സമൂഹ മാധ്യമങ്ങള്‍ വഴി സ്റ്റഡി മെറ്റീരിയലുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അയക്കുന്നതിന് വിലക്ക്

തിരുവനന്തപുരം: വിദ്യാർത്ഥികൾക്ക് വാട്സ്ആപ്പ് പോലുള്ള സമൂഹ മാധ്യമങ്ങൾ വഴി സ്റ്റഡി മെറ്റീരിയലുകൾ അയക്കുന്നതിന് അദ്ധ്യാപകര്‍ക്ക് വിലക്കേർപ്പെടുത്തി പൊതുവിദ്യാഭ്യാസ വകുപ്പ്. ഹയർ സെക്കൻഡറി അദ്ധ്യാപകർ ഉൾപ്പെടെയുള്ളവര്‍ക്കാണ് പൊതു വിദ്യാഭ്യാസ വകുപ്പ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

കുട്ടികൾക്ക് ക്ലാസ്സിൽ നിന്നും നേരിട്ട് ലഭിക്കേണ്ട പഠനാനുഭവങ്ങൾ നഷ്ടമാകുന്നതിന് ഇത്തരത്തിൽ സമൂഹ മാധ്യമങ്ങൾ വഴി സ്റ്റഡി മെറ്റീരിയലുകൾ അയച്ചു നൽകുന്നത് കാരണമാകുമെന്നും ഇത് ഒഴിവാക്കണമെന്നും പൊതു വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. കൂടാതെ, സ്കൂളുകളിൽ സന്ദർശനം നടത്തി നിരീക്ഷണം ശക്തമാക്കുകയും വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും പ്രതികരണങ്ങൾ അറിയുകയും ചെയ്യണമെന്ന് റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർമാർക്ക് പൊതു വിദ്യാഭ്യാസ വകുപ്പ് ഉത്തരവിലൂടെ നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്.

സ്കൂളുകളിൽ പ്രിൻസിപ്പൽമാർ ഇക്കാര്യം കൃത്യമായി നിരീക്ഷിച്ച നടപടിയെടുക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ഓൺലൈൻ പഠന രീതിയെ കോവിഡ് കാലത്ത് കുട്ടികൾക്ക് ക്ലാസ്സിൽ എത്താൻ കഴിയാതിരുന്നപ്പോൾ പ്രോത്സാഹിപ്പിച്ചിരുന്നു എന്നും നേരിട്ടുള്ള ക്ലാസുകൾ നിലവിൽ സംസ്ഥാനത്ത് നടക്കുന്ന സാഹചര്യത്തിൽ ഇത്തരത്തിൽ ഓൺലൈൻ പഠന രീതി തുടരുന്നത് കുട്ടികൾക്ക് ക്ലാസ്സിൽ നേരിട്ട് ലഭിക്കേണ്ട പഠന അനുഭവങ്ങൾ നഷ്ടമാക്കുന്നതിന് കാരണമാകുമെന്നും പൊതു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

രക്ഷിതാക്കൾ ഇത്തരത്തിൽ സമൂഹമാധ്യമങ്ങൾ വഴി പഠനസംബന്ധമായ കാര്യങ്ങൾ നൽകുന്നത് വിദ്യാർത്ഥികൾക്ക് അമിതഭാരവും പ്രിന്റൗട്ട് എടുത്തു പഠിക്കുമ്പോൾ ഉണ്ടാകുന്ന സാമ്പത്തികഭാരവും ഉണ്ടാകുന്നു എന്ന് ചൂണ്ടിക്കാട്ടി ബാലാവകാശ കമ്മീഷനിൽ പരാതി നൽകിയ സാഹചര്യത്തിലാണ്ഇത്തരത്തിൽ ഒരു നടപടി ഉണ്ടായിരിക്കുന്നത് എന്നും പൊതു വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.

Print Friendly, PDF & Email

Leave a Comment

More News