നിയുക്ത യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപുമായി സംസാരിച്ച ഫലസ്തീൻ പ്രസിഡൻ്റ് മഹ്മൂദ് അബ്ബാസ്, സമാധാനം കൈവരിക്കുന്നതിന് അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചു. വെള്ളിയാഴ്ചയാണ് ഇരുവരും ഫോണ്‍ സംഭാഷണം നടത്തിയത്.
ഈ ആഴ്ച ആദ്യം നടന്ന തിരഞ്ഞെടുപ്പ് വിജയത്തില്‍ ട്രംപിന് അഭിനന്ദനങ്ങൾ അറിയിച്ച അബ്ബാസിനോട് ട്രംപ് ഇക്കാര്യം പറഞ്ഞതായി അദ്ദേഹത്തിന്റെ ഓഫീസ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവന ഫലസ്തീന്‍ വാര്‍ത്താ ഏജന്‍സി വഫയാണ് റിപ്പോര്‍ട്ട് ചെയ്തത്.
ചൊവ്വാഴ്ച നടന്ന പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ഡമോക്രാറ്റിക് പാർട്ടിയുടെ വൈസ് പ്രസിഡൻ്റ് കമലാ ഹാരിസിനെയാണ് ട്രംപ് പരാജയപ്പെടുത്തിയത്. ജനുവരി 20ന് അദ്ദേഹം ഔദ്യോഗികമായി സ്ഥാനം ഏറ്റെടുക്കും.
അന്താരാഷ്‌ട്ര നിയമസാധുതയിൽ അധിഷ്‌ഠിതവും സമഗ്രവുമായ സമാധാനം കൈവരിക്കാൻ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ തയ്യാറാണെന്ന് അബ്ബാസ് ട്രംപിനോട് പറഞ്ഞു.
ഗാസയിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷം അവസാനിപ്പിക്കാൻ താൻ പ്രതിജ്ഞാബദ്ധനാണെന്ന് ട്രംപ് അബ്ബാസിനോട് പറഞ്ഞതായി റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേർത്തു.
അടിയന്തര വെടിനിർത്തൽ ആവശ്യപ്പെട്ട് യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം വന്നിട്ടും കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ഇസ്രായേൽ ഗാസയിൽ വിനാശകരമായ ആക്രമണം തുടരുകയാണ്.
പ്രാദേശിക ആരോഗ്യ അധികാരികളുടെ കണക്കനുസരിച്ച് 43,500-ലധികം ആളുകൾ കൊല്ലപ്പെട്ടു, കൂടുതലും സ്ത്രീകളും കുട്ടികളും, 102,700-ലധികം പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു.