കണ്ണൂര്‍: കണ്ണൂര്‍ എ ഡി എം നവീന്‍ ബാബുവിന്റെ ആത്മഹത്യാ കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിഞ്ഞിരുന്ന പി പി ദിവ്യക്ക് കോടതി ജാമ്യമനുവദിച്ചു. ഇന്നലെയാണ് പിപി ദിവ്യ ജയില്‍ മോചിതയായത്. പതിനൊന്നു ദിവസത്തോളമാണ് അവര്‍ ജയിലിലി കഴിഞ്ഞത്. എന്നാല്‍ ജയില്‍ മോചിതയായ ദിവ്യയെ കാണാന്‍ സി.പി.എം പ്രമുഖ നേതാക്കളാരും എത്തിയില്ല.
പാര്‍ട്ടി ഏരിയാ സമ്മേളനങ്ങളുടെ തിരക്ക് കാരണമാണ് നേതാക്കള്‍ എത്താതിരുന്നതെന്നാണ് സൂചന. എന്നാല്‍, എ.ഡി.എം നവീന്‍ ബാബുവിന്റെ ആത്മഹത്യാ കേസില്‍ പള്ളിക്കുന്നിലെ വനിതാ ജയിലില്‍ കഴിഞ്ഞിരുന്ന ദിവ്യക്ക് ജാമ്യം ലഭിച്ചത് സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം ആശ്വാസകരമാണ്.
ദിവ്യ ഇപ്പോഴും പാര്‍ട്ടി കേഡര്‍ തന്നെയാണെന്നും നേതാക്കള്‍ക്ക് അവരെ കാണുന്നതില്‍ യാതൊരു വിലക്കില്ലെന്നും ജാമ്യം ലഭിച്ചതിനു ശേഷം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പ്രതികരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ജില്ലാ നേതാക്കളില്‍ പലരും ദിവ്യയെ കാണാന്‍ ജയിലില്‍ എത്തിയത്.
ജയില്‍ മോചന ദിനത്തില്‍ ദിവ്യയെ സന്ദര്‍ശിക്കാനെത്തിയത് വളരെ ചുരുക്കം നേതാക്കള്‍ ആയിരുന്നു. ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാക്കളായ എന്‍. സുകന്യ, പി.കെ ശ്യാമള, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യന്‍, ജില്ലാ പഞ്ചായത്തംഗം കെ. വി ബിജു, കല്യാശേരി ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി. ഷാജര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി. വി ഗോപിനാഥ് തുടങ്ങിയവരാണ് ദിവ്യയെ കാണാന്‍ എത്തിയത്.
ജാമ്യം അനുവദിച്ചു കൊണ്ടുളള കോടതി ഉത്തരവുമായി പാര്‍ട്ടി അഭിഭാഷകനായ കെ. വിശ്വനാണ് വനിതാ ജയില്‍ കവാടത്തിലെത്തിയത്. ഇദ്ദേഹത്തിന്റെ കാറില്‍ തന്നെയാണ് ദിവ്യ ഇരിണാവിലെ വീട്ടിലേക്ക് മടങ്ങിയത്.