അനധികൃത കുടിയേറ്റക്കാരെ നാടു കടത്തുമെന്ന് പ്രഖ്യാപിച്ച നിയുക്ത പ്രസിഡന്റ് ട്രം‌പിന് പൂര്‍ണ്ണ പിന്തുണയുമായി വിവേക് രാമസ്വാമി

വാഷിങ്ടൺ: അനധികൃത കുടിയേറ്റക്കാരെ നാടുകടത്താനുള്ള നിയുക്ത അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ പദ്ധതിക്ക് ഇന്ത്യൻ വംശജനായ വിവേക് ​​രാമസ്വാമി പൂർണ പിന്തുണ അറിയിച്ചു. രാജ്യത്തെ നിയമപരമായ കുടിയേറ്റ സംവിധാനം തകർന്നിരിക്കുന്നു. നിയമം ലംഘിച്ച് അമേരിക്കയിലേക്ക് കുടിയേറിയവർക്ക് ഇവിടെ തുടരാൻ അവകാശമില്ലെന്നും തിരികെ പോകണമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി അമേരിക്കയിൽ പ്രവേശിച്ചിട്ടും രാജ്യത്ത് സ്ഥിരതാമസമാക്കാൻ കഴിയാത്തവരെയും കുറ്റവാളികളായ അനധികൃത കുടിയേറ്റക്കാരെയും നാടുകടത്തണം. അങ്ങനെ ചെയ്യുന്നത് ലോകത്തിലെ ഏറ്റവും വലിയ കൂട്ട നാടുകടത്തലായിരിക്കും. അനധികൃത കുടിയേറ്റക്കാരെ സഹായിക്കുന്നത് സർക്കാർ അവസാനിപ്പിച്ചാൽ ആളുകൾ സ്വയം പലായനം ചെയ്യുന്നതും നിങ്ങൾ കാണുമെന്നും വിവേക് ​​രാമസ്വാമി പറഞ്ഞു.

രാജ്യത്തെ ഒന്നിപ്പിക്കാനാണ് ട്രംപ് ആഗ്രഹിക്കുന്നത്. അതാണ് അദ്ദേഹത്തിന്‍റെ ഏറ്റവും വലിയ ലക്ഷ്യവും. കുടുംബാംഗങ്ങളില്‍ നിന്നോ സുഹൃത്തുക്കളില്‍ നിന്നോ സഹപ്രവര്‍ത്തകരില്‍ നിന്നോ വ്യത്യസ്‌തമായി വോട്ടു ചെയ്‌ത ആളുകള്‍ക്ക് തിരികെ ഒരു സ്ഥലത്ത് ഒരുമിച്ചിരിക്കാനും, എല്ലാത്തിനും അവസാനം നമ്മള്‍ അമേരിക്കക്കാരാണെന്ന് പറയാനും കഴിയണം എന്നാണ് ട്രംപ് ആഗ്രഹിക്കുന്നത്. ആദ്യ ഭരണ കാലത്ത് നിന്ന് ട്രംപ് ഒരുപാട് കാര്യങ്ങൾ പഠിച്ചു. ആദ്യ ടേമിൽ ചെയ്യാൻ കഴിയാതിരുന്ന കാര്യങ്ങള്‍ ഈ ടേമില്‍ അദ്ദേഹം പൂര്‍ത്തിയാക്കുമെന്ന് താന്‍ കരുതുന്നുവെന്നും അത് നല്ല കാര്യമാണെന്നും വിവേക് രാമസ്വാമി വ്യക്തമാക്കി.

ഇപ്പോഴത്തെ റിപ്പബ്ലിക്കൻ പാർട്ടി വംശീയ തൊഴിലാളിവർഗ പാര്‍ട്ടിയാണ്. കറുത്ത വര്‍ഗക്കാരും, ഹിസ്‌പാനിക് വിഭാഗത്തില്‍പ്പെട്ടവരും യുവാക്കളും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് വേണ്ടി വോട്ടു ചെയ്യുന്നത് നമ്മള്‍ കണ്ടു. അതൊരു വലിയ കാര്യമാണ്. കൂടാതെ പഴയ റിപ്പബ്ലിക്കൻ യാഥാസ്ഥിതികത ചിന്തകളില്‍ നിന്ന് വ്യത്യസ്‌തമാണ് ഇപ്പോഴത്തെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ആശയങ്ങള്‍.

