കേരളത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഫുഡ് ആൻഡ് സേഫ്റ്റി വിഭാഗവും, ഹെൽത്ത് ഡിപ്പാർട്ട്മെൻറും സംയുക്തമായി നടത്തിവരുന്ന പരിശോധനകൾ വൻകിട കുത്തകളെ സഹായിക്കാനുള്ള നിലപാടാണന്നും ഈ മേഖലയിലേക്ക് കടന്നുവരുന്ന ചെറുകിട സംരംഭകരെയും യുവാക്കളായ പാചക തൊഴിലാളികളെയും ഹെൽത്ത് കാർഡിന്റെയും എഫ്എസ്എസ് ഐ, പഞ്ചായത്ത് മുതലായ ലൈസൻസുകളുടെ പേരിലും ഭീമമായ പിഴ ചുമത്തിക്കൊണ്ട് കേരളത്തിലെ തന്നെ വളർന്നുവരുന്ന ചെറുകിട കാറ്ററിംഗ് സ്ഥാപനങ്ങളെ ഇല്ലാതാക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്നും വൻകിടക്കാർക്ക് ഈ മേഖലയിൽ കടന്നു കയറാനുള്ള വഴിയൊരുക്കി കൊടുക്കുകയും ഹെൽത്ത് കാർഡ് ലഭ്യമാക്കാനുള്ള നടപടിക്രമങ്ങൾ സാധാരണക്കാർക്ക് താങ്ങാൻ പറ്റാത്ത രീതിയിലേക്ക് മാറ്റുകയും ആവർത്തിച്ച് ടൈഫോയ്ഡ് വാക്സിൻ എടുക്കുമ്പോളുണ്ടാകുന്ന ആരോഗ്യ പ്രതിസന്ധികളെ കുറിച്ച് തൊഴിലാളികൾക്കിടയിൽ ബന്ധപ്പെട്ട ഡിപ്പാർട്ട്മെൻറ് തൊഴിലാളികൾക്ക് ബോധവൽക്കരണം നൽകുകയും ചെയ്യണമെന്ന് *കാറ്ററിംഗ് & ഹോട്ടൽ വർക്കേഴ്സ് യൂണിയൻ (FITU* ) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
സ്വതന്ത്രമായി തൊഴിലെടുക്കുന്നവർ ഹെൽത്ത് കാർഡ് ഉള്ളവരാണങ്കിലും ഇത്തരം തൊഴിലാളികളെ ജോലി ചെയ്യുവാൻ സമ്മതിക്കാത്ത സമീപനമാണ് അധികാരികളുടെ ഭാഗത്തു നിന്നുണ്ടാകുന്നത്.
ദിവസ വരുമാനത്തിൽ ജീവിക്കുന്ന ഇത്തരം തൊഴിലാളികളെ വലിയ പ്രതിസന്ധിയിലാക്കുന്ന ഇത്തരം സർക്കാർ നടപടികൾക്കെതിരെ *കേറ്ററിംഗ് & ഹോട്ടൽ വർക്കേഴ്സ് യൂണിയൻ* സമാന ചിന്താഗതിക്കാരായ മുഴുവൻ ആളുകളുടെയും സംഘടിപ്പിച്ചു കൊണ്ട് ശക്തമായ സമരത്തിനറങ്ങുമെന്നും സംസ്ഥാന പ്രസിഡണ്ട് ഉസ്മാൻ മുല്ലക്കര മലപ്പുറം ഫാറൂഖ് മെമ്മോറിയൽ ഹാളിൽ ചേർന്ന സംസ്ഥാന കമ്മറ്റി യോഗത്തിൽ പ്രഖ്യാപിച്ചു. സംസ്ഥാന സെക്രട്ടറി കെ എം കുട്ടി വളാഞ്ചേരി അദ്ധ്യക്ഷത വഹിച്ചു.