അമ്പലപ്പുഴയില്‍ പെണ്‍സുഹൃത്തിനെ കൊലപ്പെടുത്തി കുഴിച്ചു മൂടി; യുവാവ് കസ്റ്റഡിയില്‍

ആലപ്പുഴ: അമ്പലപ്പുഴയിൽ യുവതിയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തിൽ അറസ്റ്റിലായ ആണ്‍സുഹൃത്തിന്റെ വെളിപ്പെടുത്തല്‍ കേസിന് വഴിത്തിരിവായി. നവംബർ 7 ന് പുലർച്ചെ ഒരു മണിക്ക് ശേഷമാണ് കൊലപാതകം നടന്നതെന്ന് എഫ് ഐ ആറില്‍ വ്യക്തമാക്കി. ആണ്‍സുഹൃത്ത് ജയചന്ദ്രന്റെ സാന്നിധ്യത്തിൽ വിജയലക്ഷ്മി മറ്റൊരു സുഹൃത്തിനെ ഫോണിൽ വിളിച്ചത് ജയചന്ദ്രനെ പ്രകോപിതനാക്കിയതാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. കരൂരിലെ വീട്ടിൽ വെച്ചാണ് കൊലപാതകം നടന്നതെന്നും പോലീസ് പറഞ്ഞു.

കൊലപാതകത്തിനുശേഷം വിജയലക്ഷ്മിയുടെ സ്വർണാഭരണങ്ങള്‍ ജയചന്ദ്രന്‍ കൈക്കലാക്കിയിരുന്നു. പിന്നീട് മൂന്നു ദിവസത്തിനുശേഷം ഇയാള്‍ എറണാകുളത്തെത്തി. വിജയലക്ഷ്മിയുടെ മൊബൈൽ ഫോൺ കണ്ണൂരിലേക്കുള്ള സൂപ്പർ ഫാസ്റ്റ് ബസിൽ ഉപേക്ഷിച്ചു. കണ്ടക്ടർ ഫോൺ കണ്ടെത്തി പൊലീസിന് കൈമാറിയതാണ് കേസിൽ വഴിത്തിരിവായത്. കൊല്ലപ്പെട്ട വിജയലക്ഷ്മിയുടെ സുഹൃത്താണ് അറസ്റ്റിലായ മത്സ്യത്തൊഴിലാളി ജയചന്ദ്രൻ.

കരൂർ സ്വദേശിയായ ജയചന്ദ്രന്‍റെ വീടിനു സമീപത്തെ പറമ്പിൽ നടത്തിയ പരിശോധനയിലാണ് മൃതദേഹം കുഴിച്ചിട്ടതായി കണ്ടെത്തിയത്. അധികം ആഴത്തിലല്ലാതെ കുഴിയെടുത്താണ് വിജയലക്ഷ്മിയുടെ മൃതദേഹം കുഴിച്ചിട്ടിരുന്നത്. ഒപ്പം എംസാന്‍റും മെറ്റലും അടുക്കിയ നിലയിലായിരുന്നു. പുറത്തെടുത്ത വിജയലക്ഷ്മിയുടെ മൃതദേഹം അഴുകിയ നിലയിലായിരുന്നു. ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. തുടര്‍നടപടികള്‍ പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News