പത്തനംതിട്ട: പത്തനംതിട്ടയില്‍ നഴ്സിംഗ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് സഹപാഠികളായ മൂന്നു പെണ്‍കുട്ടികളെ പോലീസ് അറസ്തു ചെയ്തു. തിരുവനന്തപുരം അയിരൂപ്പാറ സ്വദേശിനി അമ്മു എസ്. സജീവാണ് മാനസിക പീഢനം സഹിക്കവയ്യാതെ ആത്മഹത്യ ചെയ്തത്. അമ്മുവിന്റെ സഹപാഠികളായ അഞ്ജന മധു, അലീന ദിലീപ്, എ.ടി അക്ഷിത എന്നിവരാണ് പൊലീസ് പിടിയിലുള്ളത്. ഇവര്‍ മൂവരും അമ്മുവിനെ മാനസികമായി പീഡിപ്പിച്ചെന്ന് കുടുംബം പരാതിപ്പെട്ടതനുസരിച്ചാണ് അറസ്റ്റ്. ഇവർക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയേക്കും.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചുട്ടിപ്പാറ കോളേജിലെ അവസാന വർഷ നഴ്‌സിംഗ് വിദ്യാർത്ഥിനി അമ്മു സജീവ് താഴെവെട്ടിപ്രത്തെ ഹോസ്റ്റൽ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് വീണ് മരിക്കുന്നത്. വീഴ്ചയിൽ നട്ടെല്ലിനും വാരിയെല്ലിനും ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിച്ചു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചിരുന്നു. മൂന്ന് സഹപാഠികളിൽ നിന്നും അമ്മുവിന് നിരന്തരം മാനസിക പീഡനം നേരിട്ടിരുന്നുവെന്നാണ് കുടുംബം ആരോപിച്ചിരുന്നത്.
സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. നടന്നത് ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. എന്നാൽ, അമ്മു ആത്മഹത്യ ചെയില്ലെന്നാണ് കുടുംബം പറയുന്നത്. അമ്മുവിൻറെ സഹോദരൻ അഖിലിൻറെ വിശദമായ മൊഴി രേഖപ്പെടുത്തിയ പത്തനംതിട്ട പൊലീസ് മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. ആരോപണവിധേയരായ പെൺകുട്ടികളുടെ മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു.