പെരുമഴയത്തും ആവേശം കൈവിടാതെ അണികള്‍; വയനാട്ടില്‍ പ്രിയങ്കയുടെ പരസ്യപ്രചാരണം അവസാനിച്ചു

കോഴിക്കോട്: പ്രിയങ്ക ഗാന്ധിയുടെ തിരുവമ്പാടിയിലെ പ്രചാരണം അവസാനിച്ചു. വയനാട് ലോക്സഭാ മണ്ഡലത്തിൻ്റെ ഭാഗമായ കോഴിക്കോട് ജില്ലയിലെ ഒരു നിയമസഭാ മണ്ഡലമാണ് തിരുവമ്പാടി. കോരിച്ചൊരിയുന്ന മഴയെ അവഗണിച്ചാണ് പ്രിയങ്ക ഗാന്ധി കൊട്ടിക്കലാശത്തില്‍ പങ്കെടുത്തത്.

തിരുവമ്പാടി ബസ് സ്റ്റാൻഡ് പരിസരം യുഡിഎഫ് പ്രവർത്തകരാൽ നിറഞ്ഞുകവിഞ്ഞിരുന്നു. എല്ലാവർക്കും ആശംസകൾ നേർന്നാണ് പ്രിയങ്ക പ്രസംഗം ആരംഭിച്ചത്. “നിങ്ങളുടെ സ്നേഹത്തിന് നന്ദി, എനിക്ക് കുറച്ച് മലയാളമേ അറിയൂ. തിരിച്ചു വന്നാല്‍ കൂടുതല്‍ പഠിക്കും,” അവര്‍ വ്യക്തമാക്കി.

35 വർഷമായി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്ന തന്‍റെ ജീവിതത്തിലെ ഏറ്റവും സന്തോഷവും മനോഹരവുമായ പ്രചാരണമാണിത്. മനുഷ്യ വന്യജീവി സംഘർഷം, രാത്രി യാത്ര നിരോധനം എന്നിവ പരിഹരിക്കാൻ ഒരുമിച്ച് പ്രവർത്തിക്കാം. കാർഷിക മേഖലയിലും വിനോദ സഞ്ചാര മേഖലയിലും കൂടുതൽ ശ്രദ്ധ ചെലുത്തും.

തോളോട് തോൾ ചേർന്ന് പ്രവർത്തിക്കാൻ ഒരു അവസരം നൽകൂവെന്നും പ്രിയങ്കാ ഗാന്ധി വോട്ടര്‍മാരോട് പറഞ്ഞു. ഞാൻ വേഗം തിരിച്ച് വരും എന്ന് മലയാളത്തിൽ പറഞ്ഞാണ് തന്‍റെ കന്നിയങ്കത്തിന്‍റെ പരസ്യ പ്രചാരണം പ്രിയങ്ക അവസാനിപ്പിച്ചത്. രാഹുൽ ഗാന്ധി, കെ സി വേണുഗോപാൽ, വി ഡി സതീശൻ തുടങ്ങിയ നേതാക്കളും കൊട്ടിക്കലാശത്തിൽ പങ്കെടുത്തു.

അതേസമയം, എൽഡിഎഫ് സ്ഥാനാര്‍ത്ഥി സത്യൻ മൊകേരി കൽപ്പറ്റയിലെ കൊട്ടിക്കലാശത്തിലാണ് പങ്കെടുത്തത്. എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസ് ക്രെയിനിൽ കയറിയാണ് പരസ്യ പ്രചാരണം അവസാനിപ്പിച്ചത്.

പരസ്യപ്രചാരണത്തിൻ്റെ അവസാന മണിക്കൂറുകളിലും വിജയപ്രതീക്ഷയിലാണ് മുന്നണികൾ. വയനാട്ടിൽ നാളെ നിശബ്ദ പ്രചാരണം നടത്തും. നവംബർ 13-ന് വോട്ടെടുപ്പും നവംബർ 23-ന് വോട്ടെണ്ണലും നടക്കും. വാക്ചാതുര്യവും വീറും വാശിയും നിറഞ്ഞ ഒരു മാസം നീണ്ടുനിന്ന വയനാട് ലോക്‌സഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇതോടെ വിരാമമായി.

പ്രചാരണ പ്രകടനത്തിനിടെ വണ്ടൂരിൽ പൊലീസും യുഡിഎഫ് പ്രവർത്തകരും തമ്മിൽ നേരിയ രീതിയില്‍ സംഘർഷമുണ്ടായി. തിരുവമ്പാടിയിൽ എൽഡിഎഫ്–യുഡിഎഫ് പ്രവർത്തകർ തമ്മിലും സംഘർഷമുണ്ടായി.

Print Friendly, PDF & Email

Leave a Comment

More News