ഉപതെരഞ്ഞെടുപ്പ്: കേരള സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ നാളെ (2024 നവംബര്‍ 13) നടത്താനിരുന്ന മുഴുവന്‍ പരീക്ഷകളും മാറ്റി വെച്ചതായി കേരള സര്‍വകലാശാല അറിയിച്ചു. തിയറി, പ്രാക്റ്റിക്കല്‍ പരീക്ഷകളുള്‍പ്പടെ എല്ലാ പരീക്ഷകളും മാറ്റി വെച്ചെന്നും, പുതുക്കിയ തീയതികള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും അറിയിപ്പില്‍ പറഞ്ഞു. പരീക്ഷ കേന്ദ്രത്തിനോ സമയത്തിനോ മറ്റു ദിവസങ്ങളിലെ പരീക്ഷകള്‍ക്കോ മാറ്റമില്ല.

ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ നവംബര്‍ 20 ന് പാലക്കാട് നിയോജക മണ്ഡലത്തില്‍ അവധി പ്രഖ്യാപിച്ചു. മണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി ബാധകമാണ്. നിയോജക മണ്ഡലത്തിലെ എല്ലാ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ബാങ്കുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും വേതനത്തോടുകൂടിയുള്ള പൊതു അവധിയായിരിക്കും.

മണ്ഡലത്തില്‍ വോട്ടുള്ളവര്‍ക്കും മണ്ഡലത്തിന് പുറത്ത് ജോലി ചെയ്യുന്നവരുമായ എല്ലാ സര്‍ക്കാര്‍- സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഈ ദിവസം ശമ്പളത്തോട് കൂടിയ അവധി നല്‍കണമെന്നാണ് നിര്‍ദേശം.

വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നവംബര്‍ 13 ന് ജില്ലയിലെ എല്ലാ സര്‍ക്കാര്‍- പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ പൊതുഅവധി പ്രഖ്യാപിച്ചു. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരവും ജില്ലയിൽ അന്ന് അവധിയായിരിക്കും. എല്ലാ സ്വകാര്യ വാണിജ്യ- വ്യവസായ സ്ഥാപനങ്ങളും മറ്റ് സ്വകാര്യ സ്ഥാപനങ്ങളും ജീവനക്കാര്‍ക്ക് ശമ്പളത്തോട് കൂടിയ അവധി നല്‍കണമെന്നാണ് നിര്‍ദേശം.

Print Friendly, PDF & Email

Leave a Comment

More News