എടത്വ :അമ്പലപ്പുഴ തിരുവല്ല സംസ്ഥാന പാതയിൽ എടത്വയിൽ കാത്തിരിപ്പ് കേന്ദ്രത്തിനായി ഇനിയും കാത്തിരിക്കണം. കൊടിക്കുന്നിൽ സുരേഷ് എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 5 ലക്ഷം രൂപ കൊണ്ട് എടത്വ ജംഗ്ഷനിൽ ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കുന്നതിന് ചമ്പക്കുളം ബ്ലോക്ക് ഡവലപ്പ്മെന്റ് ഓഫിസർക്ക് നിർവഹണ ചുമതല നല്കിയിരുന്നു. 17-ാം ലോക്‌സഭ കാലയളവിൽ ഭരണാനുമതി ലഭിക്കാതിരുന്നതു മൂലം കൊടിക്കുന്നിൽ സുരേഷ് എംപിയുടെ 18-ാം ലോക്സഭ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും തുക അനുവദിച്ചുകൊണ്ട് ഉത്തരവായെങ്കിലും പദ്ധതിയുടെ ഭരണാനുമതിക്കായി ബന്ധപ്പെട്ട രേഖകൾ വീണ്ടും പുതുക്കി ലഭിക്കുന്ന മുറയ്ക്ക് പ്രവൃത്തി നടപ്പിലാക്കുമെന്ന് ചമ്പക്കുളം ബ്ളോക്ക് ഡവലപ്പ്മെന്റ് ഓഫിസർ അറിയിച്ചു. എടത്വ ജംഗ്ഷനിൽ കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കുന്നതിന് കാലതാമസം നേരിട്ട സംഭവത്തിൽ എടത്വ വികസന സമിതിയുടെ പ്രസിഡന്റ് ഐസക്ക് എഡ്വേർഡിന്റെ അധ്യക്ഷതയിൽ ചേർന്ന എക്സിക്യൂട്ടീവ് യോഗം തീരുമാന പ്രകാരം ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വി.ഇടിക്കുള കലക്ടർക്ക് നല്‍കിയ നിവേദനത്തെ തുടർന്ന് ലഭിച്ച രേഖയിൽ ആണ് ഇത് വ്യക്തമാക്കുന്നത്.
എടത്വ ജംഗ്ഷനിൽ കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കുന്നതിന് 2023 ഏപ്രിൽ 20ന് എടത്വ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയും കേരള റോഡ് ഫണ്ട് ബോർഡ് എക്സിക്യൂട്ടീവ് എഞ്ചിനീയർ 2023 സെപ്റ്റംബർ 29ന് നിരാക്ഷേപ പത്രവും അനുബന്ധ രേഖകളും ബിഡിഒ യ്ക്ക് നല്കിയിരുന്നു.എന്നാൽ ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് എൽഎസ്ജിഡി സബ് ഡിവിഷൻ അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർ തയ്യാറാക്കിയ പ്രവ്യത്തിയുടെ എസ്റ്റിമേറ്റും അനുബന്ധ രേഖകളും ഉൾപ്പെടെ ഭരണാനുമതിക്കായി 2024 മാർച്ച് 11ന് ആണ് കളക്ടർക്ക് സമര്‍ച്ചത്.
എടത്വ സെന്റ് അലോഷ്യസ് കോളജ്, ഹെസ്ക്കൂൾ ഉൾപ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍,സർക്കാർ ഓഫീസുകൾ, ലക്ഷകണക്കിന് വിശ്വാസികള്‍ എത്തുന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ തീർത്ഥാടന കേന്ദ്രമായ എടത്വ സെന്റ് ജോർജ്ജ് ഫൊറോന പള്ളി ഉൾപ്പെടെയുള്ള എടത്വായിലെ ഏക പ്രധാന ജംഗ്ഷനിൽ കാത്തിരിപ്പ് കേന്ദ്രം നാളിതു വരെ നിർമ്മിച്ചിട്ടില്ല. നവീകരണം നടന്നപ്പോൾ ഉണ്ടായിരുന്ന തണൽ മരവും വെട്ടിക്കളഞ്ഞു.വെയില ത്തും മഴയത്തും ജനം കടത്തിണ്ണകളിലാണ് കയറി നില്ക്കുന്നത്. എടത്വ വികസന സമിതിയുടെ നേതൃത്വത്തിൽ കുത്തിയിരിപ്പ് പ്രതിഷേധ സമരങ്ങൾ നടത്തുകയും കേരള റോഡ് ഫണ്ട് ബോർഡ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് നിവേദന വും നല്കിയിട്ടുണ്ട്.മൂന്നാം ഘട്ടത്തിൽ ഉൾപ്പെടുത്തുന്നതിന് നടപടികൾ സ്വീകരിക്കുമെന്ന് കേരള റോഡ് ഫണ്ട് ബോർഡ് എക്സിക്യൂട്ടീവ് എഞ്ചിനീയർ നല്കിയ വിവരവകാശരേഖയിൽ വൃക്തമാക്കുന്നുണ്ട്.