ഏതൊരു ആരാധനയും രൂപം കൊള്ളുന്നതിന് പിന്നിൽ നന്ദിയുടെ ഒരു പ്രചോദനമുണ്ട്. തനിക്കു കടപ്പാടുള്ളഎന്തിനോടും ഏതിനോടും ഉരുത്തിരിയുന്ന നന്ദിയുടെ ബഹിസ്പുരണം ആരാധനയായി പുറത്തേക്ക്ഒഴുകുകയാണ്. ഈ ആരാധന എന്തിനായിരുന്നു എന്നാണ് ചോദ്യമെങ്കിൽ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെഇന്നുകളിൽപ്പോലും മനുഷ്യനിൽ നിന്ന് മാത്രമല്ലാ മൃഗങ്ങളിൽ നിന്ന് പോലും പുറപ്പെടുന്ന ഒരു സ്വാഭാവിക വിസർജ്ജനത്തിന്റെ അനിവാര്യമായ പ്രകടനമാണിത് എന്നു കാണാവുന്നതാണ്. ഉദാഹരണമായി ഒരുമനുഷ്യനിൽ നിന്ന് ഒരിക്കൽ ഒരാഹാരം സ്വീകരിച്ചിട്ടുള്ള നായ കാലമെത്ര കഴിഞ്ഞാലും ആ മനുഷ്യനെതിരിച്ചറിയുകയും നന്ദി പ്രകടിപ്പിക്കുകയും ചെയ്യുന്നതായി നമുക്കറിയാം. മാംസം കടിച്ചു കീറി തിന്ന് നിലനിൽക്കേണ്ടുന്ന നായകൾ നല്ല മാംസത്തിന്റെ നല്ല സ്രോതസ്സായ മനുഷ്യ ശരീരം കടിച്ചു കീറാതെ അവന്റെ മുന്നിൽ വാലാട്ടി നിൽക്കുന്നത് തന്നെയാണ് ഈ നന്ദി പ്രകടനത്തിന്റെ മൃഗ വേർഷനുകളിൽ ഒന്ന്.
ഒരു മൃഗമായ നായയിൽ രൂപപ്പെടുന്ന ഇതേ വികാരം തന്നെയാണ് വിശേഷ ബുദ്ധിയുള്ള മൃഗമായ മനുഷ്യനിലും പ്രകടമാവുന്നത്. തന്റേതായ യാതൊരു പങ്കുമില്ലാതെ തനിക്കു ലഭ്യമാവുന്ന പ്രാപഞ്ചിക സൗഭാഗ്യങ്ങളുടെആസ്വാദന നിറവിൽ തനിക്കു വേണ്ടി നിൽക്കുന്ന ഒന്ന് തന്റെ പിന്നിൽ ഉണ്ട് എന്ന ബോധ്യം തന്റെ സപ്ലയറോട്ഉണ്ടാക്കി വയ്ക്കുന്ന കടപ്പാടിന്റെ പ്രകട രൂപമാണ് നന്ദി എന്ന ഈ ആരാധന.
തകഴിയോടും വിജയനോടും മുകുന്ദനോടും മാത്രമല്ലാ ആശാനോടും ചങ്ങമ്പുഴയോടും വയലാറിനോടും നമുക്ക് ആരാധനയുണ്ട്. നമ്മിൽ പലരും അവരെ നേരിൽ കണ്ടിട്ടില്ലെങ്കിലും അവരെ അറിയാം. അവരുടെ മനസ്സുകൾകോറിയിട്ട രചനകളിൽ നിന്ന് നമുക്ക് അനുഭവിക്കാനായ ആസ്വാദന മാധുര്യമാണ് അവരെ നമ്മുടെ ആരാധനാമൂർത്തികളാക്കിയത്. പ്രപഞ്ചത്തോടൊപ്പം പ്രപഞ്ചമായി നില നിൽക്കുന്ന പ്രപഞ്ച മനസ്സ് കോറിയിട്ടനമുക്കറിയുന്ന രചനയാണ് പ്രകൃതി എന്നതിനാൽ ഈ പ്രകൃതിയിൽ ലഭ്യമാവുന്ന വായനാ സുഖംആസ്വദിക്കുമ്പോൾ സ്വാഭാവികമായും ആ രചയിതാവിനോട് നമ്മിൽ ആരാധന രൂപപ്പെടുന്നു !
