തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേളയിലെ ജേതാക്കളെ അനുമോദിക്കുന്ന ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പങ്കെടുത്തില്ല. ഓവറോൾ ചാമ്പ്യന്മാരായ തിരുവനന്തപുരം ടീമിന് മണക്കാട് സ്കൂളിൽ നൽകിയ അനുമോദന ചടങ്ങിൽ നിന്നാണ് മന്ത്രി വിട്ടു നിന്നത്.
പരിപാടിയിൽ മന്ത്രി പങ്കെടുക്കുമെന്നായിരുന്നു ഓഫീസിൽ നിന്ന് ആദ്യം അറിയിച്ചത്. മറ്റ് പരിപാടികൾ ഇതേ സമയം ഷെഡ്യൂൾ ചെയ്തിരുന്നതുമില്ല. എന്നാൽ അവസാന നിമിഷം പരിപാടിയിൽ പങ്കെടുക്കാതിരുന്നത്, മറ്റ് പരിപാടികളുടെ തിരക്കു മൂലമാണെന്നാണ് മന്ത്രിയുടെ ഓഫീസ് നൽകുന്ന വിശദീകരണം.
കായികമേള പോയിൻ്റിനെ ചൊല്ലിയുള്ള തർക്കമാണ് വിട്ടുനിൽക്കലിന് പിന്നിൽ എന്നാണ് സൂചന. കായിക മേളയിലെ അത്ലറ്റിക് വിഭാഗത്തിൽ തിരുവനന്തപുരം ജി വി രാജ സ്കൂളിന് രണ്ടാം സ്ഥാനം നൽകിയത് വിവാദമായിരുന്നു. തിരുനാവായ നാവാ മുകുന്ദ സ്കൂളും കോതമംഗലം മാർ ബേസിൽ സ്കൂളും ഇതിനോടകം നിയമ നടപടികളും ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.
സ്കൂൾ കായികമേളയുടെ സമാനതകളില്ലാത്ത സംഘാടന മികവിന്റെ പേരിൽ സർക്കാരിനും മന്ത്രി വി ശിവൻകുട്ടിക്കും കിട്ടിയ കയ്യടികൾ എല്ലാം ഒറ്റയടിക്ക് തകർക്കുന്നതായിരുന്നു പുരസ്കാര വിവാദം. പതിവിന് വിപരീതമായി സ്കൂൾ വിഭാഗത്തിൽ സ്പോർട്സ് സ്കൂൾ ആയ ജി വി രാജ തിരുവനന്തപുരത്തിന് സമ്മാനം നൽകിയതാണ് വിവാദങ്ങൾക്ക് കാരണം.