ക്‌നാനായ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയ്ക്ക് പുതിയ നേതൃത്വം; അലക്സ് എസ്തപ്പാന്‍ കാവുംപുറത്ത് പ്രസിഡന്റ്

ന്യൂയോര്‍ക്ക്: ന്യൂയോർക്കിലെ മലയാളി സാമൂഹ്യ സാംസ്‌കാരിക മേഖലകളിലെ സജീവ സാന്നിധ്യവും ന്യൂയോർക്ക് കേരളാ സെന്റർ പ്രസിഡന്റ് കൂടിയായ അലക്‌സ് എസ്തപ്പാൻ കാവുംപുറത്ത് പ്രസിഡന്റായി ക്‌നാനായ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയ്ക്ക് പുതിയ നേതൃത്വം. നിലവിൽ കാനായുടെ നാഷണൽ കോർഡിനേറ്റർ കൂടിയാണ് അദ്ദേഹം. 2025 ജനുവരി 1ന് പുതിയ എക്‌സിക്യൂട്ടീവ് ചുമതല ഏൽക്കും. രണ്ടു വർഷമാണ് ഇവരുടെ കാലാവധി.

അലക്‌സ് എസ്തപ്പാനൊപ്പം ജോസഫ് മൂലപ്പള്ളി (ഫോർട്ട് ലോഡ്രസേൽ) വൈസ് പ്രസിഡന്റ്, സാലസ് കാലായിൽ (ഷിക്കാഗോ) സെക്രട്ടറി, പീറ്റർ ലൂക്കോസ് ഇലക്കാട്ട് (ഷിക്കാഗോ) ജോ. സെക്രട്ടറി, ഉപ്പച്ചൻ പതിയിൽ (ഷിക്കാഗോ) ട്രഷറർ, മാത്യു വാഴപ്പള്ളിൽ (ന്യൂയോർക്ക്) നാഷണൽ കോർഡിനേറ്റർ, ജോസ് കല്ലിടിക്കൽ (ഷിക്കാഗോ) പി.ആർ.ഒ എന്നിവരാണ് എക്‌സിക്യൂട്ടീവിലെ ഇതര അംഗങ്ങൾ. ഇവർക്കൊപ്പം ലൂക്കോസ് പാറേട്ട് (സാൻഫ്രാൻസികോ), ടോമി കാലായിൽ (ഷിക്കാഗോ), ജോയി ഒറവനക്കളം (സാൻ ആന്റണിയോ) എന്നിവർ ഉപദേശകസമിതി അംഗങ്ങളായും സിറിയക് പറത്തറ (സാൻഹൊസ്സെ), മാത്യു തേരാഡി (സൗത്ത് ബെൻഡ്, ഇൻഡ്യാനാ), ടോമി പുല്ലുകാട്ട്, ജോയി മുതുകാട്ട്, ഫിലിപ്പ് പുല്ലാപ്പള്ളി(മൂവരും ഷിക്കാഗോ) എന്നിവർ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുക്കപ്പെട്ടു.

നാല് പതിറ്റാണ്ടിലേറെകാലത്തെ പ്രവർത്തന പാരമ്പര്യമുള്ള കാനാ, കോട്ടയം രൂപതയും ക്‌നാനായ സമുദായവും തുടർന്ന് പോരുന്ന നിർബന്ധിത സ്വാവംശവിവാഹ നിഷ്ടയ്ക്കും, അത് പാലിയ്ക്കുവാൻ കഴിയാത്ത സമുദായ അംഗങ്ങളെ സമൂഹത്തിൽ നിന്നും ദേവാലയ അംഗത്വത്തിത്തിൽ നിന്നും വേർപെടുത്തുന്നതുമായ അക്രൈസ്തവ നടപടിയ്ക്കും വിവേചനത്തിനുമെതിരെ തുടർച്ചയായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ളതാണ്.

