ശബരിമലയില്‍ ഇനി ശരണം വിളിയുടെ നാളുകള്‍; മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന് തുടക്കം കുറിച്ചുകൊണ്ട് ശബരിമല നട തുറന്നു

ശബരിമല: മണ്ഡല- മകര വിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട ഇന്ന് തുറന്നു. വൈകീട്ട് നാലു മണിയോടെയാണ് മണ്ഡല കാല പൂജകൾക്കായി ശബരിമല ക്ഷേത്ര നട തുറന്നത്. മേൽശാന്തി പി എൻ മഹേഷ് നട തുറന്ന് ദീപം തെളിയിച്ചു. ക്ഷേത്രം തന്ത്രി കണ്ഠര് രാജീവര് താഴമൺ മഠത്തിൽ പ്രത്യേക പരിശീലനം പൂർത്തിയാക്കി എത്തിയ നിയുക്ത മേൽശാന്തിമാരെ കൈപിടിച്ച് പതിനെട്ടാം പടി കയറ്റി സന്നിധാനത്തിലേക്ക് എത്തിച്ചു.

ആദ്യം ശബരിമല മേൽശാന്തിയുടെയും പിന്നീട് മാളികപ്പുറമേൽശാന്തിയുടെയും അഭിഷേകം നടക്കും. പുതിയ മേൽശാന്തിയായിതെരഞ്ഞെടുക്കപ്പെട്ട അരുൺകുമാർ നമ്പൂതിരിയായിരിക്കും നാളെ പുലർച്ചെ 3 മണിക്ക് നട തുറക്കുക. ഡിസംബർ 26ന് മണ്ഡലപൂജ ദിവസം വരെയുള്ള എല്ലാദിവസവും ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ ഉണ്ട്.

ഈ വർഷത്തെ മകരവിളക്ക് ഡിസംബർ 30 നാണ്. മണ്ഡല പൂജകൾ അവസാനിച്ച് ഡിസംബർ 26 ന് രാത്രി 11 മണിക്ക് നട അടച്ച് മകരവിളക്ക് ആഘോഷങ്ങൾക്കായി ഡിസംബർ 30ന് വൈകിട്ട് അഞ്ചുമണിയോടെ നട വീണ്ടും തുറക്കും. ഈ വർഷത്തെ മണ്ഡല- മകരവിളക്ക് തീർത്ഥാടനത്തിന് സമാപനം കുറിച്ചുകൊണ്ട് ജനുവരി 20ന് ആയിരിക്കും നട അടക്കുക.

കഴിഞ്ഞവർഷം ശബരിമലയിൽ 16 മണിക്കൂർ നൽകിയിരുന്ന ദർശന സൗകര്യം ഇത്തവണ 18 മണിക്കൂറായി ഉയർത്തിയിട്ടുണ്ട്. ഇന്ന് മാത്രം മുപ്പതിനായിരത്തോളം പേരാണ് ദർശനത്തിനായി വെർച്വൽ ക്യൂ മുഖേന ബുക്ക് ചെയ്തിട്ടുള്ളത്.

Print Friendly, PDF & Email

Leave a Comment

More News