( ശാസ്ത്ര സംജ്ഞയിൽ സിങ്കുലാരിറ്റി എന്ന് അടയാളപ്പെടുത്താവുന്ന ) അമ്മ ഭ്രൂണത്തിൽ നിതാന്തനിദ്രയിലായിരുന്ന എന്നെയും നിങ്ങളെയും പന്ത്രണ്ടു ഘനയടിയിൽ ഇത് പോലെ രൂപപ്പെടുത്തുകയുംഇതിനുള്ളിൽ സ്ഥിതി ചെയ്തു കൊണ്ട് ഇതിനെ നില നിർത്തി എന്നെക്കൊണ്ട് ഇതെഴുതിക്കുകയുംനിങ്ങളെക്കൊണ്ട് ഇത് വായിപ്പിക്കുകയും ചെയ്യുന്ന ബോസ് നിലവാരത്തിലുള്ള ഒരു സംവിധാനം നമുക്ക് തന്നെഅനുഭവേദ്യമായി സത്യമായിരിക്കുന്നത് നാം അറിയുന്നുണ്ട് എന്നതിനാൽ അതേ അറിവിൽ പ്രപഞ്ചത്തെ മൊത്തത്തിൽ എടുത്ത് ചിന്തിക്കുമ്പോൾ ആനുപാതികമായി പ്രപഞ്ചത്തോളം വലിയ ആ സത്യം പ്രപഞ്ച ബോസ്സായി പ്രപഞ്ചത്തിലുമുണ്ട് എന്നത് തന്നെയല്ലേ അടിസ്ഥാന സത്യം ?
പ്രപഞ്ചാത്മാവ് എന്നോ പ്രപഞ്ച ബോധാവസ്ഥ എന്നോ ഒക്കെ വിളിക്കാവുന്ന ഈ രചയിതാവിനോട്, നമ്മുടേതായ യാതൊരു പങ്കുമില്ലാതെ നമ്മുടേതെന്നു നാം വിളിക്കുന്ന നമ്മുടെ ജീവിതം നമുക്ക് ലഭ്യമാവുന്നതിനു കാരണമായിത്തീരുന്നു എന്നതിനാൽത്തന്നെ ആ സംവിധാനത്തോടുള്ള നമ്മുടെ നന്ദി പ്രകടനങ്ങളാണ് കാലികവും ദേശികവുമായിനമ്മൾ അനുഷ്ടിച്ചു കൊണ്ടിരിക്കുന്ന ഈ ആരാധനകൾ.
ഈ സത്യം തിരിച്ചറിയാതെ പോകുന്നവരെ ശാസ്ത്ര വക്താക്കൾ എന്നും സ്വതന്ത്ര ചിന്തകർ എന്നുമൊക്കെവിളിച്ച് ആരാധിക്കുന്നവർക്ക് അടിസ്ഥാന ആണികളിൽ ചിലതെങ്കിലും ഇളകിയിട്ടുണ്ടാവാം എന്നതല്ലേ ശരി ?
ഇതിലൂടെ ലഭ്യമാവുന്ന ആത്മ സംതൃപ്തിയുടെ അനശ്വര സംവേദനങ്ങൾ അത് അനുഭവിക്കുന്നവർക്ക് മാത്രംലഭ്യമാവുന്ന പ്രത്യേകതയാണെന്നും, ആ സമ്പർക്ക മേഖലയ്ക്ക് പുറത്തുള്ളവർക്ക് അത്അനുഭവപ്പെടുന്നില്ലായിരിക്കാം എന്നും നമുക്ക് സമ്മതിക്കേണ്ടതുണ്ട്. പവ്വർ സോഴ്സിൽ തൊട്ടിരിക്കുന്നബാറ്ററിയിൽ ചാർജ് നിറയുന്നത് അത് ഉപയോഗിക്കുന്നവർക്ക് മാത്രം തിരിച്ചറിയാനാവുന്ന പ്രത്യേകതയാണ്. എന്നതിനാൽ അല്ലാത്തവരുടെ കാഴ്ചയിൽ എല്ലാ ബാറ്ററികളും ഒരുപോലെ ആണെന്നേ തോന്നുകയുള്ളൂ.