ഇൻഡ്യയിൽ ഇപ്പോഴും തുടരുന്ന ജാതി വ്യവസ്ഥയും വിവേചനങ്ങളും അമേരിക്കയിലേക്ക് കൂടി വ്യാപിയ്ക്കുവാൻ അനുവദിയ്ക്കില്ലെന്ന വത്തിക്കാനിലെ പൗരസ്ത്യ തിരുസംഘം 1986ൽ പുറപ്പെടുവിച്ച കല്പനയും അതേ നിലപാട് ആവർത്തിച്ചുകൊണ്ടുള്ള നിരവധി കല്പനകൾക്കും നിദാനമായത് കാനായുടെ നിരന്തരമായ ഇടപെടൽ വഴിയാണ്. നിർഭാഗ്യമെന്ന് പറയട്ടെ, അമേരിക്കയിലെ ക്‌നാനായ ദേവാലയങ്ങളും ഷിക്കോഗോ സെന്റ് തോസ് സീറോ മലബാർ രൂപതയും റോമിൽ നിന്നും ലഭിച്ച കല്പനകൾ പൂർണ്ണമായി ഉൾക്കൊള്ളുവാനോ, അനുസരിയ്ക്കുവാനോ ഇനിയും സന്നദ്ധരായിട്ടില്ല.

കാനായുടെ സഹോദര സംഘടനയായ ക്‌നാനായ കാത്തലിക് നവീകരണ സമിതി 2016 ൽ കോട്ടയം മുൻസിഫ് കോടതിയിൽ കോട്ടയം രൂപതയുടെ വിവേചനപരവും അക്രൈസ്തവവുമായ നടപടികൾക്കെതിരെ ഫയൽ ചെയ്‌തൊരു കേസിൽ മുൻസിഫ് കോടതിയും കോട്ടയം ജില്ലാ കോടതിയും വിവാഹത്തിന്റെ കാരണത്താൽ കോട്ടയം രൂപതാംഗങ്ങൾ നേരിടുന്ന പുറത്താക്കൽ നടപടിയും കൂദാശ നിക്ഷേധവും ഇൻഡ്യൻ ഭരണഘടന, പൗരർക്ക് ഉറപ്പ് നൽകിയിട്ടുള്ള തുല്യതയുടെയും വ്യക്തി സ്വാതന്ത്യത്തിന്റെയും ആരാധനാ സ്വാതന്ത്ര്യത്തിന്റെയും നിഷേധമാണെന്നും കാനോൻ നിയമത്തിന്റെ ലംഘനമാണെന്നും വിധി കല്പിച്ചു. ഈ വിധിയ്‌ക്കെതിരെ കോട്ടയം രൂപതാധികൃതർ ഫയൽ ചെയ്ത അപ്പീൽ ഇപ്പോൾ കേരളാ ഹൈക്കോടതിയുടെ പരിഗണനയിലാണ്.

സ്വവംശ വിവാഹനിഷ്ഠപോലുള്ള തികച്ചും അപ്രായോഗികവും അപ്രസക്തവുമായ സമ്പ്രദായങ്ങൾ അമേരിക്കപോലുള്ള പരിഷ്‌കൃതസമൂഹത്തിലും തുടരണമെന്ന് ശഠിയ്ക്കുന്നത് നിരർത്ഥകമാണ്. ഇവിടെ ജനിച്ചു വളർന്ന നമ്മുടെ കുട്ടികളുടെ വിവാഹസ്വപ്‌നങ്ങളുടെ നിഷേധവുമാണ്. യോജിച്ചൊരു ഇണയെ കണ്ടെത്തുവാൻ കഴിയാതെ അനേകം ക്‌നാനായ യുവാക്കൾ അമേരിക്കയിൽ വിവാഹ സ്വപ്‌നം തന്നെ ഉപേക്ഷിയ്ക്കുവാൻ സ്വയം നിർബന്ധിതരാകുന്നു.

ഈ അവസ്ഥയിൽ നിന്നും നമ്മുടെ യുവതലമുറയെ മോചിതരാക്കുവാനുള്ള കാനായുടെ പ്രവർത്തനങ്ങളിൽ അണിചേരുവാൻ വടക്കേ അമേരിക്കയിലെ എല്ലാ ക്‌നാനായ സഹോദരങ്ങളേയും കാനാ ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.

Print Friendly, PDF & Email

Leave a Comment

More News