തിരുവനന്തപുരം: ദേശീയ ശ്രദ്ധയാകർഷിച്ച വയനാട് ഉപതെരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസ്. മണ്ഡലത്തിൽ വികസനം വേണമെങ്കിൽ ജനങ്ങൾ എൻഡിഎ സ്ഥാനാർഥിയെ തിരഞ്ഞെടുക്കുമെന്നും നവ്യ പ്രതികരിച്ചു. കഴിഞ്ഞ തവണ രാഹുൽ ഗാന്ധി വയനാട്ടിൽ നിന്ന് വിജയിച്ചെങ്കിലും ഈ മണ്ഡലം ഉപേക്ഷിച്ച് റായ്ബറേലി നിലനിർത്തി എന്നും അവര്‍ പറഞ്ഞു.
ഉരുൾപൊട്ടലിനെ തുടർന്ന് തെരഞ്ഞെടുപ്പിനെ നേരിടാനുള്ള മാനസികാവസ്ഥ മണ്ഡലത്തിലെ ജനങ്ങള്‍ക്ക് ഇല്ലാത്തതിനാല്‍ ഇത്തവണ വോട്ടിങ് ശതമാനം കുറഞ്ഞു. വയനാട്ടിൽ ജനങ്ങൾക്ക് വികസനം വേണമെങ്കിൽ അവർ എൻഡിഎയെ തെരഞ്ഞെടുക്കുമെന്നും നവ്യ വ്യക്തമാക്കി.
അതേസമയം, ത്രികോണ മത്സരം നടന്ന പാലക്കാട്ടില്‍ വിജയപ്രതീക്ഷയുമായി മൂന്ന് മുന്നണികളും രംഗത്തെത്തി. മൂന്ന് സ്ഥാനാര്‍ഥികളും രാവിലെ തന്നെ കല്‍പാത്തി ക്ഷേത്ര ദര്‍ശനം നടത്തി. പാലക്കാട് ‘താമര’ വിരിയുന്ന ചിത്രം എൻഡിഎ സ്ഥാനാര്‍ഥി സി കൃഷ്‌ണകുമാര്‍ ഫേസ്‌ബുക്കില്‍ പങ്കുവച്ചു. ‘ഈ ദിവസം നമ്മുടെ ആഘോഷത്തിൻ്റെ ദിനമാണ്. എന്‍റെ പ്രിയപ്പെട്ട നിങ്ങൾക്കൊപ്പം ശുഭവാർത്തകൾക്കായി കാത്തിരിക്കുന്നു’ എന്ന് അദ്ദേഹം കുറിച്ചു.കഴിഞ്ഞ തവണ നഷ്‌ടപ്പെട്ട പാലക്കാട് ഇത്തവണ വിജയിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
പല്ലശ്ശന ദേവീ ക്ഷേത്രത്തിൽ ദർശനം നടത്തിയതിന് ശേഷമാണ് അദ്ദേഹത്തിന്‍റെ പ്രതികരണം. പാലക്കാട് 5000ത്തിലധികം ഭൂരിപക്ഷം ഉണ്ടാകും. ഇത്തവണ വിജയം ഉറപ്പാണ്, പ്രതീക്ഷിക്കുന്നത് പോലെ അടിയൊഴുക്ക് ഉണ്ടായാൽ കൂടുതൽ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാലക്കാട് ജയം ഉറപ്പെന്ന് ആവർത്തിച്ച് ഇടത് സ്ഥാനാർഥി ഡോ. പി സരിൻ രംഗത്തെത്തി. കണക്കുകൾ ഭദ്രമെന്നും ആശങ്കയില്ലെന്നും അദ്ദേഹം പറഞ്ഞു. ആദ്യത്തെ അഞ്ച് റൗണ്ടിൽ നിർണായകമായ രണ്ട് ബൂത്തുകളുള്ളതിൽ കഴിഞ്ഞ തവണ എൽഡിഎഫ് നേടിയതിലേറെ വോട്ട് നേടും. ഈ ട്രന്‍റ് പിരായിരിയിലും മാത്തൂരിലും തുടരും.
പാലക്കാട് ബിജെപിയുടെ പുറകിൽ എൽഡിഎഫ് ആയിരിക്കും. നഗരസഭയിൽ 1500 വോട്ടിന് യുഡിഎഫിന്‍റെ പുറകിൽ പോയാലും പിരിയാരി എണ്ണിക്കഴിയുമ്പോൾ ഇടതുപക്ഷം ജയിക്കും. വോട്ടെണ്ണല്‍ കഴിയുമ്പോള്‍ അവസാനം ജയിക്കുന്നത് എല്‍ഡിഎഫ് ആയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മണ്ഡലം നിലനിര്‍ത്തുമെന്നും ഷാഫി പറമ്പിലിന്‍റെ പിൻഗാമി താൻ ആയിരിക്കുമെന്നുമുള്ള പ്രതീക്ഷ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലും പങ്കുവച്ചു. ബിജെപി വലിയ വിജയ പ്രതീക്ഷ വച്ചാലും അന്തിമ വിജയം മതേതരത്വത്തിനായിരിക്കുമെന്ന് അദ്ദേഹം പ്രതികരിച്ചു. നഗരസഭയിൽ ബിജെപിക്ക് ആധിപത്യമുണ്ടാകില്ലെന്നാണ് ഗ്രൗണ്ടിൽ നിന്ന് കിട്ടുന്ന റിപ്പോർട്ട്. നഗരസഭയിലും പഞ്ചായത്തിലും മതേതര മുന്നണിയുടെ വിജയമുണ്ടാകുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.