തയ്യൽക്കാരന്റെ ജീവന ഉപാധിയായ തയ്യൽ മെഷീൻ തുടച്ചു വൃത്തിയാക്കി ലൂബ്രിക്കന്റ് ഓയിലിട്ടുസൂക്ഷിക്കേണ്ടത് തയ്യൽക്കാരന്റെ ചുമതലയാണ്. എങ്കിലേ അയാൾക്ക് വേഗത്തിൽ ആദായകരമായി ആമെഷീനിൽ ജോലി ചെയ്യുവാൻ സാധിക്കുകയുള്ളു.അതയാൾ ചെയ്യുന്നത് മെഷീന് വേണ്ടിയാണ് എന്ന്പറയുന്നതിലുപരി അയാൾക്ക് വേണ്ടിയാണ് എന്ന് പറയുന്നതാവും കൂടുതൽ ശരി. പവ്വർ സോഴ്‌സിൽ തൊട്ടിരുന്നുകൊണ്ട് ചാർജ് നിറച്ചെടുക്കേണ്ടത് പവ്വർ സോഴ്‌സിനെക്കാളുപരി ബാറ്ററിയുടെ ആവശ്യമാണ്.
ഇതുപോലെ ഒക്കെത്തന്നെയാണ് പ്രപഞ്ചാത്മാവുമായി തൊട്ടിരിക്കുന്ന മനുഷ്യാത്മാവിന്റെ അവസ്ഥയും. ചാരായവും വെള്ളവും കാഴ്ച്ചയിൽ ഒരു പോലെ ആണെങ്കിലും ചാരായത്തിലെ വീര്യം അത് അനുഭവിക്കുന്നവനുമനസ്സിലാകുന്നു ! തന്റെ വലിയ ഭാവത്തിൽ തൊട്ടിരിക്കുന്ന ചെറിയ ഭാവത്തിനും വലിയതിൽ നിന്നുള്ള ശക്തിയുംസ്റ്റാറ്റസ്സും ലഭ്യമാവുന്നു !
ലോകത്താകമാനം ദൈവം എന്ന പവ്വർ സോഴ്സിൽ തൊട്ടിരുന്നു കൊണ്ട് പവ്വർ നേടിയെടുക്കുന്ന ( ബാറ്ററികളാകുന്ന ) മനുഷ്യ ജീവികൾ ആത്മ സംതൃപ്തിയുടെ അനശ്വര തീരങ്ങളിൽ അഭിരമിക്കുന്നതിനുള്ളസാഹചര്യം ഇങ്ങനെ സംജാതമാവുന്നു. ചാരായവും വെള്ളവും കാഴ്ചയിൽ ഒരു പോലെയാണെങ്കിലും ചാരായംകുടിക്കുന്നവന് മാത്രമേ അതിലെ ലഹരി ആസ്വദിക്കാനാവുന്നുള്ളു.
വ്യക്തി ജീവിതത്തിൽ ഓരോ മനുഷ്യനും നേടിയെടുക്കേണ്ട ഈ ഊർജ്ജ സ്വീകരണം അവന്റെഅവകാശമായതിനാൽ അവനു സ്വയം നേടിയെടുക്കാവുന്നതേയുള്ളു. അതിനായി കട നടത്തുന്നവരിൽ നിന്ന്വില കൊടുത്ത് വാങ്ങേണ്ടതില്ല. തന്നെ വിൽക്കുന്നതിനായി തീയോളജി ഷോപ്പ് നടത്താൻ ഒരുത്തനെയും ദൈവംചുമതലപ്പെടുത്തിയിട്ടുമില്ല.
തിളങ്ങുന്ന കളർഫുൾ അറബിക്കുപ്പായങ്ങളോ കറുത്ത സിൽക്കിൽ തുന്നിയെടുത്ത സവോളത്തൊപ്പികളോധരിക്കുന്നതു കൊണ്ട് നിന്നെക്കാൾ വലിയവനായി ഒരുത്തനെയും ദൈവം എണ്ണുന്നുമില്ല. അത് കൊണ്ട് തന്നെഒരുത്തന്റെയും കാലിൽ വീഴുവാനോ കൈ മുത്തുവാനോ നീ പോകാതിരിക്കുക. നിന്റ വിയർപ്പിന്റെ വിളയായനിന്റെ സമ്പാദ്യം തട്ടിയെടുക്കുവാൻ വിയർക്കാതെ കാത്തിരിക്കുന്നവരെ ഒഴിവാക്കുക. നിന്റെ നെറ്റിയിൽ അവൻഒട്ടിച്ചു തരുന്ന വർഗ്ഗീകരണത്തിന്റെയും വിഭാഗീയതയുടെയും ലേബലുകൾ പറിച്ചെറിഞ്ഞ് വെറും പച്ചയായമനുഷ്യനാവുക !
