ കൈയില്‍ നീല ട്രോളി ബാഗ് കാണാം. ഇതിന് ശേഷം ഫെനി നൈനാന്‍ പെട്ടിയുമായി കോണ്‍ഫറന്‍സ് ഹാളില്‍ എത്തുന്നു. 10.55 ഓടെ ഫെനി പുറത്തിറങ്ങുന്നു. തൊട്ടുപിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലും ഷാഫി പറമ്പിലും പുറത്തിറങ്ങി അല്‍പ നേരം സംസാരിക്കുന്നത് വീഡിയോയിലുണ്ട്.

അതിന് ശേഷം ജ്യോതി കുമാര്‍ ചാമക്കാലയും പുറത്തിറങ്ങുന്നു. രാഹുല്‍ മടങ്ങുമ്പോള്‍ ജ്യോതി കുമാറും ഷാഫിയും വീണ്ടും കോണ്‍ഫറന്‍സ് റൂമിലേയ്ക്ക് കയറുകയാണ്. ഈ സമയം രാഹുലും ഫെനിയും പുറത്തേയ്ക്കും പോകുന്നു. ഫെനിയുടെ കൈയ്യില്‍ നീല ട്രോളി ബാഗിന് പുറമേ മറ്റൊരു ബാഗും കാണാം.

10.59 കഴിഞ്ഞ് 50 സെക്കന്‍ഡാകുമ്പോള്‍ ഫെനി നൈനാന്‍ വീണ്ടും ഹോട്ടലിലേയ്ക്ക് പ്രവേശിക്കുന്നത് കാണാം. പിന്നാലെ ബോര്‍ഡ് റൂമിന് സമീപുള്ള മുറിയിലേക്കാണ് ഫെനി പോകുന്നത്. പതിനൊന്ന് മണിയോടെ ഫെനിയും മറ്റൊരാളും ചേര്‍ന്ന് മുറിയില്‍ നിന്ന് പുറത്തേയ്ക്ക് വരുന്നു.

ഫെനിക്കൊപ്പമുള്ള ആളുടെ കൈയില്‍ ഒരു പെട്ടികാണാം. ഇതിന് ശേഷം ഫെനി പുറത്തേയ്ക്ക് പോകുകയാണ്. അതേസമയം കോണ്‍ഫറന്‍സ് ഹാളിലേയ്ക്ക് എന്തിന് പെട്ടി എത്തിച്ചു എന്ന കാര്യം ഇനിയും വ്യക്തമല്ല. കോണ്‍ഫറന്‍സ് ഹാളില്‍ എന്താണ് സംഭവിച്ചതെന്നറിയാന്‍ അവിടെ സിസിടിവി ഇല്ല.

ആദ്യം എടുക്കാതിരുന്ന ട്രോളി ബാഗ് പിന്നീട് എടുത്തത് എന്തിനെന്ന ചോദ്യമാണ് ദൃശ്യങ്ങളില്‍ നിന്ന് ഉയരുന്നത്. കോണ്‍ഫറന്‍സ് ഹാളിലേക്ക് ഡ്രസ് ഉള്‍പ്പെടുന്ന ബാഗ് എന്തിന് കൊണ്ടുപോയെന്നാണ് സിപിഐഎം നേതാക്കള്‍ ഉന്നയിക്കുന്ന മറ്റൊരു ചോദ്യം. എന്നാല്‍ ബാഗില്‍ പണമുണ്ടെന്ന് തെളിയിച്ചാല്‍ തന്റെ പ്രചാരണം അവസാനിപ്പിക്കാമെന്നാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വെല്ലുവിളി.

Print Friendly, PDF & Email

Leave a Comment

More News