കല്‍പ്പറ്റ: വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ ആദ്യ ഫല സൂചനകളില്‍ യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്കാ ഗാന്ധിക്ക് മികച്ച ലീഡാണ്. ആദ്യ മണിക്കൂറിലെ ഫലം അനുസരിച്ച് പ്രിയങ്ക 24227 വോട്ടിൻ്റെ ഭൂരിപക്ഷം മറികടന്നു. തപാൽ വോട്ടുകൾക്കും വീട്ടിലെ വോട്ടുകൾക്കും പിന്നാലെ വയനാട്ടിൽ യന്ത്ര വോട്ടുകളുടെ എണ്ണവും ആരംഭിച്ചു. നാല് ലക്ഷത്തിലധികം വോട്ടിൻ്റെ ഭൂരിപക്ഷം പ്രിയങ്ക ഗാന്ധിക്കുണ്ടാകുമെന്നാണ് യുഡിഎഫ് ക്യാമ്പ് അവകാശപ്പെടുന്നത്.
മൂന്ന് കേന്ദ്രങ്ങളിലായാണ് വയനാട് ലോക്‌സഭ മണ്ഡലത്തിലെ വോട്ടെണ്ണല്‍ നടക്കുന്നത്. കല്‍പ്പറ്റ, മാനന്തവാടി, ബത്തേരി നിയമസഭാ മണ്ഡലങ്ങളിലെ വോട്ടുകള്‍ കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂളിലാണ് എണ്ണുന്നത്.
നിലമ്പൂര്‍, ഏറനാട്, വണ്ടൂര്‍ നിയമസഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ അമല്‍ കോളേജ് മൈലാടി സ്‌കില്‍ ഡെവലപ്പ്മെന്‍റ് ബില്‍ഡിങ്ങിലും തിരുവമ്പാടി നിയോജക മണ്ഡലത്തിലെ വോട്ടെണ്ണല്‍ കൂടത്തായി സെന്‍റ് മേരീസ് എല്‍പി സ്‌കൂളിലുമാണ് എണ്ണുന്നത്.
അതേസമയം, നവംബർ 13-നു നടന്ന വോട്ടെടുപ്പിൽ പോളിങ് ശതമാനം കുറഞ്ഞത് മുന്നണികളെ മുള്‍മുനയിൽ നിർത്തുന്നു. 64.71 ശതമാനം ആയിരുന്നു ഇക്കുറി പോളിങ്. ഏപ്രിലിൽ 73.57 ശതമാനം പോളിങ്ങുണ്ടായ സ്ഥാനത്താണിത്. പോളിങ്ങിലെ കുറവ് തങ്ങളുടെ രാഷ്ട്രീയവോട്ടുകളെ ബാധിച്ചില്ലെന്നും എതിരാളികൾക്കാണ് ക്ഷീണമുണ്ടാക്കുകയുമെന്ന പ്രചാരണത്തിലാണ് മുന്നണികൾ.
വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ പോളിങ് ഇടിവ് പ്രിയങ്കാ ഗാന്ധിയുടെ വിജയത്തെ ബാധിക്കില്ലെന്ന് കോൺഗ്രസ് നേതാവ് വേണുഗോപാൽ.
വയനാട് ലോക്‌സഭാ മണ്ഡലത്തിലെ പോളിങ് ശതമാനം 64.72 ശതമാനമായി കുറഞ്ഞു , മുൻ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 9.15 ശതമാനം കുറവ്. 2009-ൽ മണ്ഡലം രൂപീകൃതമായതിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പോളിംഗ് ശതമാനമാണിത്. 2019-ൽ രാഹുല്‍ ഗാന്ധി മത്സരിച്ചപ്പോൾ മണ്ഡലത്തിൽ 80.37% പോളിംഗ് രേഖപ്പെടുത്തി, അദ്ദേഹത്തിൻ്റെ വിജയമാർജിൻ 4.31 ലക്ഷം വോട്ടായിരുന്നു.