മാർ ജേക്കബ് അങ്ങാടിയത്തിന്റെ ജീവചരിത്രം “അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി”; അജപാലകന്റെ അനുഭവ സാക്ഷ്യങ്ങളിലൂടെ ഒരു യാത്ര: ഷോളി കുമ്പിളുവേലി

ചിക്കാഗോ സിറോ മലബാര്‍ രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്തിന്റെ ജീവചരിത്രം “അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്തുതി ” ചിക്കാഗോയില്‍ നടന്ന സിറോ മലബാര്‍ എപ്പാര്‍ക്കിയല്‍ അസ്സംബ്ലിയിയുടെ സമാപന സമ്മേളത്തില്‍ വച്ച്‌ ബിഷപ്പ്‌ മാര്‍ ജോയ്‌ ആലപ്പാട്ട്‌, സിറോ മലങ്കര രൂപത ബിഷപ്പ്‌ ഫിലിപ്പോസ്‌ മാര്‍ സ്റ്റീഫനോസിന്‌ ആദ്യപ്രതി നല്‍കി പ്രകാശനം
ചെയ്തു.

രചനയ്ക്ക് പിന്നിൽ പലരുടെ അധ്വാനം ഉണ്ടങ്കിലും ഫാ ജോർജ്‌ ദാനവേലിൽ ആണ് എഡിറ്ററായി പ്രവർത്തിച്ചിരുന്നത്. വായനക്കാരെ പിടിച്ചിരുത്തുന്ന ആഖ്യാന രീതി ഏറെ ഇഷ്ടപ്പെട്ടു.

“അപ്പാ എണീക്ക്” അവൻ വിചാരിച്ചത് അപ്പൻ ഉറങ്ങുകയാണെന്നായിരുന്നു! അപ്പൻ എണീറ്റു വന്നാൽ പുറത്തുകയറി ആന കളിക്കാം, അതായിരുന്നു മൂന്നു വയസുകാരൻ ചാക്കോച്ചൻറെ മനസ്സിൽ. അപ്പന്റെ മരണം നേരിൽ കാണേണ്ടി വന്ന ആ മൂന്നു വയസ്സുകാരന്റെ അർത്ഥമറിയാതെയുള്ള പ്രതികരണം വായനക്കാരുടെ കണ്ണ് നനയിപ്പിക്കും.

അപ്പൻ്റെ വേർപാടിനെ തുടർന്നു കുട്ടിക്കാലത്തുണ്ടായ ശൂന്യത, കുടുംബത്തിൻറെ കഷ്ടപ്പാടുകൾ, കുടുംബ ബന്ധങ്ങളുടെ ദൃഢത , സഹോദര സ്നേഹത്തിന്റ ഇഴയടുപ്പം, ജേഷ്ടൻറെ ത്യാഗം എല്ലാം ഹൃദയസ്പർശിയായി കുറിച്ചിട്ടിരുന്നു.

“എൻറെ മൂത്ത ചേട്ടൻ എനിക്ക് പിതാവിൻ്റെ സ്‌ഥാനത്താണ്. അപ്പൻ മരിക്കുമ്പോൾ എനിക്ക് മൂന്നു വയസ്സും, ചേട്ടനു പതിനാറോ- പതിനേഴോ വയസുമാണ് പ്രായം. ആ ചേട്ടനാണ് പഠിപ്പു പോലും തല്ക്കാലം വേണ്ടന്നുവച്ചു ഞങ്ങളെ വളർത്തിയത്

“വർഷങ്ങൾക്ക് ഇപ്പുറവും ചേട്ടൻ്റെ ത്യാഗത്തെ നന്ദിപൂർവം സ്മരിക്കുന്ന അനിയൻ്റെ വാക്കുകൾ വായനക്കാരൻ്റെ മനസിനേയും ആർദ്രമാക്കും. കൂത്താട്ടുകുളത്തിനടുത്തുള്ള ഇലഞ്ഞി പഞ്ചായത്തും, പെരിയപ്പുറം ഗ്രാമവും, അവിടുത്തെ കൃഷി രീതികളും, നാട്ടിന്‍പുറത്തെ പള്ളിക്കൂടങ്ങളും , മത സഹോദര്യവുമെല്ലാം ആദ്യ അദ്ധ്യായങ്ങളില്‍ വിവരിക്കുന്നതിലൂടെ അക്കാലത്തെ
ഗ്രാമീണ വിശുദ്ധി പുതുതലമുറക്ക്‌ മനസിലാക്കാന്‍ സാധിക്കും.

