പാലക്കാട്: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് ഇന്ന് പ്രചരണത്തിന് കൊട്ടികലാശം. വീറും വാശിയും നിറഞ്ഞ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. വൈകിട്ട് മൂന്നോടെ മുന്നണികൾ കൊട്ടിക്കലാശവുമായി നഗരത്തിലേക്ക് എത്തും. സ്റ്റേഡിയം സ്റ്റാൻഡിന് മുൻവശത്തുള്ള ജംഗ്ഷനിലാണ് കൊട്ടിക്കലാശം നടക്കുക.
നിരവധി പ്രവർത്തകരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ശക്തി പ്രകടനത്തിനായിരിക്കും മുന്നണികൾ പ്രാധാന്യം നൽകുക. ഒന്നര മാസം നീണ്ട പരസ്യപ്രചാരണത്തിനു ശേഷം നടക്കുന്ന കലാശക്കൊട്ട് ഗംഭീരമാക്കാനുള്ള തയാറെടുപ്പിലാണ് മുന്നണികള്‍. ചേലക്കരയിലും വയനാട്ടിലും തിരഞ്ഞെടുപ്പു കഴിഞ്ഞതിനാല്‍ അവിടത്തെ സ്ഥാനാര്‍ഥികളും പ്രചാരണത്തിന് പാലക്കാട്ട് എത്തിയിട്ടുണ്ട്.
മാതൃകാപെരുമാറ്റച്ചട്ടം എല്ലാവരും കൃത്യമായി പാലിക്കണമെന്ന് ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ കലക്‌ടര്‍ ഡോ.എസ് ചിത്ര അറിയിച്ചു. കൊട്ടിക്കലാശത്തിന് ശേഷം നിശബ്‌ദ പ്രചാരണ വേളയില്‍ നിയമവിരുദ്ധമായി ആളുകള്‍ കൂട്ടം കൂടുകയോ പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുകയോ ചെയ്യാന്‍ പാടില്ല. ഈ 48 മണിക്കൂറില്‍ ഉച്ചഭാഷണികള്‍ ഉപയോഗിക്കുന്നതിനും ജാഥകളും പ്രകടനങ്ങളും സംഘടിപ്പിക്കുന്നതിനും വിലക്കുണ്ട്.
തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചേക്കാവുന്ന രീതിയിലുള്ള ഒരു പ്രദര്‍ശനവും ബള്‍ക്ക് എസ്എംഎസ്/വോയിസ് മെസേജുകള്‍, സിനിമ, ടെലിവിഷന്‍ പരിപാടികള്‍, പരസ്യങ്ങള്‍, സംഗീത പരിപാടികള്‍, നാടകങ്ങള്‍, മറ്റ് സമാന പ്രദര്‍ശനങ്ങള്‍, എക്‌സിറ്റ് പോള്‍ മുതലായവ അനുവദിക്കില്ല. തിയേറ്ററുകളില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാതിരിക്കാൻ തിയേറ്റര്‍ ഉടമകളും എസ്‌എംഎസ്, വോയിസ് മെസേജ് എന്നിവയിലൂടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാൻ മൊബൈല്‍ സേവനദാതാക്കളും ശ്രദ്ധിക്കണമെന്ന് കലക്‌ടര്‍ അറിയിച്ചു.
നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് ജനപ്രാതിനിധ്യ നിയമം 1951 സെക്ഷൻ 126 (1) എ പ്രകാരം തടവോ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും. സ്വതന്ത്രവും സുതാര്യവും നീതിപൂര്‍വകവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും മുഴുവൻ വോട്ടര്‍മാരും തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിക്കണെന്നും ജില്ലാ കലക്‌ടര്‍ അഭ്യർഥിച്ചു.
മുന്നണികളുടെ ആവേശം അതിരുകടക്കാതിരിക്കാന്‍ പൊലീസും അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ട്. എല്‍ഡിഎഫിനായി ഡോ. പി സരിനും യുഡിഎഫിനായി രാഹുല്‍ മാങ്കൂട്ടത്തിലും ബിജെപിയുടെ സി കൃഷ്ണകുമാറുമാണ് പാലക്കാട് ജനവിധി തേടുന്നത്. ബുധനാഴ്ചയാണ് വോട്ടെടുപ്പ്.
അതിനിടെ ഇരട്ട വോട്ട് വിവാദം എൽഡിഎഫ് ഇന്നും പ്രചാരണ ആയുധമാക്കും. വ്യാജ വോട്ടുകൾ ചേർത്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബിജെപിയും യുഡിഎഫും ശ്രമിക്കുന്നുവെന്നാണ് എൽഡിഎഫ് ആരോപണം. ഇതിനെതിരെ നടപടി ആവശ്യപ്പെട്ട് രാവിലെ കളക്ടറേറ്റിലേക്ക് എൽഡിഎഫ് മാർച്ച് സംഘടിപ്പിക്കും.