കല്ലും മുതിരയും ചേർത്ത് കൊടുക്കുന്ന ഭക്ഷണത്തിൽ നിന്ന് മുതിര വേർതിരിച്ചു ഭക്ഷിക്കുന്ന കുതിരയുടെ കഴിവ്പോലും പ്രകടിപ്പിക്കാതെ മനുഷ്യർ വെറുതേ കല്ല് കടിച്ച് പല്ല് കേടാക്കുകയാണ്. ഈ പല്ലു ചികിത്സക്കുള്ളദന്താശുപത്രികളും സ്ഥാപിച്ചു കാത്തിരിക്കുകയാണ് യുക്തിവാദികളും സ്വതന്ത്ര ചിന്തകരുമായിട്ടുള്ള ശാസ്ത്രീയബുദ്ധി ജീവികൾ.
മതത്തിന്റെ മണ്ടൻ വലകൾ പൊളിച്ച് പുറത്തു വരുന്ന സാധുജീവികൾ തന്ത്രപരമായി വിരിച്ചിട്ടുള്ള ഇവരുടെവലകളിൽ ലജ്‌ജാകരമായി വീണ്ടും വീണ്ടും അകപ്പെടുന്നു ? മത ഗ്രന്ഥങ്ങളിലെ ലൈംഗിക കേളികൾ മുതൽകഥയിലെ പാത്രങ്ങളുടെ അടിവസ്ത്രമഴിച്ച് പരിശോധിക്കുന്ന സർജിക്കൽ സ്ട്രൈക്ക് വരെയാണ് സംവാദവേദികളിലെ പരിപാടികൾ. ഉദാഹരണമായി ലക്ഷക്കണക്കിന് വർഷങ്ങളുടെ പരിണാമ പരമ്പരയിലൂടെയാണ്മനുഷ്യൻ രൂപപ്പെട്ടത് എന്ന് ഇവരുടെ ഗുരുവായ ശാസ്ത്രം സമർത്ഥിക്കുമ്പോൾ ആറായിരം വർഷങ്ങൾക്ക് മുൻപ്എന്ന് എഴുത്തുകാരൻ തന്നെ സമ്മതിക്കുന്ന ഏദൻ തോട്ടത്തിലെ ആദത്തിന്റെയും ഹവ്വയുടെയും കഥയിൽആകൃഷ്ടരായി ഇവർ അവിടെ ദൈവത്തെ അന്വേഷിച്ചു നടന്നു നാണം കെടുകയാണ്.
ആരാധന എന്ന പേരിൽ വട്ടു പിടിച്ച് ജന ദ്രോഹം നടത്തുന്ന മരപ്പൊട്ടന്മാരുടെ നാടാണ് ഭാരതവും ഭാരതത്തിന്റെഭാഗമായ കേരളവും. ഡൽഹിയിലെ തെരുവുകളിൽ മുതുക്കിപ്പശുക്കൾക്ക് സമർപ്പിക്കാനായി റൊട്ടിയും മറ്റ് ഭക്ഷ്യവസ്തുക്കളുമായി നിര നിരയായി നീങ്ങുന്ന വല്യമ്മമാരെ കണ്ടിട്ടുണ്ട്. വൃദ്ധ മൃഗങ്ങളെ സംരക്ഷിക്കുന്നു എന്ന ഇതിലെ നന്മ അംഗീകരിക്കുന്നുവെങ്കിൽക്കൂടി അത് സ്വന്തം വീടുകളിലോ പൊതു തൊഴുത്തുകളിലോ ആവുന്നതല്ലേ കൂടുതൽ ശരി എന്ന ചോദ്യം സ്വാഭാവികമായും ഉയരുന്നുമുണ്ട്. ? വാഹനങ്ങളും ജനങ്ങളുംഒഴുകുന്ന പൊതു നിരത്തുകളിൽ ചാണകാഭിഷേകം നടത്തിച്ച് വാഹനാപകടങ്ങളും മരണ ഭീതിയും സൃഷ്ടിക്കേണ്ടതുണ്ടോ എന്നാണു ചോദ്യം ?
