30 വർഷം പഴക്കമുള്ള മേൽപ്പാലം എലികള്‍ തിന്നു !!; നിസ്സഹായരായി സര്‍ക്കാര്‍

ഭോപ്പാല്‍: മധ്യപ്രദേശിലെ അശോക് നഗർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന 30 വർഷം പഴക്കമുള്ള മേൽപ്പാലത്തെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളുമായിഅ പൊതുമരാമത്ത് വകുപ്പ്. സാധാരണയായി എലികൾ വീടുകളിലെ ധാന്യങ്ങളോ വസ്ത്രങ്ങളോ വിളകളോ ആണ് നശിപ്പിക്കാറ്. എന്നാല്‍, ആദ്യമായി എലികൾ ഒരു പാലത്തെ ദുർബലപ്പെടുത്തുന്നതായി പറയപ്പെടുമ്പോള്‍ ആരും അത്ഭുതപ്പെട്ടുപോകും. എലികൾ പാലത്തിലെ മണ്ണ് കടിച്ചുകീറി പൊള്ളയാക്കിയതിനെ തുടർന്നാണ് മേൽപ്പാലത്തിൻ്റെ സിസി സ്ലാബ് (കോൺക്രീറ്റ് സ്ലാബ്) പൊടുന്നനെ തകര്‍ന്നതെന്ന് പൊതുമരാമത്ത് വകുപ്പ് (പിഡബ്ല്യുഡി) പറയുന്നു. സംഭവത്തെത്തുടർന്ന് പാലത്തിൽ വൻകുഴികൾ രൂപപ്പെട്ടതോടെ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.

അശോക് നഗറിലെ ഈ പഴയ മേൽപ്പാലത്തിൽ രണ്ട് ദിവസം മുമ്പാണ് വലിയ കുഴി കണ്ടതെന്ന് പിഡബ്ല്യുഡി പറയുന്നു. ഇതിനുശേഷം അൽപസമയത്തിനകം പാലത്തിൻ്റെ സിസി സ്ലാബ് തകർന്ന് പാലം വലിയ കുഴിയായി മാറി. ബാരിക്കേഡുകൾ സ്ഥാപിച്ചും ട്രാഫിക് പോലീസിനെ വിന്യസിച്ചും പാലത്തിലൂടെയുള്ള ഗതാഗതം ഭരണകൂടത്തിന് ഉടൻ നിർത്തേണ്ടിവന്നു. ഈ സംഭവത്തിന് ശേഷം പാലത്തിലെ കുഴികൾ കാരണം ഡ്രൈവർമാർ ഏറെ ബുദ്ധിമുട്ടുകയാണ്.

പാലത്തിനകത്തെ മണ്ണ് എലികൾ തുടർച്ചയായി കുഴിച്ച് അകത്ത് പൊള്ളയാക്കിയതായി പിഡബ്ല്യുഡി എക്‌സിക്യൂട്ടീവ് എൻജിനീയർ രവി ശർമ പറഞ്ഞു. വർഷങ്ങളായി, എലികൾ ഈ പാലത്തിനുള്ളിലെ മണ്ണ് പുറത്തെടുക്കുന്നത് തുടർന്നുകൊണ്ടിരിക്കുകയായിരുന്നു. സിസി സ്ലാബ് പൊടുന്നനെ തകർന്നതും പാലത്തിൻ്റെ ശോച്യാവസ്ഥയും പാലത്തിൽ കുഴികൾ രൂപപ്പെട്ട് ഗതാഗതം തടസ്സപ്പെടുകയും ഗതാഗതക്കുരുക്ക് മൂലം ജനങ്ങൾ ബുദ്ധിമുട്ടിലാകുകയും ചെയ്യുന്നു.

പാലം നന്നാക്കാൻ പൊതുമരാമത്ത് വകുപ്പ് അധികൃതർ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. പാലത്തിൻ്റെ സ്ലാബിൽ സിസി ഒഴിക്കുന്ന നടപടി വീണ്ടും ആരംഭിക്കുമെന്ന് എക്‌സിക്യൂട്ടീവ് എൻജിനീയർ രവി ശർമ പറഞ്ഞു. ഇതിനായി പാലം മണ്ണിട്ട് നികത്തി വെള്ളം ചേർത്തും മണ്ണ് യഥാവിധി ഒതുക്കി പാലത്തിൻ്റെ ഘടന ബലപ്പെടുത്തും.

അതോടൊപ്പം എലിശല്യത്തിൽ നിന്ന് രക്ഷനേടാൻ ഡ്രെയിനേജ് ഉള്ള സ്ഥലത്ത് ഗ്ലാസ് കഷ്ണങ്ങൾ ഇടാനും പാലത്തിനുള്ളിൽ വീണ്ടും എലികൾ കടക്കാതിരിക്കാനും ഇനി ഇത്തരം പ്രശ്നം ഉണ്ടാകാതിരിക്കാനും പദ്ധതി തയ്യാറാക്കുന്നുണ്ട്. അശോക് നഗർ ജില്ലയിലെ ഞെട്ടിക്കുന്ന ഈ സംഭവം പാലങ്ങളുടെ അറ്റകുറ്റപ്പണി സംവിധാനത്തെ ചോദ്യം ചെയ്തിരിക്കുകയാണ്. എലികൾ ഉണ്ടാക്കുന്ന ഈ നാശം ഭരണകൂടത്തെപ്പോലും അമ്പരപ്പിച്ചിരിക്കുകയാണ്, ഇത് പരിഹരിക്കാനുള്ള നടപടികൾ PWD തയ്യാറാക്കിയിട്ടുണ്ട്.

Print Friendly, PDF & Email

Leave a Comment

More News