തൃശൂര്‍: ചേലക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ എൽഡിഎഫ് സ്ഥാനാർത്ഥി യു ആർ പ്രദീപ് ലീഡ് ചെയ്യുന്നുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. പ്രദീപ് 10,955 വോട്ടുകൾക്കാണ് ലീഡ് ചെയ്യുന്നത്.
അന്നത്തെ എംഎൽഎയും മുൻ ദേവസ്വം മന്ത്രിയുമായിരുന്ന കെ. രാധാകൃഷ്ണൻ ഈ വർഷം ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനാൽ വർഷങ്ങളായി ഇടതുപക്ഷ കോട്ടയായ ചേലക്കര മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് അനിവാര്യമായിരുന്നു.
പോസ്റ്റല്‍ വോട്ടുകൾ എണ്ണി തുടങ്ങിയപ്പോൾ മുതല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെ അപ്രസക്തയാക്കി കൊണ്ടാണ് പ്രദീപിന്‍റെ മുന്നേറ്റം. ചേലക്കരയില്‍ പി വി അൻവറിന്‍റെ സ്ഥാനാര്‍ത്ഥിക്കും ചലനമുണ്ടാക്കാൻ സാധിച്ചിട്ടില്ല.
ചേലക്കരയിൽ ഇടത് മുന്നേറ്റം തുടക്കത്തിൽ തന്നെ ദൃശ്യമായിരുന്നു. വരവൂർ പഞ്ചായത്തിലെ വോട്ടുകളാണ് ആദ്യം എണ്ണിയത്. എൽഡിഎഫ് തങ്ങളുടെ ഉരുക്കുകോട്ടയായി നിലനിർത്തിയ മണ്ഡലത്തിൽ അട്ടിമറി പ്രതീക്ഷ നിലനിർത്തിയാണ് യുഡിഎഫ് രമ്യ ഹരിദാസിനെ ഇറക്കിയത്. എന്നാൽ പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാൻ രമ്യ ഹരിദാസിന് സാധിച്ചില്ല. ചേലക്കരയിലെ ജനങ്ങൾ ഒരിക്കലും ഇടതുപക്ഷത്തെ കൈവിട്ടിട്ടില്ലെന്നാണ് യു ആര്‍ പ്രദീപിന്‍റെ ആദ്യ പ്രതികരണം. ഭൂരിപക്ഷം 10,000 കടക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, വയനാട്ടിൽ വയനാട്ടിൽ പ്രിയങ്ക ഗാന്ധി വലിയ മുന്നേറ്റമുണ്ടാക്കുന്നു. നാല് ലക്ഷം ഭൂരിപക്ഷം കടക്കുമെന്നാണ് യുഡിഎഫ് ക്യാമ്പിന്റെ വിലയിരുത്തൽ. എൽഡിഎഫ് സ്ഥാനാർത്ഥി സത്യൻ മൊകേരി രണ്ടാം സ്ഥാനത്തും നവ്യ ഹരിദാസ് മൂന്നാം സ്ഥാനത്തുമാണ്.