ഫ്ലോറിഡ: യു എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ വൻ വിജയം കൈവരിച്ച ഡൊണാൾഡ് ട്രംപ് തൻ്റെ സർക്കാർ രൂപീകരണ നടപടികൾ ആരംഭിച്ചു. യുഎസ് സെനറ്റർ മാർക്കോ റൂബിയോയെ സ്റ്റേറ്റ് സെക്രട്ടറിയായി ട്രംപ് തിങ്കളാഴ്ച തിരഞ്ഞെടുത്തു. ഈ തീരുമാനത്തിന് ശേഷം, പല രാജ്യങ്ങളിലും ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. കാരണം, അമേരിക്കയുടെ പ്രധാന ഭൗമരാഷ്ട്രീയ ശത്രുക്കളായ ചൈന, ഇറാൻ, ക്യൂബ എന്നിവയ്‌ക്കെതിരെ മാർക്കോ റൂബിയോയുടെ കാഴ്ചപ്പാട് വ്യത്യസ്ഥമാണ്. അതേസമയം, ഇന്ത്യയോടുള്ള അദ്ദേഹത്തിൻ്റെ മനോഭാവം വളരെ പോസിറ്റീവാണ്. അദ്ദേഹത്തെ ഇന്ത്യയുടെ നല്ല സുഹൃത്തായാണ് കണക്കാക്കപ്പെടുന്നത്.
ഫ്ലോറിഡ നിവാസിയായ ഈ 53-കാരന്‍ സ്റ്റേറ്റ് സെക്രട്ടറി പദവിയിലെത്തുന്നതോടെ ഈ പദവിയിലെത്തുന്ന ആദ്യത്തെ ലാറ്റിനോ വംശജനായിരിക്കും അദ്ദേഹം. ട്രംപിൻ്റെ അടുത്ത സഖ്യകക്ഷിയെന്ന നിലയിൽ, റൂബിയോ യുഎസ് വിദേശനയത്തിൽ പ്രത്യേകിച്ച് ചൈന, ഇറാൻ, ക്യൂബ എന്നീ രാജ്യങ്ങള്‍ക്കെതിരെയുള്ള നയങ്ങളില്‍ മാറ്റം വരുത്തും. അദ്ദേഹത്തിൻ്റെ കാഴ്ചപ്പാടുകൾ ട്രംപുമായി പൊരുത്തപ്പെടുന്നു, ഇരുവരുടെയും നയങ്ങളിൽ സമാനതയുമുണ്ട്.
ജോ ബൈഡനെപ്പോലുള്ള മുൻ അമേരിക്കൻ പ്രസിഡൻ്റുമാർ രാജ്യത്തിന് വന്‍ ബാധ്യതയുള്ളതും അർത്ഥശൂന്യവുമായ നിരവധി യുദ്ധങ്ങളിലേക്ക് വലിച്ചിഴച്ചതായി ട്രംപ് ഇതിനകം ആരോപിച്ചിരുന്നു. അമേരിക്കയുടെ വിദേശനയം കൂടുതൽ നിയന്ത്രണവും സുരക്ഷിതവുമാക്കാനാണ് ട്രംപ് ആഗ്രഹിക്കുന്നത്. റൂബിയോയാണ് അതിന് ഏറ്റവും അനുയോജ്യനെന്ന് ട്രംപ് കരുതുന്നു. അതിനാലാണ് അദ്ദേഹത്തെ സ്റ്റേറ്റ് സെക്രട്ടറിയാക്കാൻ തീരുമാനിച്ചത്. എന്നിരുന്നാലും, ട്രംപിൻ്റെയും റൂബിയോയുടെയും പ്രതിനിധികൾ ഈ തീരുമാനത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
റഷ്യ-ഉക്രെയ്ൻ യുദ്ധം, മിഡിൽ ഈസ്റ്റ് സംഘർഷങ്ങൾ, റഷ്യ, ഇറാൻ തുടങ്ങിയ അമേരിക്കയുടെ ശത്രുക്കളുമായി ചൈനയുടെ വർദ്ധിച്ചുവരുന്ന പങ്കാളിത്തം തുടങ്ങി ട്രംപിൻ്റെ അടുത്ത സർക്കാർ നിരവധി വലിയ വെല്ലുവിളികളാണ് അഭിമുഖീകരിക്കേണ്ടി വരുന്നത്. ഈ വെല്ലുവിളികളെയെല്ലാം നേരിടാൻ പുതിയ ഭരണകൂടത്തിന് ശക്തമായ ഒരു ഭരണ തന്ത്രം ആവശ്യമാണ്.
