2025 ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്‌ട്രേഷന്‍: ക്വീൻസ് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവകയിൽ ആവേശകരമായ തുടക്കം

നോർത്ത്‌വാലി (ന്യൂയോർക്ക്): മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസിൻ്റെ രജിസ്ട്രേഷന് നോർത്ത് വാലി ക്യൂൻസ് സെൻ്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ചിൽ ആവേശകരമായ തുടക്കമായി.

2025 ജൂലൈയിൽ നടക്കുന്ന കോൺഫറൻസിന്റെ പ്രാരംഭ നടപടികൾ മാസങ്ങൾക്കു മുമ്പേ ആരംഭിച്ചിരുന്നു. പെൻസിൽവേനിയയിലും കണക്ടിക്കട്ടിലുമുള്ള വിവിധ ശ്രേണിയിലുള്ള ഹോട്ടലുകളും റിസോർട്ടുകളും ഭാരവാഹികൾ മുൻകൂട്ടി കാണുകയും വിലയിരുത്തുകയും ചെയ്തിരുന്നു.

ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ സഖറിയാ മാർ നിക്കളാവോസിന്റെ അദ്ധ്യക്ഷതയിൽ ന്യൂ ജേഴ്സി നോർത്ത് പ്ലെയിൻഫീൽഡ് സെന്റ് ബസേലിയോസ് ഗ്രീഗോറിയോസ് ഇടവകയിൽ സെപ്തംബർ 15 ന് കൂടിയ ആലോചനായോഗത്തിലാണ് വിവിധ കമ്മിറ്റികൾക്ക് രൂപം നൽകിയത്.

ഫാമിലി & യൂത്ത് കോൺഫറൻസിനെ പ്രതിനിധീകരിക്കുന്ന ഒരു സംഘം നവംബർ 11 ഞായറാഴ്ച സെൻ്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവക സന്ദർശിച്ചു.

ഫാ. ജെറി വർഗീസ് (വികാരി) വിശുദ്ധ കുർബാനയ്ക്കു നേതൃത്വം നൽകി. തുടർന്ന് ഡോ. ഷെറിൻ എബ്രഹാം കോൺഫറൻസ് ടീമിനെ സ്വാഗതം ചെയ്തു. കോർ കമ്മിറ്റി അംഗങ്ങളായ ജെയ്സൺ തോമസ് (കോൺഫറൻസ് സെക്രട്ടറി), ജോൺ താമരവേലിൽ (ട്രഷറർ), ഫിലിപ്പ് തങ്കച്ചൻ (ഫൈനാൻസ് മാനേജർ), ഡോ. ഷെറിൻ എബ്രഹാം (ജോയിൻ്റ് സെക്രട്ടറി), ലിസ് പോത്തൻ (ജോയിൻ്റ് ട്രഷറർ), കൂടാതെ നിരവധി സബ് കമ്മിറ്റി അംഗങ്ങളും ടീമിലുണ്ടായിരുന്നു.

കഴിഞ്ഞ കോൺഫറൻസിൽ ഇടവക അംഗങ്ങളുടെ ശ്രദ്ധേയമായ സാന്നിധ്യം ഡോ. ഷെറിൻ ഓർമ്മിപ്പിക്കുകയും ആ പാരമ്പര്യം നിലനിർത്താൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

കോൺഫറൻസിൻ്റെ സ്ഥലം, തീയതികൾ, പ്രാസംഗികർ തുടങ്ങിയ പൊതുവായ വിവരങ്ങൾ ജെയ്സൺ തോമസ് നൽകി.

2025 ജൂലൈ 9 മുതൽ 12 വരെ കണക്ടിക്കട് സ്റ്റാംഫർഡിലെ ഹിൽട്ടൺ സ്റ്റാംഫർഡ് ഹോട്ടൽ & എക്സിക്യൂട്ടീവ് മീറ്റിംഗ് സെൻ്ററിലാണ് കോൺഫറൻസ് നടക്കുന്നത്. റവ. ഡോ. നൈനാൻ വി. ജോർജ് (ഓർത്തഡോക്സ് വൈദിക സംഘം ജനറൽ സെക്രട്ടറി, റവ. ഡോ. റ്റിമത്തി (ടെന്നി) തോമസ് (നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന സൺഡേ സ്കൂൾ ഡയറക്ടർ) , റവ. ഡീക്കൻ ജോൺ (ജോഷ്വ) വർഗീസ്, (സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന യൂത്ത് മിനിസ്റ്റർ), റവ. ഡീക്കൻ അന്തോണിയോസ് (റോബി) ആൻ്റണി (ടാൽമീഡോ- നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മെൻസ് മിനിസ്ട്രി ഡയറക്ടർ) എന്നിവരാണ് മുഖ്യ പ്രാസംഗികർ.

