FOKANA Inc. യഥാര്‍ത്ഥ FOKANA-യുടെ അപര സംഘടന; തെളിവുകള്‍ പുറത്തുവിട്ട് നേതാക്കളുടെ പത്ര സമ്മേളനം

ന്യൂയോര്‍ക്ക്: വടക്കേ അമേരിക്കയിലെ മലയാളി സംഘടനകളുടെ മാതൃസംഘടനയായ, ഫൊക്കാന എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന, 1983-ല്‍ സ്ഥാപിതമായ ഫെഡറേഷന്‍ ഓഫ് കേരള അസ്സോസിയേഷന്‍ ഇന്‍ നോര്‍ത്ത് അമേരിക്കയുടെ പേരില്‍ പ്രവര്‍ത്തിക്കുന്ന FOKANA Inc. അപര സംഘടനയാണെന്നും FOKANAയുമായി യാതൊരു ബന്ധവുമില്ലെന്നും ഫൊക്കാന ട്രസ്റ്റീ ബോർഡ് അംഗങ്ങൾ ഉൾപ്പടെയുള്ള നേതാക്കൾ നവംബർ 9ന് നാന്വറ്റ് ഹിൽട്ടൺ ഗാർഡനിൽ നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു.

1985-ല്‍ ന്യൂയോര്‍ക്കില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഫെഡറേഷന്‍ ഓഫ് കേരള അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക (ഫൊക്കാന) ഇപ്പോഴും അതിന്‍റെ പ്രവര്‍ത്തനങ്ങള്‍ അഭംഗുരം നടത്തിക്കൊണ്ടു പോകുന്നതിനിടെയാണ് ചില തല്പരകക്ഷികള്‍ ഈ ഫെഡറേഷനെ അട്ടിമറിച്ചതെന്ന് പത്രസമ്മേളനത്തില്‍ ഭാരവാഹികള്‍ തെളിവുകള്‍ സഹിതം വ്യക്തമാക്കി.

പ്രത്യക്ഷത്തില്‍ ആര്‍ക്കും സംശയം തോന്നാത്ത രീതിയിലായിരുന്നു അപര സംഘടന ‘FOKANA Inc.’ പ്രവര്‍ത്തിച്ചതെന്നും അവര്‍ വ്യക്തമാക്കി. യഥാര്‍ത്ഥ ഫൊക്കാനയിലെ അംഗ സംഘടനകളേയും അവര്‍ തെറ്റിദ്ധരിപ്പിച്ചു. അതുമൂലം വിവിധ കോടതികളില്‍ അനാവശ്യമായി കേസ് ഫയല്‍ ചെയ്യുകയും ധന നഷ്ടമുണ്ടാക്കുകയും ചെയ്തതായി ഭാരവാഹികള്‍ പറഞ്ഞു.

കേസുകളില്‍ നിന്ന് രക്ഷപ്പെടാനും, അതോടൊപ്പം സ്ഥാനമോഹം കാംക്ഷിച്ചുമാണ് 2008-ല്‍ മെരിലാന്‍റില്‍ രണ്ടു പേര്‍ ചേര്‍ന്ന് ‘FOKANA Inc.’ എന്ന പേരില്‍ ഒരു സംഘടന രജിസ്റ്റര്‍ ചെയ്തതെന്ന് പത്രസമ്മേളനത്തില്‍ നേതാക്കള്‍ ആരോപിച്ചു. മെരിലാന്‍റിലെ മോണ്ട്ഗൊമെരി കൗണ്ടിയില്‍ രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് ഈ സംഘടനക്ക് നിയമാനുസൃതമായ ഭരണഘടനയോ അംഗ സംഘടനകളോ, ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളോ ഉണ്ടായിരുന്നില്ല. അന്നുമുതല്‍ ഇവര്‍ ഫെഡറേഷന്‍ ഓഫ് കേരള അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്കയുടെ (ഫൊക്കാന) ബാനറില്‍ അംഗസംഘടനകളെ തെറ്റിദ്ധരിപ്പിച്ചും ഫൊക്കാനയുടെ ഔദ്യോഗിക ലോഗോ ഉപയോഗിച്ചും പ്രവര്‍ത്തിക്കുകയായിരുന്നു എന്ന് പത്രസമ്മേളനത്തില്‍ പറഞ്ഞു. അതിന്‍റെ തെളിവുകളും അവര്‍ പുറത്തു വിട്ടു.

