വയനാട്: വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൻ്റെ പ്രചാരണം അവസാനിച്ചു. കാലങ്ങളായി തെരഞ്ഞെടുപ്പു വിജയത്തിനായി തന്ത്രങ്ങൾ മെനഞ്ഞ മണ്ഡലങ്ങൾ ഇനി നിശ്ശബ്ദ പ്രചാരണങ്ങൾക്കു സാക്ഷ്യം വഹിക്കും. യു ഡി എഫും, സിപിഎമ്മും, ബിജെപിയും നേർക്കുനേർ പൊരുതുന്ന വയനാട്ടിൽ ഇത്തവണയും കടുത്ത മത്സരമായിരിക്കും നടക്കുക.
യു.ഡി.എഫിലെ പ്രിയങ്കാ ഗാന്ധിയും സി.പി.എമ്മിലെ സത്യൻ മൊകേരിയും ബി.ജെ.പിയിലെ നവ്യ ഹരിദാസും തങ്ങളുടെ വിജയം ഉറപ്പിക്കാന്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അക്ഷീണം പ്രയത്നിക്കുകയാണ്. ഓരോരുത്തരും ജനങ്ങളെ സമീപിച്ച് വോട്ട് ചോദിക്കുമ്പോഴും കൂടുതൽ വ്യത്യസ്തവും കാര്യക്ഷമവുമായ രീതിയിൽ വോട്ട് ഉറപ്പിക്കാൻ മറ്റു മുന്നണികൾ ശ്രമിച്ചു.
ജില്ലയിലെ എല്ലാ പ്രദേശങ്ങളിലെയും ജനങ്ങളെ നേരിൽ കണ്ട് വോട്ട് അഭ്യർഥിച്ചാണ് പ്രിയങ്ക ഗാന്ധി പ്രചാരണം അവസാനിപ്പിച്ചത്. ഈ പ്രചാരണത്തിൻ്റെ ഭാഗമായി ജില്ലയിലെ ഹോം സ്‌റ്റേ ഉടമകളുമായി പ്രിയങ്ക ഗാന്ധി കൂടിക്കാഴ്ചയും നടത്തി.
വയനാട് ടൂറിസം കൂടുതല്‍ ശക്തമാക്കുമെന്ന് ഹോം സ്റ്റേ ഉടമകൾക്ക് പ്രിയങ്ക ഗാന്ധി ഉറപ്പ് നല്‍കി. മണ്ണിടിച്ചിലിനെ തുടർന്ന് വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വലിയ കുറവുണ്ടായതായി ഹോം സ്റ്റേ ഉടമകൾ പ്രിയങ്കയുമായുള്ള കൂടിക്കാഴ്ചയില്‍ പറഞ്ഞു. മണ്ണിടിച്ചിൽ കഴിഞ്ഞ് മൂന്ന് മാസമായിട്ടും ഹോം സ്റ്റേകളില്‍ അതിഥികാളാരും എത്തുന്നില്ലെന്ന് ഉടമകൾ പറഞ്ഞു. ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത് നിർമിച്ച ഹോം സ്റ്റേകളിലേക്ക് ആളുകൾ എത്താത്തത് ഏറെ ആശങ്കയുണ്ടാക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിൽ നിന്നുള്ളവരിൽ ഭൂരിഭാഗവും വയനാട്ടിലെ ഹോം സ്റ്റേകളെയാണ് ആശ്രയിച്ചിരുന്നത്. എന്നാൽ, ഉരുൾപൊട്ടൽ വയനാടിനെയാകെ തകർത്തുവെന്ന തെറ്റിദ്ധാരണ ഹോം സ്റ്റേ ഉൾപ്പെടെയുള്ള ടൂറിസത്തിന് വെല്ലുവിളിയാകുകയാണെന്ന് അവര്‍ പറഞ്ഞു.
ഒരു ചെറിയ സ്ഥലത്ത് ഉണ്ടായ ഉരുൾപൊട്ടൽ വയനാടിൻ്റെ ടൂറിസത്തെയാകെ ബാധിച്ചിട്ടുണ്ടെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. കൽപ്പറ്റയോ മാനന്തവാടിയോ ബത്തേരിയോ അല്ല, എല്ലാവരും സംസാരിക്കുന്നത് വയനാട് ഉരുൾപൊട്ടലിനെക്കുറിച്ചാണ്. കോവിഡിന് ശേഷം സ്ഥിതിഗതികൾ മെച്ചപ്പെടുന്നതിനിടെയാണ് ഉരുൾപൊട്ടലുണ്ടായതെന്നും അവര്‍ പറഞ്ഞു..
നിങ്ങൾ വളരെ പ്രയാസകരമായ സമയത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് എനിക്കറിയാം. ഹിമാചൽ പ്രദേശിലും സമാനമായ ദുരന്തം ഉണ്ടായി. ഇത് വിനോദസഞ്ചാര മേഖലയെ ഏറെ ബാധിച്ചുവെന്നും ഇപ്പോൾ സ്ഥിതി മെച്ചപ്പെടുന്നുണ്ടെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. കുറച്ച് സമയമെടുത്താൽ സ്ഥിതി മെച്ചപ്പെടുത്താനാകുമെന്നും പ്രിയങ്ക പറഞ്ഞു.
