കണ്ണൂർ: നാടക സംഘം സഞ്ചരിച്ചിരുന്ന മിനി ബസ് മറിഞ്ഞ് മരണപ്പെട്ട രണ്ടു പേരുടെ കുടുംബങ്ങള്‍ക്ക് അടിയന്തര ധനസഹായമെന്ന നിലയില്‍ സാംസ്‌കാരിക ക്ഷേമനിധി ബോര്‍ഡ് 25000 രൂപ വീതം അനുവദിച്ചു. അപകടത്തിൽ മരിച്ച കായംകുളം മുതുകുളം സ്വദേശിനി അഞ്ജലി, കരുനാഗപ്പള്ളി തേവലക്കര സ്വദേശിനി ജെസി മോഹൻ എന്നിവരുടെ കുടുംബങ്ങൾക്കാണ് അടിയന്തര സഹായം നൽകുക. പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ ചികിത്സാ ചെലവുകള്‍ സാംസ്‌കാരിക വകുപ്പ് ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
മരണപ്പെട്ട രണ്ടു പേരും നാടകത്തിലെ നായികമാരായിരുന്നു. അവരുടെ മരണം ഏറെ വേദനാജനകമാണെന്ന് മന്ത്രി തന്റെ അനുശോചനക്കുറിപ്പില്‍ പറഞ്ഞു. മരണപ്പെട്ടവരുടെ ഭൗതികശരീരം കൊണ്ടുപോകുവാനും ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യപ്പെടുന്നവര്‍ക്കുമായുള്ള ആംബുലന്‍സ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ കേരള സംഗീത നാടക അക്കാദമിയോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. കൂടുതല്‍ സഹായങ്ങള്‍ നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
രാത്രിയില്‍ നാടകം കഴിഞ്ഞ് കടന്നപ്പള്ളിയിൽ നിന്ന് ബത്തേരിയിലേക്ക് പോകവേയാണ് വാഹനം അപകടത്തില്‍പ്പെട്ടത്. മലയാംപടി എസ് വളവിൽ വെച്ചാണ് മിനി ബസ് മറിഞ്ഞത്. 14 പേര്‍ സംഘത്തിൽ ഉണ്ടായിരുന്നു. 9 പേരെ പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കായംകുളം സ്വദേശികളായ ഉണ്ണി, ഉമേഷ്, സുരേഷ്, ഷിബു, എറണാകുളം സ്വദേശികളായ വിജയകുമാർ, ബിന്ദു, കല്ലുവാതുക്കൽ സ്വദേശി ചെല്ലപ്പൻ, കൊല്ലം സ്വദേശി ശ്യാം, അതിരുങ്കൽ സ്വദേശി സുഭാഷ് എന്നിവരാണ് അപകടത്തില്‍ പരിക്കേറ്റ് കണ്ണൂരിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്.