അഭിപ്രായത്തിനുള്ള സ്വതന്ത്രം, സെൻസർഷിപ്പില്‍ നിന്നുളള സംരക്ഷണം, മെറിറ്റോക്രസി (യോഗ്യത അനുസരിച്ച് തെരഞ്ഞെടുക്കപ്പെട്ട ആളുകൾ ഭരിക്കുന്ന ഒരു സമൂഹം), മൂന്നാം ലോകമഹായുദ്ധത്തിൽ നിന്നുളള വിട്ടുനിൽക്കൽ തുടങ്ങിയവയില്‍ അതിഷ്‌ഠിതമാണ് പുതിയ റിപ്പബ്ലിക്കന്‍ നയങ്ങള്‍. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾ പുനസ്ഥാപിക്കുന്നതിനായി വ്യത്യസ്‌ത വിഭാഗത്തില്‍പ്പെട്ട അമേരിക്കന്‍ ജനതയെ ഒരുമിച്ച് കൊണ്ടുവരാന്‍ സഹായിക്കുന്ന കാര്യങ്ങളാണിവ.

അമേരിക്കന്‍ പ്രസിഡന്‍റ് എന്ന പദത്തിന്‍റെ യഥാർഥ അർഥത്തിലുളള പ്രസിഡന്‍റാകാന്‍ പോകുകയാണ് ഡൊണാൾഡ് ട്രംപ്. പ്രസിഡന്‍റ് ട്രംപ് തീരുമാനങ്ങളെടുക്കുന്നത് അദ്ദേഹത്തിന് പിന്നിലുളള ജനങ്ങളുടെ താത്‌പര്യങ്ങള്‍ക്കനുസരിച്ചായിരിക്കും, അല്ലാതെ അദ്ദേഹത്തിന് കീഴിലുള്ള തെരഞ്ഞെടുക്കപ്പെടാത്ത ബ്യൂറോക്രാറ്റിക് വർഗത്തിന്‍റെ താത്പര്യങ്ങള്‍ക്ക് അനുസരിച്ചായിരിക്കില്ല. ഇതാണ് പഴയ ജനാധിപത്യവാധികളെ മുതല്‍ സ്വാതന്ത്ര്യവാദികളെയും, പരമ്പരാഗത റിപ്പബ്ലിക്കൻമാരെവരെയും ഒന്നിപ്പിക്കുന്നത്.

ആളുകളുടെ ജീവിതം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന കാര്യങ്ങളിലാണ് ട്രംപ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഡൊണാൾഡ് ട്രംപിന് വോട്ട് ചെയ്യാത്ത ഡെമോക്രാറ്റുകളോട് തനിക്ക് പറയാനുളളത് നിങ്ങളുടെ ജീവിതം മികച്ചതാക്കാൻ അദ്ദേഹത്തിന് അവസരം നൽകുക എന്നതാണ്. തൊഴിലിടങ്ങളില്‍ ശമ്പള വര്‍ധനവുണ്ടാകും, സാധാനങ്ങളുടെ വില കുറയും, സുരക്ഷിതമായ അതിർത്തിയും നിങ്ങള്‍ക്കും ലഭിക്കും. മിക്ക അമേരിക്കക്കാരും ആശങ്കപ്പെടുന്നത് ഈ കാര്യങ്ങളിലൊക്കെയാണെന്നും വിവേക് രാമസ്വാമി പറഞ്ഞു.

റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡൻ്റ് സ്ഥാനാർത്ഥിയാകാൻ ട്രംപിനെതിരെ മത്സരിച്ചത് പാലക്കാട്ട് കുടുംബ വേരുള്ള മലയാളിയായ വിവേക് ​​രാമസ്വാമിയാണ്. ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥി കൂടിയായിരുന്നു അദ്ദേഹം. എ ന്നാൽ, ആദ്യ അന്തർ പാർട്ടി തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനെതുടർന്ന് അദ്ദേഹം പിൻവലിക്കുകയും ട്രംപിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാ പിക്കുകയുംചെയ്തു.

Print Friendly, PDF & Email

Leave a Comment

More News