അള്‍ത്താര ബാലനായി ശുശ്രുഷ ചെയ്യുന്നതിനെപ്പറ്റി പറയുമ്പോള്‍, മതബോധനത്തിന്റെ കാര്യത്തില്‍ അക്കാലത്തു ഇടവക വികാരിമാര്‍ എത്രമാത്രം കാര്‍ക്കശ്യക്കാര്‍ ആരിരുന്നുവെന്നു ഇപ്പോഴത്തെ തലമുറയ്ക്ക്‌ അശ്ച്യര്യത്തോടെ മാത്രമേ കാണുവാന്‍ കഴിയൂ!

അള്‍ത്താര ബാലനായി ശുശ്രുഷ ചെയ്തത്‌ കൊണ്ടാണ്‌ വൈദികരെ കൂടുതലായി മനസിലാക്കാന്‍ സാധിച്ചതും, സെമിനാരിയില്‍ ചേരണമെന്നുമുള്ള ആഗ്രഹം മനസ്സില്‍ ഉണ്ടാകാന്‍ കാരണമായതും. പത്താം ക്ലാസിനു ശേഷമാണ്‌ സെമിനാരിയില്‍ ചേരുന്നത്‌. എല്ലാവര്‍ക്കും സന്തോഷം, അമ്മക്കുമാത്രം ഒരു നിബന്ധന : രൂപതാ പട്ടക്കാരന്‍ ആയാല്‍ മതി ! അതാകുമ്പോള്‍ മകനെ
ഇടക്കൊക്കെ കാണാമല്ലോ !

“ചേട്ടന്‍ ആന്‍ഡ്രൂ, എനിക്കുള്ള പായും തലയിണയും എടുത്തു. ഒരു ചുമട്ടുകാരന്‍ പെട്ടിയും. ചിറ്റപ്പന്‍ മുന്നേ നടന്നു, പുറകെ ആന്‍ഡ്രു, ഏറ്റം പിന്നില്‍ ഞാനും”.

സെമിനാരിയിലേക്കുള്ള ആദ്യ യാത്ര മനോഹരമായി വര്‍ണ്ണിച്ചിരിക്കുന്നു. തുടര്‍ന്ന്‌, പാലാ സെന്‍റ്‌ തോമസ്‌ കോളേജിലെ പ്രീ യൂണിവേസിറ്റി പഠനവും, മൈനര്‍ സെമിനാരിയിലെ അക്കാലത്തെ ലളിത ജീവിതവും, നിഷ്ടകളും എല്ലാം വിശദമായിത്തന്നെ പ്രതിപാദിക്കുന്നുണ്ട്‌. കൂട്ടത്തില്‍ കോളേജിലേയും , സെമിനാരിയിലേയും പ്രഗത്ഭരായ അന്നത്തെ അദ്ധ്യാപകരെപ്പറ്റിയും, അവരുടെ
സ്നേഹവും കരുതലും ഒക്കെ വിശദമായിത്തന്നെ പറയുന്നുണ്ട്‌.

വര്‍ഷങ്ങള്‍ നീണ്ട പഠനത്തിനുശേഷം, പൌരോഹിത്യ സ്വീകരണം അടുത്തുവരുമ്പോള്‍ ഉണ്ടാകുന്ന മാനസിക വെല്ലുവിളികളേയും ഈ പുസ്തകം നന്നായി പ്രതിപാദിക്കുന്നു. “ചുഴിയില്‍ പെട്ട്‌ ശ്വാസത്തിനായി പിടയുന്നതുപോലെ തീവ്രമായ ദിവസങ്ങള്‍ ആയിരുന്നു”. ഈ വാക്കുകള്‍ മതി ആ മാനസിക സംഘര്‍ഷങ്ങള്‍ മനസിലാക്കാന്‍ !