ഹിമാചല്‍ പ്രദേശില്‍ തനിക്കൊരു വീടുണ്ടെന്ന കാര്യവും പ്രിയങ്ക പറഞ്ഞു. “പത്തു ദിവസം മുമ്പ് താനവിടെ ചെന്നപ്പോള്‍ അവിടെയെല്ലാം നിറയെ ആളുകളുണ്ടായിരുന്നു. ദീപാവലി ആഘോഷങ്ങള്‍ക്കായി അവിടെ ജനത്തിരക്കായിരുന്നു. ഇപ്പോള്‍ നിരവധി വിനോദ സഞ്ചാരികള്‍ എത്തുന്നുണ്ട്. ഇവിടെയും അതുപോലെ ജനങ്ങളുടെ തെറ്റിധാരണ മാറ്റി അവര്‍ക്ക് ഇവിടേക്ക് വരുവാനുള്ള പ്രോത്സാഹനം ആവശ്യമാണ്,” അവര്‍ പറഞ്ഞു.
നിലവിലെ സാഹചര്യം മനസ്സിലാക്കി തങ്ങളെ കാണാൻ വന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് ഹോം സ്റ്റേ ഉടമകള്‍ പറഞ്ഞു. നിങ്ങളിൽ നിന്ന് മുഴുവൻ കാര്യങ്ങളും നേരിട്ട് അറിയണമെന്ന ആഗ്രഹമുണ്ടായിരുന്നതുകൊണ്ടാണ് വന്നതെന്ന് പ്രിയങ്ക പറഞ്ഞു.
ബാങ്കുകളില്‍ നിന്ന് വായ്പയെടുത്താണ് നിങ്ങള്‍ ഹോം സ്റ്റേ ആരംഭിച്ചതെന്ന് മനസ്സിലായി. ഇവിടത്തെ യഥാര്‍ത്ഥ സാഹചര്യം മനസ്സിലായിക്കഴിഞ്ഞാല്‍ ടൂറിസ്റ്റുകള്‍ ഇങ്ങോട്ട് വരാന്‍ ആരംഭിക്കുമെന്നും പ്രിയങ്ക പറഞ്ഞു.
രാഹുല്‍ ജീ ഇവിടെ വന്ന് ഒരു വീഡിയോ ചെയ്‌തിരുന്നുവെന്നും, അതിന് ശേഷം ടൂറിസം മെച്ചപ്പെട്ടിരുന്നുവെന്നും ഹോം സ്റ്റേ ഉടമകള്‍ പറഞ്ഞു. രാഹുല്‍ ഗാന്ധി വയനാടിന്‍റെ മുഖമാണെന്നും അവര്‍ പറഞ്ഞു. രാഹുല്‍ ജീക്ക് ഏറ്റവും ഇഷ്‌ടപ്പെട്ടയിടമാണ് വയനാടെന്ന് പ്രിയങ്ക പറഞ്ഞു.
വയനാട് വളരെ സുന്ദരമായൊരിടമാണെന്നും നിനക്ക് തീര്‍ച്ചയായും അവിടം ഇഷ്‌ടപ്പെടുമെന്നും രാഹുല്‍ ഗാന്ധി തന്നോട് പറഞ്ഞിരുന്നു. ഇവിടുത്തെ പ്രകൃതി ഭംഗി തന്നെ അത്ഭുതപ്പെടുത്തി. വളരെ സമ്പുഷ്‌ടമായ കൃഷിയാണ് ഇവിടെയുള്ളത്. സുഗന്ധവ്യഞ്ജനങ്ങള്‍ കൊണ്ടെല്ലാം അനുഗ്രഹീതമാണിവിടം. ടൂറിസത്തിന് കൂടുതല്‍ സാധ്യതകള്‍ കൊണ്ടുവരേണ്ടതുണ്ട്. ഈ മേഖലകള്‍ കൂടുതല്‍ ഉയര്‍ത്തി കൊണ്ടുവരുന്നതിന് പിന്തുണ നല്‍കേണ്ടതുണ്ട്.
ഇവിടെ ഹോം സ്റ്റേയ്‌ക്കാണ് കൂടുതല്‍ പ്രധാന്യമെന്ന് തനിക്ക് തോന്നിയിട്ടുണ്ട്. അത് വളരെ നല്ലൊരു കാര്യമാണ്. എല്ലാവര്‍ക്കും നിങ്ങളുടെ ജീവിത രീതി മനസിലാക്കാന്‍ സാധിക്കും. അത് മാത്രമല്ല ഹോം സ്റ്റേകള്‍ സുസ്ഥിരമായ വിനോദ സഞ്ചാരത്തിനും വഴിയൊരുക്കും. ഇവിടെ ഹോം സ്റ്റേയ്‌ക്കും ടൂറിസത്തിനും ശക്തമായ പിന്തുണ ആവശ്യമുണ്ടെന്ന് എനിക്ക് തോന്നുന്നുണ്ട്. തന്നാല്‍ കഴിയതെന്തും അതിനായി ചെയ്യുമെന്നും പ്രിയങ്ക പറഞ്ഞു. അതോടൊപ്പം കൃഷി, ഭക്ഷ്യ സംസ്‌കരണം തുടങ്ങിയ മേഖലകള്‍ക്കും ഊന്നല്‍ നല്‍കേണ്ടതുണ്ട്. ഇത്തരം കാര്യങ്ങള്‍ക്കും മുന്‍ഗണന നല്‍കാന്‍ താന്‍ ആഗ്രഹിക്കുന്നുണ്ട്. എല്ലാ രീതിയിലുമുള്ള എന്‍റെ പിന്തുണ നിങ്ങള്‍ക്കുണ്ടാകും.
തിരഞ്ഞെടുപ്പിന് ശേഷം നമുക്ക് അതിനായി കഠിനമായി പരിശ്രമിക്കാം. വയനാട് സുരക്ഷിതമാണെന്ന പ്രചാരണത്തിലൂടെ അതിനുള്ള പ്രവർത്തനം തുടങ്ങാമെന്നും പ്രിയങ്ക ഗാന്ധി ഉറപ്പ് നല്‍കി.