‘നമ്മുടെ പൗരത്വം സ്വർഗത്തിലാണ്, അവിടെനിന്നുള്ള ഒരു രക്ഷകനായ കർത്താവായ യേശുക്രിസ്തുവിനെ ഞങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്നു”(ഫിലിപ്പിയർ 3:20) എന്ന ബൈബിൾ വാക്യത്തെ അടിസ്ഥാനമാക്കിയുള്ള ‘The Way of the Pilgrim’ (പരദേശിയുടെ വഴി) എന്നതാണ് കോൺഫറൻസിൻ്റെ പ്രമേയം.

ബൈബിൾ, വിശ്വാസം, പാരമ്പര്യം, സമകാലിക വിഷയങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കും പ്രത്യേകം സംവേദനാത്മക സെഷനുകൾ ഉണ്ടായിരിക്കും.

ജോൺ താമരവേലിൽ രജിസ്ട്രേഷൻ വിവരങ്ങൾ പങ്കുവെച്ചപ്പോൾ ഫിലിപ്പ് തങ്കച്ചൻ സ്പോൺസർഷിപ്പ് അവസരങ്ങളെക്കുറിച്ച് അറിയിച്ചു.

സമ്മേളനത്തിൻ്റെ സ്മരണാർത്ഥം പ്രസിദ്ധീകരിക്കുന്ന സുവനീറിനെക്കുറിച്ച് റോണ വർഗീസ് സംസാരിച്ചു. ഓരോ വർഷവും നമ്മുടെ ഭദ്രാസനത്തിന്റെ അന്തസത്ത പകർത്താനുള്ള അവസരമാണ് സുവനീർ എന്നും, പരസ്യങ്ങൾ, ആശംസകൾ, ലേഖനങ്ങൾ, കലാസൃഷ്ടികൾ എന്നിവ നൽകി പങ്കാളികളാകണമെന്നും റോണ കൂട്ടിച്ചേർത്തു. ഐറിൻ ജോർജ് മുൻ ഫാമിലി & യൂത്ത് കോൺഫറൻസുകളിൽ പങ്കെടുത്ത അനുഭവം പങ്കുവെക്കുകയും കോൺഫറൻസിലെ പങ്കാളിത്തത്തിലൂടെ താൻ സൃഷ്ടിച്ച സൗഹൃദങ്ങളെക്കുറിച്ച് ഓർമ്മിക്കുകയും ചെയ്തു. സ്പോൺസർഷിപ്പുകൾ, സുവനീർ പരസ്യങ്ങൾ, രജിസ്ട്രേഷൻ എന്നിവയിലൂടെ കോൺഫറൻസിനെ പിന്തുണച്ച സഭാംഗങ്ങളുടെ പേരുകൾ ഇടവക അംഗവും മുൻ കോൺഫറൻസ് ഭാരവാഹിയുമായ മാത്യു വർഗീസ് വായിച്ചു.

2025-ലെ കോൺഫറൻസിനെ പിന്തുണയ്ക്കാൻ തങ്ങളുടെ ഏറ്റവും മികച്ച കാൽവെയ്പ്പ് നടത്താൻ ഫാ. ജെറി വർഗീസ് ഇടവകാംഗങ്ങളെ ഉദ്ബോധിപ്പിച്ചു.

സമ്മേളനത്തിൻ്റെ പ്രോത്സാഹനത്തിനായി ഭാരവാഹികൾ കോൺഫറൻസ് നടത്തുന്ന ശ്രമങ്ങൾക്ക് ഇടവകയെ പ്രതിനിധീകരിച്ച് ഷിബു തരകൻ നന്ദി പറഞ്ഞു. കോൺഫറൻസ് ടീമിന് വികാരിയും ഇടവകാംഗങ്ങളും നൽകിയ സ്വീകരണത്തിനും ഉദാരമായ സഹകരണത്തിനും കോൺഫറൻസ് ടീം നന്ദി അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: ഫാ. അബു പീറ്റർ, കോൺഫറൻസ് കോർഡിനേറ്റർ (ഫോൺ: 914 806 4595), ജെയ്സൺ തോമസ്, കോൺഫറൻസ് സെക്രട്ടറി (ഫോൺ: 917 612 8832), ജോൺ താമരവേലിൽ, കോൺഫറൻസ് ട്രഷറർ) (ഫോൺ: 917 533 35666).

Print Friendly, PDF & Email

Leave a Comment

More News