മണിപ്പൂർ: ജനതാദൾ യുണൈറ്റഡ് (ജെഡിയു) എംഎൽഎയുടെ വീട്ടിൽ ജനക്കൂട്ടം രണ്ട് മണിക്കൂറോളം അക്രമം അഴിച്ചു വിടുകയും വീട്ടിൽ സൂക്ഷിച്ചിരുന്ന സാധനങ്ങളെല്ലാം കവർന്നെടുക്കുകയും ചെയ്തു. ഏകദേശം 1.5 കോടിയുടെ ആഭരണങ്ങളും 18 ലക്ഷം രൂപയും കവർച്ച ചെയ്യപ്പെട്ടു. സംഭവത്തിൽ എംഎൽഎയുടെ അമ്മ പരാതി നൽകിയിട്ടുണ്ട്.
മണിപ്പൂർ ജെഡിയു എംഎൽഎ കെ. ജോയ്കിഷൻ സിംഗിന്റെ പടിഞ്ഞാറൻ ഇംഫാലിലെ തങ്‌മൈബന്ദ് ഏരിയയിലുള്ള വീടാണ് ജനക്കൂട്ടം കൊള്ളയടിച്ചത്. അമ്മയുടെ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതായി പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ജോയ്കിഷൻ്റെ വീടിന് കുറച്ച് അകലെയുള്ള ടോംബിസന ഹയർസെക്കൻഡറി സ്‌കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നിട്ടുണ്ടെന്നാണ് വിവരം. ഉരുളക്കിഴങ്ങ്, ഉള്ളി, ശീതകാല വസ്ത്രങ്ങൾ മുതലായവ ഞങ്ങളെപ്പോലുള്ളവർക്കായി അവിടെ സൂക്ഷിച്ചിരുന്നു, എല്ലാം കൊള്ളയടിച്ചു. എം.എൽ.എ.യുടെ വസതി തകർക്കരുതെന്ന് ഞങ്ങൾ ജനക്കൂട്ടത്തോട് ആവശ്യപ്പെട്ടിരുന്നു. കാരണം, പലായനം ചെയ്തവർക്ക് വിതരണം ചെയ്യുന്നതിനായി സാധനങ്ങൾ അവിടെ സൂക്ഷിച്ചിരുന്നുവെന്ന് ദുരിതാശ്വാസ ക്യാമ്പിൻ്റെ ചുമതലയുള്ള സന്നദ്ധപ്രവർത്തകൻ സനായി പറഞ്ഞു.
ആൾക്കൂട്ടം 3 എസികൾ കൊണ്ടുപോയി. 7 ഗ്യാസ് സിലിണ്ടറുകളും എടുത്തുകൊണ്ടു പോയി എന്ന് സന്നദ്ധപ്രവർത്തകൻ പറഞ്ഞു. ഒരു ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് മെയ്തേയ് സമുദായത്തിലെ 3 സ്ത്രീകളെയും പെൺകുട്ടികളെയും കാണാതായതിനെ തുടർന്ന് ജനക്കൂട്ടം രോഷാകുലരായിരുന്നുവെന്നും അതിന് ശേഷമാണ് ഇത്തരമൊരു സംഭവം നടന്നതെന്നും പറയപ്പെടുന്നു.