FOKANA Inc രജിസ്റ്റര്‍ ചെയ്തിരിക്കുന്ന വ്യക്തികളിലൊരാള്‍ മോണ്ട്ഗോമെരി കൗണ്ടി സര്‍ക്യൂട്ട് കോടതിയില്‍ 2021 ഏപ്രില്‍ 30ന് സമര്‍പ്പിച്ചിട്ടുള്ള സത്യവാങ്മൂലവും പത്രസമ്മേളനത്തില്‍ ഭാരവാഹികള്‍ വിതരണം ചെയ്തു. അതില്‍ ‘FOKANA Inc’ 2008 സെപ്തംബര്‍ 3ന് മെരിലാന്‍റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണെന്നും, ഫെഡറേഷന്‍ ഓഫ് കേരള അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക 1983-ല്‍ ന്യൂയോര്‍ക്കിലെ ക്വീന്‍സ് കൗണ്ടിയില്‍ സ്ഥാപിതമായിട്ടുള്ളതാണെന്നും, ഈ സംഘടനയുമായി ഫൊക്കാന ഇന്‍കിന് യാതൊരു ബന്ധവുമില്ലെന്നും, ഫൊക്കാന ഇന്‍കിന് അവരുടേതായ ഭരണഘടനയില്ലെന്നും, ഫൊക്കാന ഇന്‍കിന് രണ്ട് ഓഫീസര്‍മാര്‍ മാത്രമേ ഉള്ളൂ എന്നും, അതിലൊരാള്‍ റസിഡന്‍റ് ഏജന്‍റാണെന്നും, ഫൊക്കാന ഇന്‍ക്, ഫെഡറേഷന്‍ ഓഫ് കേരള അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക രണ്ട് വ്യത്യസ്ഥ സംഘടനകളാണെന്നും ഈ രണ്ട് സംഘടനകള്‍ തമ്മില്‍ യാതൊരു വിധ പ്രവര്‍ത്തന ഏകോപനമില്ലെന്നും പറഞ്ഞിട്ടുണ്ട്. കൂടാതെ, ഫെഡറേഷന്‍ ഓഫ് കേരള അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്കയും ഫൊക്കാന ഇന്‍കും തുടക്കം മുതല്‍ ഒരു സമയത്തും ഒരു സംഘടനയായി പ്രവര്‍ത്തിക്കുകയോ ഇടപെടുകയോ ചേരുകയോ ഒരുമിച്ച് പിന്തുടരുകയോ ചെയ്തിട്ടില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

ഫെഡറേഷന്‍ ഓഫ് കേരള അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്കക്ക് എതിരായി ന്യൂയോർക്കിലെയും മെരിലാന്റിലേയും ഫ്ളോറിഡയിലെയും കോടതികളിൽ ഇവർ തന്നെ കൊടുത്തിട്ടുള്ള സത്യവാങ്മൂലങ്ങൾ മേല്പറഞ്ഞ ആരോപണങ്ങൾക്കു തെളിവായി പത്രസമ്മേളനത്തിൽ വിതരണം ചെയ്തു.

