ന്യൂയോർക്ക്: നാഷണൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്‌സസ് ഓഫ് അമേരിക്കയുടെ (നൈന) ഒമ്പതാമത് ദ്വൈവാർഷിക കോൺഫറൻസ് ന്യൂയോർക്കിലെ ആൽബനിയിൽ നടന്നു. നൈന പ്രസിഡൻ്റ് സുജ തോമസിൻ്റെ നേതൃത്വത്തിൽ വ്യത്യസ്തയാർന്ന പരിപാടികളാണ് അരങ്ങേറിയത്.
“സിനർജി ഇൻ ആക്ഷൻ: ഇന്നൊവേഷൻ, ടെക്‌നോളജി, കൊളാബറേഷൻ” എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് പരിപാടി സംഘടിപ്പിച്ചത്. നഴ്‌സിംഗ്, ഹെൽത്ത് കെയർ മേഖലകളിലുള്ളവർക്ക് പ്രചോദനം, സംയോജനം, നവീകരണം എന്നിവയുടെ പ്രാധാന്യം മനസ്സിലാക്കാൻ ഈ ഒത്തുചേരൽ സഹായകമായി. ദേശീയ കൺവീനർ താര ഷാജൻ, ചാപ്റ്റർ കൺവീനർ ഡോ. അമ്പിളി നായർ എന്നിവരുടെ ശ്രമഫലമായി രാജ്യത്തുടനീളമുള്ള 250-ലധികം നഴ്‌സുമാരെയും ആരോഗ്യപരിപാലന വിദഗ്ധരെയും ഒരുമിച്ച് കൊണ്ടുവരാൻ സാധിച്ചു.
ഉയർന്നുവരുന്ന സാങ്കേതികവിദ്യകൾ സമന്വയിപ്പിക്കുന്നതിനും ആരോഗ്യ സംരക്ഷണ വെല്ലുവിളികൾ പരിഹരിക്കുന്ന മാർഗങ്ങൾ നവീകരിക്കുന്നതിനുമുള്ള ഒരു ഫോറമായി ഇത് പ്രവർത്തിച്ചു. വാഷിംഗ്ടൺ ഡിസിയിലെ നഴ്‌സിംഗ് സർവീസസ് ഓഫീസിലെ എവിഡൻസ് ബേസ്ഡ് പ്രാക്ടീസ് അസോസിയേറ്റ് ഡയറക്ടർ കോളിൻ വാൽഷ്-ഇർവിൻ മുഖ്യ പ്രഭാഷണം നടത്തി. പിറ്റേന്ന് എഎൻഎ ചീഫ് നഴ്‌സിംഗ് ഓഫീസർ ഡെബ്ബി ഹാറ്റ്മേക്കർ സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
ഇന്നത്തെ ലോകത്തിൽ നഴ്‌സിംഗിന്റെ വിവിധ വശങ്ങൾ ചർച്ച ചെയ്യുന്നതോടൊപ്പം ബ്രേക്ക്ഔട്ട് സെഷനുകൾ, വർക്ക്‌ഷോപ്പുകൾ എന്നിവയും കോൺഫറൻസിന്റെ ഭാഗമായി നടന്നു. ടെലിമെഡിസിൻ മുതൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് വരെ രോഗി പരിചരണരംഗത്ത് പുതിയ മാറ്റം കൊണ്ടുവരുന്നതിനെക്കുറിച്ചും കോൺഫറൻസ് ഉൾക്കാഴ്‌ച പകർന്നു. രോഗികളുടെ ആവശ്യങ്ങൾ പ്രവചിക്കുന്നതിനും പരിചരണ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എങ്ങനെ സഹായിക്കുമെന്നും വേദിയിൽ ചർച്ചചെയ്തു. ടെക്‌നോളജി ആരോഗ്യസംരക്ഷണത്തിൻ്റെ അവിഭാജ്യഘടകമായി മാറിയിരിക്കുന്നു എന്ന് മനസ്സിലാക്കുന്നതിനും ഉൾക്കൊള്ളുന്നതിനുമായി ഈ സെഷൻ ഉപകാരപ്രദമായി. ഇലക്ട്രോണിക് ഹെൽത്ത് റെക്കോർഡ്‌സ്, റിമോട്ട് പേഷ്യൻ്റ് മോണിറ്ററിംഗ് തുടങ്ങിയ സാങ്കേതികവിദ്യകളുടെ പ്രയോജനങ്ങളും ചർച്ച ചെയ്തു.
