29-ാമത് ഐ.എഫ്.എഫ്.കെ പ്രതിനിധി രജിസ്‌ട്രേഷന്‍ നവംബര്‍ 25 മുതല്‍ ആരംഭിക്കും; എട്ടു ദിവസത്തെ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത് 180 സിനിമകള്‍

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2024 ഡിസംബർ 13 മുതൽ 20 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 29-ാമത് ഐഎഫ്എഫ്‌കെയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷൻ നവംബർ 25 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കും.

ജനറൽ വിഭാഗത്തിന് ജിഎസ്ടി ഉൾപ്പെടെ 1180 രൂപയും, വിദ്യാർത്ഥികൾക്ക് ജിഎസ്ടി ഉൾപ്പെടെ 590 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. മേളയുടെ പ്രധാന വേദിയായ ടാഗോർ തിയേറ്ററിൽ സജ്ജീകരിച്ചിരിക്കുന്ന ഡെലിഗേറ്റ് സെൽ വഴിയോ registration.iffk.in എന്ന ലിങ്ക് വഴിയോ ഡെലിഗേറ്റ് രജിസ്ട്രേഷൻ നടത്താം. എട്ട് ദിവസം നീണ്ടുനിൽക്കുന്ന മേളയിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 180 ഓളം ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്.

ഏഷ്യന്‍, ആഫ്രിക്കന്‍, ലാറ്റിൻ അമേരിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ള സിനിമകളുടെ അന്താരാഷ്ട്ര മത്സര വിഭാഗം, മുന്‍നിര ചലച്ചിത്രമേളകളില്‍ അംഗീകാരങ്ങള്‍ നേടിയ സിനിമകള്‍ ഉള്‍പ്പെടുന്ന ലോകസിനിമാ വിഭാഗം, ഇന്ത്യന്‍ സിനിമ നൗ, മലയാളം സിനിമ റ്റുഡേ, കണ്‍ട്രി ഫോക്കസ് വിഭാഗത്തിലുള്ള ചിത്രങ്ങള്‍, മണ്‍മറഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്ക് സ്മരണാഞ്ജലിയര്‍പ്പിക്കുന്ന ഹോമേജ് വിഭാഗം തുടങ്ങിയ പാക്കേജുകള്‍ 29-ാമത് ഐ.എഫ്.എഫ്.കെയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സംവിധായകരും സാങ്കേതിക പ്രവര്‍ത്തകരും ജൂറി അംഗങ്ങളുമുള്‍പ്പെടെ വിദേശരാജ്യങ്ങളില്‍നിന്നുള്ള നൂറില്‍പ്പരം അതിഥികള്‍ മേളയില്‍ പങ്കെടുക്കും. മേളയുടെ ഭാഗമായി ഓപ്പണ്‍ ഫോറം, മീറ്റ് ദ ഡയറക്ടര്‍, ഇന്‍ കോണ്‍വര്‍സേഷന്‍, എക്‌സിബിഷന്‍, കലാസാംസ്‌കാരിക പരിപാടികള്‍ എന്നിവ ഉണ്ടായിരിക്കും.

Print Friendly, PDF & Email

Leave a Comment

More News