കേരളത്തിലാണെങ്കിൽ അച്ചാടും മുച്ചാടും അടിപൊളിയൻ ആനയെഴുന്നെള്ളത്തുകളാണ്. കഴുത്തും കാലുകളുംചങ്ങലകളിൽ കുരുക്കി നെറ്റിയുൾപ്പടെയുള്ള ശരീര ഭാഗങ്ങളിൽ ലോഹ നിർമ്മിതങ്ങളായ തകിടുകളും ഘോരമണികളും കെട്ടിത്തൂക്കിയിട്ടിട്ടാണ് ആന മേക്കപ്പ്. തിടമ്പ് എന്ന പേരിലുള്ള ഒരു വികൃത ചിത്രം നാലാളുകൾ അള്ളിപ്പിടിച്ചിരിക്കുന്ന ആനപ്പുറത്ത് പ്രദര്ശിപ്പിച്ചിട്ടാണ് ആരാധന.
ലോഹങ്ങളുടെ ചൊറിച്ചിലും മണികളുടെയും മനുഷ്യരുടെയും കിലുക്കങ്ങളും സഹിച്ച് ക്ഷമ കെട്ടിട്ടാണ് ആനനിൽക്കുന്നത്. ഇതൊന്ന് കഴിഞ്ഞു കിട്ടിയാൽ കിട്ടാനിടയുള്ള പഴക്കുലയും ശർക്കരയും മാത്രമാണ് ആനയുടെലക്‌ഷ്യം. അസ്വസ്ഥ നിമിഷങ്ങളുടെ ആശ്വാസത്തിനായി ഒന്ന് തിരിഞ്ഞു പോയാൽ പച്ച മാംസത്തിൽതോട്ടികൊളുത്തിൽ പിടിവലി. വേദനിച്ചോന്നു കരഞ്ഞു പോയാൽ. (മദ) ഭ്രാന്താരോപണത്തിൽ ക്രൂര മർദ്ദനം.
ഭയന്ന് വിറയ്ക്കുന്ന ജനങ്ങളുടെ കൂട്ടയോട്ടം, പോലീസിന്റെ മയക്കു വേടി. ഏതൊരു ജന്തുവിനാണ് ഇവിടെദേഷ്യം വരാത്തത് ? ചങ്ങലകൾ പൊട്ടുന്നു, കാലിലും കൊമ്പിലും മനുഷ്യർ പിടഞ്ഞു മരിക്കുന്നു. വല്ലകാര്യവുമുണ്ടായിരുന്നോ ഒരു മൃഗത്തിന്റെ ക്ഷമയെ ഇപ്രകാരം പരീക്ഷിച്ചു ചത്തു മലയ്ക്കുവാൻ ?
പള്ളിപ്പെരുന്നാളുകളുടെ ഇട വേളകളിൽ നാല് വാണം വിട്ടില്ലെങ്കിൽ , ഒരു മാലപ്പടക്കം പൊട്ടിയില്ലെങ്കിൽ എന്ത്പെരുന്നാള് ? ഇവർ പറയുന്ന സ്വർഗ്ഗത്തിൽ ഒരു ദൈവമുണ്ടെങ്കിൽ അങ്ങേരുടെ ചെവിക്കല്ല് തകർത്തിട്ട് വേണംതങ്ങൾക്കതു കയ്യടക്കാൻ എന്നാണു ഭാവം. അത് കൊണ്ട് തന്നെ കുടുംബാസൂത്രണ ഗുണ്ടുകളും ഹൃദയസ്തംഭന അമിട്ടുകളും ഒക്കെയുണ്ടാവും. അറിഞ്ഞോ അറിയാതെയോ പറ്റുന്ന അബദ്ധങ്ങളിൽ അകപ്പെട്ട്അനേകായിരങ്ങൾക്കു ജീവൻ നഷ്ടപ്പെടുന്നു- വല്ല കാര്യവുമുണ്ടായിരുന്നോ എന്ന് പള്ളക്രിസ്ത്യാനി ഭക്തശിരോമണികൾ ചിന്തിക്കണം?,
അടിസ്ഥാന പരമായി നന്ദിയുള്ളവരാണ് മനുഷ്യർ. അത് കൊണ്ട് തന്നെ അതിൽ നിന്നും ആരാധന ഉണ്ടാവുന്നു. ഈ ആരാധന അടുത്ത മനുഷ്യന് അസൗകര്യം സൃഷ്ടിക്കാതെ നിർവഹിക്കുക എന്നതായിരിക്കണം ആധുനികജനാധിപത്യ ബോധത്തിന്റെ പ്രാക്ടിക്കൽ പെർഫോമൻസ്. അപരനെ ദോഷകരമായി ബാധിക്കാത്ത ഏതുആരാധനയും അനുവദനീയവും അതൊരു സദ്സമൂഹ സൃഷ്ടിക്കുള്ള സംവേദനവുമാകുന്നു.