റഷ്യയിൽ നിന്ന് പിടിച്ചെടുത്ത പ്രദേശങ്ങൾ തിരിച്ചുപിടിക്കുന്നതിൽ ഉക്രെയ്ൻ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കരുതെന്നും റഷ്യയുമായി ചർച്ചകളിലൂടെ ഒത്തുതീർപ്പിലെത്തണമെന്നും മാർക്കോ റൂബിയോ അടുത്തിടെ പറഞ്ഞിരുന്നു. ഉക്രെയ്നിനുള്ള ജോ ബൈഡന്റെ 95 ബില്യൺ ഡോളറിൻ്റെ സൈനിക സഹായ പാക്കേജിന് എതിരായിരുന്നു അദ്ദേഹം. റൂബിയോ റഷ്യക്കെതിരാണെങ്കിലും ചർച്ചകളിലൂടെ യുദ്ധം അവസാനിപ്പിക്കുന്നതിനെ അനുകൂലിക്കുന്നുവെന്നതാണ് അദ്ദേഹത്തിൻ്റെ നിലപാട്.
മാർക്കോ റൂബിയോയെ സ്റ്റേറ്റ് സെക്രട്ടറിയായി തിരഞ്ഞെടുത്തത് അമേരിക്കയ്ക്ക് മാത്രമല്ല, ലാറ്റിനമേരിക്കയ്ക്കും പ്രധാനമാണ്. ലാറ്റിനമേരിക്കൻ കമ്മ്യൂണിറ്റിയിൽ നിന്ന് വന്‍ പിന്തുണയാണ് തെരഞ്ഞെടുപ്പിൽ ട്രംപിന് ലഭിച്ചത്. എന്നാല്‍, ഡെമോക്രാറ്റ് പാർട്ടി വൈസ് പ്രസിഡൻ്റ് കമല ഹാരിസിന് ആ പിന്തുണ ലഭിച്ചില്ല. ഈ തിരഞ്ഞെടുപ്പ് വിജയം കണക്കിലെടുത്താണ് ലാറ്റിനോ വോട്ടർമാരെ കൂടുതൽ ആകർഷിക്കാൻ ട്രംപ് റൂബിയോയെ സ്റ്റേറ്റ് സെക്രട്ടറിയായി തിരഞ്ഞെടുത്തത്.
റൂബിയോ സ്റ്റേറ്റ് സെക്രട്ടറിയായാൽ അമേരിക്കയുടെ വിദേശനയത്തിൽ ലാറ്റിനമേരിക്കക്ക് കൂടുതൽ പ്രാധാന്യം നൽകുമെന്ന് ഇൻ്റർ-അമേരിക്കൻ ഡെവലപ്‌മെൻ്റ് ബാങ്കിൻ്റെ മുൻ പ്രസിഡൻ്റ് മൗറിസിയോ ക്ലേവർ-കരോൺ പറഞ്ഞു. ഈ മാറ്റത്തോടെ ലാറ്റിനമേരിക്കയുടെ സ്ഥാനം അമേരിക്കൻ രാഷ്ട്രീയത്തിൽ പ്രധാനമാകുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ഈ രീതിയിൽ, റൂബിയോയുടെ തിരഞ്ഞെടുപ്പ് അമേരിക്കയുടെ മാത്രമല്ല, മുഴുവൻ ലാറ്റിനമേരിക്കൻ മേഖലയുടെയും ചരിത്രപരമായ ചുവടുവയ്പ്പാണെന്ന് തെളിയിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.