‘പ്രത്യേക പതാകയും ഭരണഘടനയും…’: കേന്ദ്ര സർക്കാരിന് നാഗാ വിമത സംഘടനയുടെ ഭീഷണി

കൊഹിമ: നാഗാ രാഷ്ട്രീയ പ്രശ്‌നത്തിലെ സ്തംഭനാവസ്ഥ പരിഹരിക്കാൻ എൻഎസ്‌സിഎൻ-ഐഎം (നാഷണൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലാൻഡ്- ഇസക് മുയ്വ) മൂന്നാം കക്ഷി ഇടപെടൽ ആവശ്യപ്പെട്ടു. ഇതിനുപുറമെ, ഇന്ത്യയ്‌ക്കെതിരെ അക്രമാസക്തമായ സായുധ പ്രതിരോധം പുനരാരംഭിക്കുമെന്ന് ഭീഷണിപ്പെടുത്തി നാഷണൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലാൻഡിൻ്റെ (എൻഎസ്‌സിഎൻ-ഐഎം) ഇസക്-മുയ്വ വിഭാഗം പ്രസ്താവന ഇറക്കിയിട്ടുണ്ട്.

2015ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ ചട്ടക്കൂട് കരാറിൽ ഒപ്പുവെച്ചതിന് ശേഷം ആദ്യമായാണ് അക്രമാസക്തമായ സായുധ സംഘട്ടനത്തിൻ്റെ ഭീഷണി ഉയർന്നത്. 2015 ഓഗസ്റ്റ് മൂന്നിന് ഒപ്പുവച്ച ചട്ടക്കൂട് കരാറുമായി ബന്ധപ്പെട്ട് കേന്ദ്രം വഞ്ചന കാട്ടിയെന്നാണ് സംഘം ആരോപിക്കുന്നത്.

ചരിത്രപരമായ കരാറിലെ പ്രധാന വ്യവസ്ഥകൾ, പ്രത്യേകിച്ച് നാഗ ദേശീയ പതാകയെയും ഭരണഘടനയെയും അംഗീകരിക്കാൻ കേന്ദ്രം മനഃപൂർവം വിസമ്മതിക്കുകയാണെന്ന് അവകാശപ്പെടുന്നതായി എൻഎസ്‌സിഎൻ-ഐഎം ജനറൽ സെക്രട്ടറി ടി മുയ്വ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഈ പ്രതിബദ്ധതകളെ മാനിക്കാത്തത് സമാധാന പ്രക്രിയയെ തകർക്കുമെന്നും അദ്ദേഹം പറഞ്ഞു. ചട്ടക്കൂട് ഉടമ്പടി പാലിക്കുന്നതിൽ കേന്ദ്രത്തിൻ്റെ പരാജയം പുതിയ അക്രമാസക്തമായ ഏറ്റുമുട്ടലിലേക്ക് നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തടസ്സം പരിഹരിക്കാൻ മൂന്നാം കക്ഷി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നാഗന്മാരുടെ തനതായ ചരിത്രം, പരമാധികാരം, സ്വാതന്ത്ര്യം, പ്രദേശം, പതാക, ഭരണഘടന എന്നിവ സംരക്ഷിക്കാൻ എൻഎസ്‌സിഎൻ എന്തും ചെയ്യുമെന്ന് എൻഎസ്‌സിഎൻ ജനറൽ സെക്രട്ടറിയും ചീഫ് പൊളിറ്റിക്കൽ ഇൻ്റർലോക്കുട്ടറുമായ ടി.മുയ്‌വ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

ടി.മുയ്‌വയുടെ പേരിലുള്ള ഈ പ്രസ്താവന അദ്ദേഹത്തിൻ്റെ ചൈന ആസ്ഥാനമായുള്ള രണ്ട് കൂട്ടാളികളായ ഫണ്ടിംഗ് ഷിംരെയും പാംഷിൻ മുയ്‌വയും ചേർന്നാണ് തയ്യാറാക്കിയതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. 90 കാരനായ മുയ്‌വ അസുഖബാധിതനാണെന്നും, സർക്കാരുമായി അടുത്തിടെ നടന്ന ചർച്ചകളിൽ അദ്ദേഹം പങ്കെടുത്തിട്ടില്ലെന്നും ഉറവിടം അറിയിച്ചു. ദിമാപൂരിലെ ഹെബ്രോൺ ക്യാമ്പിലെ വസതിയിലാണ് അദ്ദേഹം ഇപ്പോൾ.

1997-ൽ 12 ലക്ഷം നാഗാകളെ ഒന്നിപ്പിക്കാൻ അയൽ സംസ്ഥാനങ്ങളായ അസം, മണിപ്പൂർ, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിൽ നാഗാ ആധിപത്യം പുലർത്തുന്ന പ്രദേശങ്ങൾ സംയോജിപ്പിച്ച് ‘ഗ്രേറ്റർ നാഗാലാൻഡ്’ അല്ലെങ്കിൽ നാഗാലിം സൃഷ്ടിക്കണമെന്ന് NSCN ഒപ്പിട്ട കരാറില്‍ ആവശ്യപ്പെടുന്നു.

Print Friendly, PDF & Email

Leave a Comment

More News