പാലാ -ളാലം പഴയ പള്ളിയില്‍ വെച്ച്‌ വയലില്‍ പിതാവില്‍ നിന്നുമാണ്‌ തിരുപ്പട്ടം സ്വീകരിച്ചത്‌. ആദ്യ നിയമനം അസിസ്റ്റന്‍റ്‌ വികാരിയായി കുടുക്കച്ചിറ സെന്‍റ്‌ ജോസഫ്‌ ദേവാലയത്തില്‍ ആയിരുന്നു. പിന്നെ അരുവിത്തുറ പള്ളിയില്‍. വികാരിയായി ആദ്യ നിയമനം അമ്പാറനിരപ്പേല്‍ പള്ളിയില്‍ ആയിരുന്നു. തുടര്‍ന്ന്‌ പാലാ മൈനര്‍ സെമിനാരിയില്‍ അദ്ധ്യാപകനായും സേവനം ചെയ്തു.

കുടുക്കച്ചിറ പള്ളിയില്‍ അസിസ്റ്റന്‍റ്‌ വികാരിയായി സേവനം ചെയ്യുന്ന കാലത്തു സംസ്ഥാന സര്‍ക്കാരിന്‍റെ വിദ്യാഭ്യാസ നയത്തിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ ഫാ. ജേക്കബ്‌ അങ്ങാടിയത്ത്‌ നേതൃത്വം നല്‍കിയതും, സമരം ഫലം കണ്ടതും പുസ്തകതില്‍ പറയുന്നുണ്ട്‌. പിതാവിന്റെ നിശ്ചയദാര്‍ഢ്യത്തിന്‌ ഉത്തമ ഉദാഹരണമാണിത്‌. പില്‍ക്കാലത്തു അമേരിക്കയില്‍ സഭ
കെട്ടിപ്പടുക്കുന്നതിലുണ്ടായ വെല്ലുവിളികളെ നേരിട്ടതും ഈ നിശ്ചയദാര്‍ഢ്യം കൊണ്ടാണെന്നു നിസംശയം നമ്മുക്ക്‌ പറയാം.

പാലാ മൈനര്‍ സെമിനാരിയില്‍ അദ്ധ്യാപകനായി സേവനമനുഷ്ഠിക്കുന്ന അവസരത്തിലാണ്‌, വളരെ അപ്രതീക്ഷിതമായി പള്ളിക്കാപറമ്പില്‍ പിതാവിന്‍റെ ആ ഫോണ്‍ കാള്‍ വരുന്നത്‌ .. “ഒന്ന്‌ നേരില്‍ കാണണം”. ജീവിതത്തിലെ മറ്റൊരു അദ്ധ്യായം അവിടെ തുറക്കുകയായിന്നു. എല്ലാം ദൈവ നിയോഗം !!

അമേരിക്കയിലെ സിറോ മലബാര്‍ വിശ്വാസികളുടെ ആത്മീയ കാര്യങ്ങള്‍ക്കായി അവിടേക്കു പോകാമോ എന്നാണ്‌ പള്ളിക്കാപറമ്പില്‍ പിതാവ്‌ നേരിട്ട്‌ ചോദിച്ചത്‌ ! “പോകണമെന്നോ പോകുന്നില്ല എന്നോ ഞാന്‍ പറയുന്നില്ല, പിതാവ്‌ പറഞ്ഞാല്‍
പോകും”. പക്ഷേ അമ്മക്ക്‌ മകന്‍ നാടുവിട്ടു പോകുന്നതിനോടു താല്‍പ്പര്യം ഇല്ലായിരുന്നു. നാട്ടില്‍ ആണെങ്കില്‍ കൂടെ കൂടെ കാണണമല്ലോ . അതുപോലെ മരണ സമയത്തും മകന്‍ കൂടെ തന്നെ കാണും. അമ്മക്ക്‌ മകനോടുള്ള വാത്സല്യം വെളിവാക്കുന്ന വാക്കുകള്‍. “പിതാവ്‌ പറഞ്ഞാല്‍ പോകാതിരിക്കാന്‍ പറ്റില്ലല്ലോ അമ്മേ”. അനുസരണയല്ലേ ബലിയെക്കാള്‍ ശ്രേഷ്ഠം!

