കൊച്ചി: ശബരിമലയിൽ വിതരണം ചെയ്ത ഉണ്ണിയപ്പത്തില്‍ പൂപ്പല്‍ കണ്ടെത്തിയത് ഗൗരവമായ വിഷയമാണെന്ന് ഹൈക്കോടതി ദേവസ്വം ബഞ്ച് നിരീക്ഷിച്ചു. പൂപ്പൽ പിടിച്ച ഉണ്ണിയപ്പത്തിന്റെ ചിത്രം ഉൾപ്പെടെ അഭിഭാഷകൻ കോടതിയിൽ ഹാജരാക്കി. അഭിഭാഷകൻ ഹാജരാക്കിയ ചിത്രം പരിശോധിച്ചാണ് ഹൈക്കോടതി നിരീക്ഷണം. രാവിലെ കോടതി അമിക്കസ് ക്യൂറിയോടു വിശദീകരണം തേടിയിരുന്നു. വിഷയം തിങ്കളാഴ്ച പരിഗണിക്കുമെന്നു ഹൈക്കോടതി വ്യക്തമാക്കി.
അതേസമയം, മഴയും ഈർപ്പവും കാരണമാകാം ഉണ്ണിയപ്പത്തിൽ പൂപ്പൽ ബാധിച്ചതെന്നു ദേവസ്വം ബോർഡ് വിശദീകരിച്ചു. പൂപ്പൽ ബാധിച്ച ഉണ്ണിയപ്പം വിതരണം ചെയ്യുന്നില്ലെന്നു ഉറപ്പാക്കി. വിഷയത്തിൽ രേഖാമൂലം മറുപടി നൽകുമെന്നും ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം വിതരണം ചെയ്ത ഉണ്ണിയപ്പത്തിലാണ് പൂപ്പൽ കണ്ടെത്തിയത്. കൊച്ചി കടുങ്ങല്ലൂർ സ്വദേശികൾ വാങ്ങിയ ഉണ്ണിയപ്പമായിരുന്നു പഴകിയത്. പാക്കറ്റിന് 45 രൂപ നിരക്കിലാണ് ഉണ്ണിയപ്പം വിതരണം ചെയ്തത്. ഉണ്ണിയപ്പത്തോടൊപ്പം അരവണയും വാങ്ങിയിരുന്നു. വീട്ടിലെത്തി പ്രസാദം തുറന്നുനോക്കിയപ്പോഴാണ് ഉണ്ണിയപ്പം പൂപ്പല്‍ പിടിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ ദേവസ്വം ബോർഡിനെതിരെ പ്രതിഷേധവുമായി ഭക്തർ രംഗത്തെത്തിയിരുന്നു.