അജ്മീര്‍ (രാജസ്ഥാന്‍): അജ്‌മീറിലെ പ്രശസ്തമായ ഖ്വാജ മൊയ്‌നുദ്ദീൻ ചിഷ്തി ദർഗയുടെ പരിസരത്ത് സങ്കട് മോചന്‍ മഹാദേവ ക്ഷേത്രം ഉണ്ടെന്ന് അവകാശപ്പെട്ട ഹർജി അജ്‌മീർ സിവിൽ കോടതി സ്വീകരിച്ചു. സിവിൽ ജഡ്ജി മൻമോഹൻ ചന്ദേലിൻ്റെ ബെഞ്ച് ന്യൂനപക്ഷകാര്യ മന്ത്രാലയം, ദർഗ കമ്മിറ്റി അജ്മീർ, ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) എന്നിവയ്‌ക്ക് ഈ വിഷയത്തിൽ റിപ്പോര്‍ട്ട്സമർപ്പിക്കാൻ നോട്ടീസ് അയച്ചു. അടുത്ത ഹിയറിങ് ഡിസംബർ 20ന് നിശ്ചയിച്ചു.
റിട്ടയേർഡ് ജഡ്ജി ഹർവിലാസ് ശാരദ എഴുതിയ ‘അജ്മീർ: ഹിസ്റ്റോറിക്കൽ ആൻഡ് ഡിസ്ക്രിപ്റ്റീവ്’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ഹിന്ദു സേനയുടെ ദേശീയ അദ്ധ്യക്ഷൻ വിഷ്ണു ഗുപ്ത ഹർജി സമർപ്പിച്ചത്. ദർഗയുടെ നിർമ്മാണത്തിന് ക്ഷേത്രത്തിലെ അവശിഷ്ടങ്ങൾ ഉപയോഗിച്ചുവെന്നും ദർഗ സമുച്ചയത്തിനുള്ളിൽ ഒരു ജൈന ക്ഷേത്രം ഉണ്ടെന്നും അവകാശപ്പെടുന്നു.
ദർഗ സമുച്ചയത്തിൽ എഎസ്ഐ സർവേ ആവശ്യപ്പെട്ട് ചരിത്രപരമായ തെളിവുകളും വസ്തുതകളും പിന്തുണയ്‌ക്കുന്ന 38 പേജുള്ള ഹർജി കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്ന് ഹർജിക്കാരനെ പ്രതിനിധീകരിച്ച് അഭിഭാഷകൻ രാം സ്വരൂപ് ബിഷ്‌നോയ് പറഞ്ഞു. ദർഗ കമ്മിറ്റി, ന്യൂനപക്ഷകാര്യ മന്ത്രാലയം, എഎസ്ഐ എന്നിവരെ കേസിലെ കക്ഷികളായി ഉൾപ്പെടുത്തിയിട്ടുണ്ട്.