അങ്ങനെ എല്ലാവരുടേയും അനുഗ്രഹാശിസുകള്‍ ഏറ്റു വാങ്ങി, 1984 മാര്‍ച്ച്‌ 20-ാം തീയതി ഫാ. ജേക്കബ്‌ അങ്ങാടിയത്ത്‌ അമേരിക്കക്ക്‌ വിമാനം കയറി. തുടര്‍ന്ന്‌ ഡാലസില്‍ എത്തി. ഇനിയുള്ളത്‌ വര്‍ത്തമാന കാല ഇതിവൃത്തമാണ്‌ . ഒന്നും ഇല്ലായ്മയില്‍നിന്നും അമ്പതില്‍പ്പരം ഇടവകകളും മുപ്പത്തഞ്ചില്‍ അധികം മിഷനുകളും ഒക്കെയുള്ള വലിയൊരു സിറോ മലബാര്‍ രൂപത, അതും ഇന്‍ഡ്യക്കു പുറത്തുള്ള ആദ്യ രൂപത, ഇന്നു കാണുന്ന രീതിയില്‍ കെട്ടിപ്പടുക്കാനുണ്ടായ കഷ്ടപ്പാടുകളുടെയും , ത്യാഗങ്ങളുടേയും, കണ്ണീര്‍ ചിന്തിയ പ്രാര്‍ത്ഥനകളുടേയും നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മക്കുറിപ്പുകള്‍!!

അമേരിക്കയിലെ ആദ്യ ഈസ്റ്ററിനെപ്പറ്റി പിതാവ്‌ ഇങ്ങനെ ഓര്‍ത്തെടുക്കുന്നു : “ഈസ്റ്റര്‍ തിരുക്കര്‍മ്മങ്ങള്‍ കഴിഞ്ഞു എല്ലാവരും പിരിഞ്ഞു. എനിക്ക്‌ മാത്രം എവിടേയും പോകാനില്ല. ആരുമായും അടുപ്പം ഒന്നും ഉണ്ടായിട്ടില്ല. അമ്പത്‌ ദിവസത്തെ നോമ്പിന്‌ ശേഷം കഴിക്കാന്‍ ഒന്നുമില്ല. അറിയാതെ അമ്മയേയും കൂടപ്പിറപ്പുകളേയും ഓര്‍ത്തു. ഏകാന്തതയിലുള്ള ഈസ്റ്റര്‍… ഓര്‍ക്കുംതോറും
കണ്ണുനിറഞ്ഞു വന്നു… പിന്നെ സങ്കടം പൊട്ടിക്കരച്ചിലായി”. പിതാവിന്റെ സങ്കടം വായനക്കാരന്റേയും കണ്ണ്‌ നിറക്കുന്നു. ഇതൊക്കെ പുതു തലമുറയ്ക്ക്‌ അത്ഭുതമായി തോന്നിയേക്കാം!

ഒന്നും ഇല്ലായ്മയില്‍നിന്നുള്ള തുടക്കം, തുടര്‍ന്നു ക്രമേണയുള്ള വളര്‍ച്ച.. അമേരിക്കയിലെ വിവിധ സ്ഥലങ്ങളില്‍ ചെറിയ ചെറിയ സിറോ മലബാര്‍ കൂട്ടായ്മകള്‍ രൂപപ്പെട്ടു തുടങ്ങുന്നു.. അമേരിക്കന്‍ പള്ളികളില്‍ ശുശൂഷ ചെയ്തുകൊണ്ടിരുന്ന വൈദികരെ കണ്ടുപിടിച്ചു ഞായറാഴ്ചകളില്‍ സിറോ മലബാര്‍ ആരാധനാക്രമത്തില്‍ വിശുദ്ധ കുര്‍ബാനകള്‍ തുടങ്ങുന്നു.

