ഫിലഡല്‍ഫിയ: നോര്‍ത്ത് അമേരിക്കന്‍ സിറിയന്‍ ഓര്‍ത്തഡോക്സ് അതിഭദ്രാസനത്തിലെ മുതിര്‍ന്ന വൈദികനായ റവ. ഫാ. ജോസ് ദാനിയേല്‍ പൈറ്റേല്‍ (68) കോര്‍ എപ്പിസ്കോപ്പയായി നവംബര്‍ 24 ന് സ്ഥാനമേല്‍ക്കും. ഫിലഡല്‍ഫിയ സെന്റ് പീറ്റേഴ്സ് കത്തീഡ്രലില്‍ നടക്കുന്ന ചടങ്ങില്‍ ആര്‍ച്ച് ബിഷപ് യെല്‍ദോ മോര് തീത്തോസില്‍ നിന്നാണ് ഫാ. ജോസ് ദാനിയേല്‍ പൈറ്റേല്‍ കോര്‍ എപ്പിസ്കോപ്പായി ചുമതലയേല്‍ക്കുക. അമേരിക്കന്‍ അതിഭദ്രാസനത്തിലെ വിവിധ ഭക്തസംഘടനകളുടെ വൈസ് പ്രസിഡന്റ് സ്ഥാനവും അദ്ദേഹം വഹിച്ചിട്ടുണ്ട്.
കായംകുളം കാദീശാ യാക്കോബായ പള്ളി ഇടവകാംഗമായ ഫാ. ജോസ് ദാനിയേല്‍ പൈറ്റേല്‍, പൈറ്റേല്‍ കോശി ദാനിയേലിന്റെയും, എലീസബേത്തിന്റെയും മകനാണ്. കുര്യാക്കോസ് മാര്‍ കൂറീലോസ് മെത്രാപ്പൊലീത്തായില്‍ നിന്നും കശീശാപട്ടമേറ്റ ഫാ.ജോസ് ദാനിയേല്‍ പൈറ്റേല്‍ കൂറീലോസ് മെത്രാപ്പൊലീത്തയുടെ ആജീവനാന്ത സെക്രട്ടറിയായിരുന്നു.
സെന്റ് ജേക്കബ് ദസ്റൂഗ്സ്കൂള് ഓഫ് സിറിയകിന്റെ പ്രധാന അധ്യാപകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. വൈദിക വിദ്യാര്‍ത്ഥികളേയും, സ്കൂള്‍ കലാലയ വിദ്യാര്‍ഥികളെയും സുറിയാനിയും ആരാധനകളും അഭ്യസിപ്പിക്കുന്നു. സുറിയാനി ഭാഷ എല്ലാ വിശ്വാസികള്‍ക്കും അഭ്യസിക്കുവാന്‍ കഴിയുന്ന ഒരു സംരംഭമായാണ് ഈ സ്കൂള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്.
മലങ്കര മല്പാന് കണിയാമ്പാറമ്പില് കുര്യന് ആര്‍ച്ച് കോര്‍ എപ്പിസ്കോപ്പയോടൊപ്പം ചേര്‍ന്നു വിശുദ്ധ ഗ്രന്ഥത്തിന്റെ സമ്പൂര്‍ണ്ണ കയ്യെഴുത്തും പ്രൂഫ് പരിശോധനയും നിര്‍വ്വഹിച്ചിട്ടുള്ള ഫാ.ജോസ് ദാനിയേല്‍ പൈറ്റേല്‍, സിറിയന്‍ ഓര്‍ത്തഡോക്സ് ബൈബിള്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ സെക്രട്ടറിയാണ്.
സഭാസംബന്ധമായ വി. കുര്‍ബ്ബാന തക്സാ, ആരാധനാ ഗ്രന്ഥങ്ങള്‍, ക്രൈസ്തവ വിശ്വാസ സംബന്ധമായ ഗ്രന്ഥങ്ങള്‍ എന്നിവയുടെ പരിശോധനയും എഡിറ്റിംഗും അദ്ദേഹം നിര്‍വ്വഹിക്കുന്നു.
സഹധര്‍മ്മിണി: ബാസ്ക്യോമോ മോളിക്കുട്ടി നിരണം പുലുവിച്ചേരില്‍ കുടുംബാഗമാണ്. മക്കള്‍: ശൈനോ, ഗബ്യോ.