ആരോഗ്യ സംരക്ഷണത്തിന് വിവിധ മേഖലകളിൽ (നഴ്‌സുമാർ ഡോക്ടർമാർ, തെറാപ്പിസ്റ്റുകൾ, മറ്റ് ആരോഗ്യപരിപാലന വിദഗ്ധർ) ടീം വർക്ക് ആവശ്യമാണെന്നും സെഷൻ ഇൻറർ ഡിസിപ്ലിനറി കോ-ഓപ്പറേഷന്റെ മൂല്യവും ഊന്നിപ്പറഞ്ഞു. കേസ് സ്റ്റഡീസ് പങ്കുവെക്കുന്നതിലൂടെ, ടീം വർക്ക് എങ്ങനെ മികച്ച രോഗനിർണയത്തിലേക്കും ചികിത്സയിലേക്കും നയിക്കുമെന്നും സെഷനിൽ പറഞ്ഞു.
ഈ വർഷത്തെ സമ്മേളനത്തിൽ പങ്കെടുത്തവർ പുതിയ കഴിവുകൾ, ആശയങ്ങൾ, പുതിയ ലക്ഷ്യബോധം എന്നിവയോടെയാണ് വേദി വിട്ടത്. നഴ്‌സിംഗ്, ഹെൽത്ത്‌കെയർ എന്നിവയിലെ വൈവിധ്യമാർന്ന വിഷയങ്ങൾ ഉൾക്കൊള്ളുന്ന ഒന്നിലധികം സെഷനുകളിൽ പങ്കെടുക്കാൻ ഏവർക്കും അവസരം ലഭിച്ചു.
നൈനയുടെ 9-ാമത് കോൺഫറൻസിൽ, 2025-26 കാലയളവിലെ പുതിയ ഭാരവാഹികൾക്കുള്ള പ്രവേശന ചടങ്ങിന്റെ ഭാഗമായി നഴ്‌സുമാരുടെ നൃത്തപ്രകടനങ്ങൾ ഉൾപ്പെടുത്തിയുള്ള ഗാലാ നൈറ്റും സംഘടിപ്പിച്ചു. എക്‌സിക്യുട്ടീവ് ബോർഡിലെയും നാഷണൽ കമ്മിറ്റിയിലെയും വരാനിരിക്കുന്ന ടേമിലേക്കുള്ള അംഗങ്ങളെ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
നൈനയുടെ 9-ാമത് കോൺഫറൻസിൽ, വിദ്യാ കനകരാജ് അവാർഡുകളും സ്‌കോളർഷിപ്പും പ്രഖ്യാപിച്ചു.
ഇന്ത്യയിലെ 11 ബിരുദ വിദ്യാർത്ഥികൾക്കും അമേരിക്കയിലെ ഒരു ഡോക്ടറൽ വിദ്യാർത്ഥിക്കും സ്‌കോളർഷിപ്പ് നൽകി.
അവാർഡ് ജേതാക്കൾ:
ലെഗസി ഓഫ് കെയറിംഗ് അവാർഡ്: സാന്ദ്ര ഇമ്മാനുവൽ
നൈറ്റിംഗേൽ അവാർഡ്: ബ്രിഡ്ജറ്റ് വിൻസെൻ്റ്
അഡ്വാൻസ്ഡ് പ്രാക്ടീസ് രജിസ്റ്റർഡ് നഴ്‌സ് അവാർഡ്: ആൻ ലുക്കോസ്
ഔട്‍സ്റ്റാൻഡിംഗ് അക്കാദമിക് പെർഫോമൻസ് അവാർഡ്: ആൻ്റോ പോൾ
മികച്ച ചാപ്റ്ററായി അരിസോണ ചാപ്റ്റര്‍ ആദരിക്കപ്പെട്ടു.
അടുത്ത ഭാരവാഹികൾ: നിയുക്ത പ്രസിഡൻ്റ് – ഉമാ വേണുഗോപാൽ, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡൻ്റ് – ലിഫി ചെറിയാൻ, വൈസ് പ്രസിഡൻ്റ് – താരാ ഷാജൻ, ട്രഷറർ – ഡോ. ഷീല സാജൻ, സെക്രട്ടറി – ഡോ. മുനീറ വെൽസ്.