തുടര്‍ന്ന്‌, അമേരിക്കയില്‍ ഒരു സിറോ മലബാര്‍ രൂപത സ്ഥാപിക്കുന്നതിനുള്ള സാധ്യതകളെ പറ്റി പഠിച്ചു റിപ്പോര്‍ട്ട്‌ നല്‍കാന്‍ രാജ്കോട്ട്‌ ബിഷപ്പായിരുന്ന മാര്‍ ഗ്രിഗറി കരോട്ടെനപ്പായലിനെ 1996 ല്‍ മാര്‍പ്പാപ്പ അമേരിക്കയ്ക്കു അയക്കുന്നു. ഗ്രിഗറി പിതാവ്‌ അമേരിക്കയിലെ വിവിധ സ്ഥലങ്ങളില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും സിറോ മലബാര്‍ വിശ്വാസികളോട്‌ ആശയമിനിമയം
നടത്തുകയും ചെയ്തു. അതേത്തുടര്‍ന്ന്‌ ഒരു സിറോ മലബാര്‍ രൂപത വേണമെന്ന വിശ്വികളുടെ ആവശ്യം ന്യായമാണെന്ന്‌ ഗ്രിഗറി പിതാവ്‌ റിപ്പോര്‍ട്ടു കൊടുക്കുകയും ചെയ്തു.

1997 ല്‍ ഫാ. ജേക്കബ്‌ അങ്ങാടിയത്ത്‌ ഡാലസിലെ പത്താം പിയുസ്‌ ദേവാലയത്തില്‍ നിന്നും ഗാര്‍ലന്റിലെ സെന്റ്‌ മൈക്കിള്‍ ദേവാലയത്തിലേക്ക്‌ സ്ഥലം മാറ്റപ്പെടുന്നു. രണ്ടു വര്‍ഷം അവിടെ സേവനം ചെയ്യുന്നു. അവിടെനിന്നുമാണ്‌ 1999 ജൂണ്‍ 30 നു ചിക്കാഗോയിലേക്ക്‌ വരുന്നത്‌. ആദ്യകാലത്തു ഇടവകകളില്‍ കൈക്കാരന്‍മ്മാരും പാരിഷ്‌ കൗണ്‍സില്‍ അംഗങ്ങളുമൊക്കെ ആകാനുള്ള വിശ്വാസികളുടെ താല്‍പ്പര്യവും മത്സരവുമൊക്കെ പിതാവിന്റെ ജീവചരിത്രത്തില്‍ പ്രതിപാദിക്കുന്നുണ്ട്‌.

സിറോ മലബാര്‍ രൂപത നിലവില്‍വന്നതിനെപ്പറ്റിയും, പ്രഥമ മെത്രാനായി ഉയര്‍ത്തപ്പെട്ടതിനെക്കുറിച്ചും ഈ പുസ്തകത്തില്‍ വിശദമായി പറയുന്നുണ്ട്‌.

ചിക്കാഗോയില്‍ ശുശ്രുഷ ചെയ്തുകൊണ്ടിരിക്കുന്ന അവസരത്തിലാണ്‌ ചിക്കാഗോയിലെ കര്‍ദ്ദിനാളിന്‍റെ ഫോണ്‍ കാള്‍ വരുന്നത്‌: “അപ്പസ്തോലിക്‌ ന്യൂണ്‍ഷ്യോയെ നേരിട്ട്‌ വിളിക്കണം”. അതനുസരിച്ചു ന്യൂണ്‍ഷ്യോയെ വിളിക്കുന്നു.”സിറോ മലബാര്‍ സഭക്ക്‌ പുതിയ രൂപത തുടങ്ങുന്നതിനുള്ള അനുവാദം പരിശുദ്ധ പിതാവ്‌ തന്നിട്ടുണ്ട്‌. രൂപതയുടെ പ്രഥമ മെത്രാനായി താങ്കളെ നിയമിക്കാനാണ്‌മാര്‍പ്പാപ്പയുടെ തീരുമാനം. സ്വീകരിക്കുന്നോ ?”