2022-24 ലെ പ്രസിഡന്റായിരുന്ന ഡോ. ബാബു സ്റ്റീഫൻ മുൻകൈയെടുത്ത് ഇരുവിഭാഗത്തെയും ഒന്നിപ്പിക്കാൻ 2023 ജൂലൈയില്‍ ഉണ്ടാക്കിയ ധാരണ പ്രകാരം ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക (ഫൊക്കാന) എന്ന പേര് നിലനിർത്തി മറ്റു പേരുകളിലുള്ള പ്രവർത്തനം ഉടൻ അവസാനിപ്പിക്കേണ്ടതായിരുന്നു. എന്നാൽ, ധാരണാ പത്രത്തില്‍ ഒപ്പിട്ടതിനു ശേഷം എതിര്‍ പാര്‍ട്ടി മലക്കം മറിഞ്ഞു. ധാരണാ പത്രത്തില്‍ പറഞ്ഞതെല്ലാം കാറ്റില്‍ പറത്തി അവര്‍ മുന്നോട്ടു പോയി എന്നു മാത്രമല്ല, പ്രസിഡണ്ട് ബാബു സ്റ്റീഫനെ മുൾമുനയിൽ നിർത്തി, ട്രസ്റ്റീ ബോര്‍ഡിനെ നോക്കുകുത്തിയാക്കി തിരഞ്ഞെടുപ്പ് നടത്തുകയും അധികാരം കൈവശപ്പെടുത്തുകയും ചെയ്തു എന്ന് പറഞ്ഞു.

2024 ജൂലൈയിൽ നടന്ന തിരഞ്ഞെടുപ്പിൽ കൃത്രിമങ്ങൾ നടന്നതായി അഞ്ച് ട്രസ്റ്റീ ബോർഡ് അംഗങ്ങൾ ഉൾപ്പടെയുള്ളവർ പൊതുയോഗത്തിൽ പരാതിപ്പെട്ടെങ്കിലും തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ചെവിക്കൊണ്ടില്ലെന്നും ആരോപിച്ചു. ഫെഡറേഷന്‍ ഓഫ് കേരള അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക (ഫൊക്കാന) യുടെ പേരിലാണ് തിരഞ്ഞെടുപ്പ് നോട്ടിഫിക്കേഷന്‍ അംഗ സംഘടനകള്‍ക്ക് അയച്ചത്. അംഗ സംഘടനകളാകട്ടേ വഞ്ചന മനസ്സിലാക്കാതെ നോമിനേഷന്‍ ഫീ അടക്കമുള്ള പേപ്പര്‍ വര്‍ക്കുകള്‍ തിരിച്ചയക്കുകയും ചെയ്തു. എന്നാല്‍, അതെല്ലാം FOKANA Incലേക്ക് വകമാറ്റുകയായിരുന്നു എന്നു പറയുന്നു. ചുരുക്കത്തില്‍ അംഗ സംഘടനകള്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടു എന്ന് അവര്‍ക്കും അറിയില്ല. ഇലക്ഷനിൽ പങ്കെടുത്ത 700 ൽ അധികം പ്രതിനിധികളുടെ ലിസ്റ്റിൽ 250ലധികം അർഹതയില്ലാത്ത വോട്ടുകളായിരുന്നു എന്ന് അന്നത്തെ ലിസ്റ്റ് അടക്കം പുറത്തുവിട്ടുകൊണ്ട് സംഘാടകർ അടിവരയിട്ടു പറയുന്നു. പല സ്റ്റേറ്റുകളിൽ നിന്നും കടലാസു സംഘടനകൾക്ക് അംഗത്വം നൽകി തെരഞ്ഞെടുപ്പിനായി ആളുകളെ ഇറക്കുകയും ചെയ്തതായും പരാതി ഉന്നയിച്ചു.

