മലപ്പുറം: എണ്ണായിരത്തോളം വിദ്യാർത്ഥിനികളും യുവതികളും പങ്കെടുക്കുന്ന ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻ്റെ മലപ്പുറം ജില്ലാ സമ്മേളനത്തിന് തയ്യാറെടുപ്പുകൾ പൂർത്തിയായി. 40 വർഷം പിന്നിടുന്ന ജി ഐ ഒയുടെ സംഘടനാ ശാക്തീകരണത്തിൽ നിർണായക പങ്കുവഹിക്കുന്നതായിരിക്കും ജി.ഐ ഒ ജില്ലാ സമ്മേളനം. ‘ഇസ്ലാം: വിമോചന പോരാട്ടങ്ങളുടെ നിത്യ പ്രചോദനം’ എന്ന തലക്കെട്ടിൽ 2024 നവംബർ 9 ശനിയാഴ്ച മലപ്പുറത്തെ വാറങ്കോടാണ് ജില്ലാ സമ്മേളനം നടക്കുന്നത്.
ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ സെക്രട്ടറി ജനറൽ ടി. ആരിഫലി സമ്മേളനം ഉദ്ഘാടനം ചെയ്യും. ജി ഐ ഒ സംസ്ഥാന പ്രസിഡന്റ് അഡ്വ. തമന്ന സുൽത്താന മുഖ്യാതിഥിയായി സംസാരിക്കും. സാമൂഹ്യ പ്രവർത്തക റൈഹാന കാപ്പൻ, ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ, ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം സംസ്ഥാന സമിതിയംഗം പി. റുക്സാന, ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ലാ പ്രസിഡന്റ് ഡോ. നഹാസ് മാള, വനിതാ വിഭാഗം ജില്ലാ പ്രസിഡൻ്റ് സാജിദ സി എച്ച്, എന്നിവർ പൊതുസമ്മേളനത്തിൽ പങ്കെടുക്കും.
ഉച്ചക്ക് ശേഷം 3 മണിക്ക് മലപ്പുറം കോട്ടപ്പടിയിൽ നിന്നാരംഭിക്കുന്ന റാലിയിൽ അയ്യായിരത്തിലധികം വിദ്യാർത്ഥിനികളും യുവതികളും അണിനിരക്കും. മലബാർ വിവേചനത്തിനെതിരെയുള്ള പ്രതിഷേധവും ഫലസ്തീൻ വിമോചന പോരാട്ടത്തോടുള്ള ഐക്യദാർഡ്യവും നവ ലിബറിസ്റ്റ് നയങ്ങൾക്കെതിരെയുള്ള വിയോജിപ്പുകളും റാലിയിൽ ഉയർത്തും. ഫലസ്തീനികൾക്കെതിരെ ഇസ്രായേൽ നടത്തുന്ന വംശീയ ഉന്മൂലനത്തിനെതിരെ പ്രതിഷേധ കലാവിഷ്ക്കാരവും സമ്മേളനത്തിന് ഭാഗമാണ്. വഖഫ് ഭേദഗതി നിയമത്തിനെതിരെയും മലബാർ വിവേചനത്തിനെതിരെയും പ്രമേയങ്ങൾ അവതരിപ്പിക്കും.
മലപ്പുറം ജില്ലയുടെ സംസ്കാരവും ചരിത്രവും വിളിച്ചോതുന്ന സമ്മേളന നഗരിയിൽ ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷനെ പരിചയപ്പെടുത്തുന്ന സ്റ്റാളും ഒരുക്കിയിട്ടുണ്ട്.
1984 മാർച്ച് 5 ന് രൂപീകൃതമായ ജി.ഐ.ഒ ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാർഥിനി വിഭാഗമാണ്. വിദ്യാർത്ഥിനികളെയും യുവതികളെയും ശാക്തീകരിക്കുക, കാമ്പസിലും പൊതു സമൂഹത്തിലും ക്രിയാത്മകമായ ഇടപെടലുകൾ നടത്തുക, പെൺകുട്ടികൾ നേരിടുന്ന വ്യക്തിഗതവും സാമൂഹികവുമായ പ്രശ്നങ്ങൾ അഡ്രസ്സ് ചെയ്യുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് Gio പ്രവർത്തിക്കുന്നത്.
മലപ്പുറം പ്രസ്സ് ക്ലബ്ബിൽ നടന്ന പത്രസമ്മേളനത്തിൽ ജില്ലാ പ്രസിഡൻ്റ് ടി. ജന്നത്ത്, ജനറൽ സെക്രട്ടറി നഹ്ല സാദിഖ്, സമ്മേളന കൺവീനർ നസീഹ പി, വൈസ് പ്രസിഡന്റ് നഈമ നജീബ്, സെക്രട്ടറി അഫ്ല റഹ്മാൻ തുടങ്ങിയവർ പങ്കെടുത്തു.