“ആലോചിക്കാന്‍ സമയം തരണം ” എന്നതായിരുന്നു ആദ്യ മറുപടി. നേരെ പോയത്‌ പ്രാര്‍ഥിക്കാന്‍ .. പ്രാര്‍ഥനകള്‍ക്കൊടുവില്‍ പരിശുദ്ധാത്മാവു വെളുപ്പെടുത്തിയ മറുപടി പിറ്റേ ദിവസം ന്യൂണ്‍ഷ്യോയെ അറിയിക്കുന്നു. അങ്ങനെ അമേരിക്കയിലെ സിറോ മലബാര്‍ രൂപത നിലവില്‍ വന്നു. പ്രഥമ മെത്രാനായി മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ നിയമിക്കപ്പെട്ടു. 2001 ജൂലൈ ഒന്നിന്‌
രൂപത ഉദ്ഘാടനം ചെയ്രപ്പെട്ടു. അന്നേദിവസം തന്നെ മാര്‍ അങ്ങാടിയത്തിന്റെ മെത്രാഭിഷേകവും നടന്നു.

തുടര്‍ന്നുള്ള അദ്ധ്യായങ്ങളില്‍ രൂപതയുടെ ബാലാരിഷ്ടതകളും, പ്രതിസന്ധികളും, ക്രമേണയുള്ള വളര്‍ച്ചയും, പിതാവിനെ വേട്ടയാടിയ രോഗത്തെപ്പറ്റിയുമൊക്കെ വിശദമായിത്തന്നെ പറയുന്നുണ്ട്‌.

മാര്‍ ജേക്കബ്‌ അങ്ങാടിയത്തിന്റെ ബാല്യം, കൌമാരം , സെമിനാരിപഠനം, ഇടവക ഭരണം , അമേരിക്കന്‍ ദാത്യം, ആദ്യകാല വൈദികര്‍ , ആദ്യകാല വെല്ലുവിളകള്‍ , ചിക്കാഗോ രൂപത രൂപീകരണം , തുടങ്ങി വിവിധ മേഖലകളെപ്പറ്റി ഈ പുസ്തകത്തില്‍ പ്രതിപാദിക്കുന്നുണ്ട്‌. മാര്‍ അങ്ങാടിയത്തിന്റെ ജീവചരിത്രത്തോടൊപ്പം , ചിക്കാഗോ സിറോ മലബാര്‍ രൂപതയുടെ ചരിത്രവും
ഇതില്‍ വ്യക്തമായി പറഞ്ഞിരിക്കുന്നു എന്നതും ഈ ജീവചരിത്രത്തെ വേറിട്ടതാക്കുന്നു.

ഫാ. ജോര്‍ജ്‌ ദാനവേലില്‍ ആണ്‌ ഈ പുസ്തകത്തിന്‍റെ എഡിറ്റിംഗ് ഭംഗിയായി നിര്‍വഹിച്ചിരിക്കുന്നത്‌. മനോഹരമായ അവതാരിക എഴുതിയിരിക്കുന്നത്‌ ബിഷപ്പ്‌ മാര്‍ ജോയ്‌ ആലപ്പാട്ടാണ്‌.

തീര്‍ച്ചയായും എല്ലാവരും “അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്തുതി” വായിച്ചിരിക്കേണ്ടതാണ്‌ . കൂടാതെ വരും തലമുറയ്ക്ക്‌ ചിക്കാഗോ രൂപതയെപ്പറ്റി മനസിലാക്കാനും അങ്ങാടിയത്ത്‌ പിതാവിന്റെ ജീവചരിത്ര ഗ്രന്ഥം ഉപകരിക്കും.

Print Friendly, PDF & Email

Leave a Comment

More News