ഫൊക്കാന ഇന്‍‌ക് ഒരു ഫെഡറേഷന്‍ അല്ലെന്നും, രണ്ട് പേര്‍ ചേര്‍ന്ന് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഒരു കടലാസ് സംഘടനയാണെന്നും, യഥാര്‍ത്ഥ ഫൊക്കാനയുടെ പാരമ്പര്യം അവര്‍ക്ക് അവകാശപ്പെടാനാവില്ലെന്നും പത്രസമ്മെളനത്തില്‍ നേതാക്കള്‍ ചൂണ്ടിക്കാട്ടി. പകര്‍പ്പാവകാശമുള്ള ഫൊക്കാനയുടെ ലോഗോയും പേരും അപര സംഘടനക്ക് ഉപയോഗിക്കാനാവില്ലെന്നും അവര്‍ പറഞ്ഞു.

1983 ൽ ആരംഭിച്ച ഫെഡറേഷന്റെ നയപരിപാടികളും, വിഷൻ മിഷൻ എന്നിവയിലും കാലോചിതമായ മാറ്റങ്ങൾ വരുത്തേണ്ടതിന്റെ ആവശ്യകത സംഘാടകർ വ്യക്തമാക്കി. അതിനായി ഫെഡറേഷൻ ഓഫ് കേരളാ അസ്സോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക ഇന്റർനാഷണൽ (ഫൊക്കാന ഇന്റർനാഷണൽ) എന്ന പേരിൽ പൂർവാധികം ഉർജ്ജത്തോടെ മൂല്യങ്ങൾ കാത്തുകൊണ്ട് തന്നെ മാതൃ സംഘടനയായ ഫൊക്കാനയെ ശക്തിപ്പെടുത്തുമെന്ന് നേതാക്കൾ പറഞ്ഞു. യോഗത്തിൽ പങ്കെടുത്തവരുടെ നിർദ്ദേശങ്ങൾ അനുസരിച്ച് പന്ത്രണ്ടിന കർമ്മ പരിപാടികൾ പ്രഖ്യാപിച്ചു. 21 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളുമായി ചേർന്ന് ഉടൻതന്നെ സമ്മേളനം വിളിക്കാനുള്ള ക്രമീകരണങ്ങൾ ആരംഭിച്ചു കഴിഞ്ഞതായി സണ്ണിമറ്റമന പ്രസ്താവിച്ചു.

മറ്റു മലയാളി സംഘടനകളുമായി മത്സരിക്കാതെ ഇടവിട്ട വർഷങ്ങളിൽ ലോക മലയാളികളെ ഒരുമിപ്പിച്ചു അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിക്കുകയാണ് ഫെഡറേഷൻ ഓഫ് കേരള അസോസിയേഷന്റെ ലക്ഷ്യമെന്നും, തർക്കത്തിനോ വ്യവഹാരങ്ങൾക്കോ തങ്ങൾക്കു ലക്ഷ്യമില്ലെന്നും താൽക്കാലിക പ്രസിഡണ്ട് സണ്ണി മറ്റമന പത്രസമ്മേളനത്തിൽ പറഞ്ഞു.

ഫൊക്കാന മുന്‍ ട്രസ്റ്റീ ബോര്‍ഡ് വൈസ് പ്രസിഡന്റ് സണ്ണി മറ്റമന, മുന്‍ ട്രസ്റ്റീ ബോര്‍ഡ് സെക്രട്ടറി എബ്രഹാം ഈപ്പന്‍, ഫൊക്കാന മുന്‍ ജനറല്‍ സെക്രട്ടറി ഡോ. കലാ ഷഹി, എബ്രഹാം കളത്തില്‍ (ഫ്ലോറിഡ), സണ്ണി ജോസഫ് (കാനഡ), തോമസ് ജോര്‍ജ് (അറ്റ്‌ലാന്റ), പ്രിന്‍സണ്‍ പെരേപ്പാടന്‍ (കാനഡ), ജോസഫ് കുരിയപ്പുറം (ന്യൂയോര്‍ക്ക്), റോബര്‍ട്ട് അരീച്ചിറ (ന്യൂയോര്‍ക്ക്) എന്നിവരുടെ നേതൃത്വത്തിലായിരുന്നു പത്രസമ്മേളനം.

 

Print Friendly, PDF & Email

Leave a Comment

More News