ബാഗൽക്കോട്ട്: ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് സ്ത്രീയുടെ കൈപ്പത്തികൾ അറ്റുപോയ സംഭവത്തിനു പിന്നിൽ കൊലപാതകശ്രമമാണെന്ന് കൊലപാതക ശ്രമമാണെന്ന് പൊലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തി. കർണാടകയിലെ ബാഗൽക്കോട്ടിലായിരുന്നു സംഭവം നടന്നത്. പരുക്കേറ്റ സ്ത്രീയുടെ കാമുകനായ സിദ്ധപ്പയെ സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്തു. കോപ്പളി സ്വദേശി സിദ്ധപ്പ ശ്രീവലന്താണ് പിടിയിലായത്.
ബാസമ്മ എന്ന സ്ത്രീക്കാണ് സ്ഫോടനത്തിൽ ഗുരുതരമായി പരുക്കേറ്റത്. അയൽവാസിയായ മറ്റൊരു സ്ത്രീയെ കൊലപ്പെടുത്താനായിരുന്നു ശ്രമിച്ചത്. അയൽവാസി വീട്ടിലില്ലാത്തതിനെ തുടർന്ന് കൊറിയർ വന്ന ഹെയർ ഡ്രയർ ബാസമ്മ വാങ്ങിവയ്ക്കുകയായിരുന്നു. പാഴ്സൽ തുറന്ന് ഹെയർ ഡ്രയർ പ്രവർത്തിപ്പിച്ചപ്പോഴായിരുന്നു സ്ഫോടനം. ബാസമ്മയുടെ രണ്ട് കൈപ്പത്തികളും സ്ഫോടനത്തിൽ അറ്റു പോയിരുന്നു. സാങ്കേതിക കാരണം കൊണ്ട് ഹെയർ ഡ്രയർ പൊട്ടിത്തെറിച്ചെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം.
ഹെയർ ഡ്രയർ ഓർഡർ ചെയ്തിട്ടില്ലെന്ന അയൽവാസിയായ ശശികല നൽകിയ മൊഴിയാണ് കേസിൽ വഴിത്തിരിവായത്. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ഈ അന്വേഷണത്തിലാണ് സ്ഫോടക വസ്തു ഘടിപ്പിച്ച് നടത്തിയ കൊലപാതക ശ്രമമാണ് നടന്നതെന്ന് കണ്ടെത്തിയത്. സിദ്ധപ്പയുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് ബാസമ്മയോട് ശശികല നിരവധി തവണ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നുണ്ടായ വൈരാഗ്യത്തിലാണ് ശശികലയെ കൊലപ്പെടുത്തുന്നതിനായി ഹെയർ ഡ്രയറിൽ സ്ഫോടക വസ്തു ഘടിപ്പിച്ച് കൊലപാതക ശ്രമം നടത്തിയത്.
ഗ്രാനൈറ്റ് കമ്പനിയിലാണ് സിദ്ധപ്പ ജോലി ചെയ്യുന്നത്. സ്ഫോടക വസ്തു ഉപയോഗിക്കാൻ സിദ്ധപ്പയ്ക്ക് അറിയാം. തുടർന്ന് സ്ഫോടക വസ്തു ഹെയർ ഡ്രയറിൽ ഘടിപ്പിച്ച് ശശികലയ്ക്ക് കൊറിയർ അയക്കുകയായിരുന്നു. ശശികല ഇത് നേരിട്ട് വാങ്ങുമെന്ന് കരുതിയാണ് സിദ്ധപ്പ കൊറിയർ അയച്ചത്. എന്നാൽ ശശികല വീട്ടിലുണ്ടായിരുന്നില്ല. ഇത് വാങ്ങിയത് ബാസമ്മയാണ് ഇത് വാങ്ങി ഉപയോഗിച്ചത്. തുടർന്നാണ് സ്ഫോടനം ഉണ്ടായത്. ബാസമ്മ ചികിത്സയിൽ കഴിയുകയാണ്.