രാമേശ്വരത്ത് മേഘവിസ്ഫോടനം; മൂന്ന് മണിക്കൂറിൽ 362 മീല്ലീമീറ്റർ മഴ; തമിഴ്നാട്ടില്‍ വ്യാപക മഴ

ചെന്നൈ: രാമേശ്വരത്ത് മേഘവിസ്ഫോടനം. മൂന്ന് മണിക്കൂറിൽ 362 മീല്ലീമീറ്റർ മഴയാണ് രാമേശ്വരത്ത് പെയ്തത്. വടക്കുകിഴക്കൻ മൺസൂൺ ശക്തിപ്രാപിച്ചതിന് പിന്നാലെ തമിഴ്നാട്ടിലെ തെക്കൻ ജില്ലകളിൽ വ്യാപക മഴയാണ്. വെള്ളക്കെട്ടും സുരക്ഷാ പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടി പല ജില്ലകളിലും സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയെ തുടർന്ന് തിരുനെൽവേലിയിലെ എല്ലാ സർക്കാർ, സ്വകാര്യ സ്‌കൂളുകൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു. തൂത്തുക്കുടി, തെങ്കാശി ജില്ലകളിലും സമാനമായ രീതിയിൽ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

രാമനാഥപുരത്ത് കളക്ടര്‍ സിമ്രന്‍ജീത് സിംഗ് കഹ്ലോണ്‍ സ്‌കൂളുകളും കോളേജുകളും നല്‍കിയിരുന്ന അവധി നീട്ടി. തിരുവാരൂരില്‍ കലക്ടര്‍ ടി ചാരുശ്രീ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. കാരയ്ക്കല്‍ ജില്ലാ കലക്ടര്‍ ടി മണികണ്ഠനും സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, കേരളത്തിലെ 7 ജില്ലകളിൽ വരും മണിക്കൂറിൽ മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. അഞ്ച് മണിയോടെ പുറത്തിറക്കിയ അറിയിപ്പ് പ്രകാരം വരും മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ജില്ലകളിലാണ് മഴ സാധ്യതയുള്ളത്.

ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചിരിക്കുന്നത്. അതേസമയം ഇന്ന് 4 ജില്ലകളിൽ യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

Print Friendly, PDF & Email

Leave a Comment

More News