വിവാഹം നടക്കാന്‍ മന്ത്രവാദ ചികിത്സ: പത്തൊമ്പതുകാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ 56കാരന് 16 വർഷം കഠിനതടവും 1,10,000 രൂപ പിഴയും

മലപ്പുറം: 56കാരന് 16 വർഷം കഠിനതടവും 1,10,000  രൂപ പിഴയും ശിക്ഷ. കാളികാവ് കെഎകെ പടിയിലെ കുന്നുമ്മൽ അബ്ദുൾ ഖാദറിനാണ് നിലമ്പൂർ അതിവേഗ പോക്‌സോ പ്രത്യേക കോടതി ജഡ്ജി കെപി ജോയി ശിക്ഷ വിധിച്ചത്. വിവാഹം നടക്കാനായി മന്ത്രവാദ ചികിത്സ നടത്താമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് 19 കാരിയെ ബോധം കെടുത്തി ഇയാള്‍ പീഡിപ്പിച്ചത്. തുടര്‍ന്ന് യുവതി ഗര്‍ഭിണിയായി.

പിഴത്തുക അതിജീവിതയ്ക്ക് നൽകണമെന്നും കോടതി വിധിച്ചു. പിഴയടച്ചില്ലെങ്കിൽ ഒരു വർഷവും രണ്ടു മാസവും അധികതടവ് അനുഭവിക്കണമെന്നും ഉത്തരവിട്ടു. പെട്ടെന്ന് വിവാഹം നടക്കാൻ മന്ത്രവാദ ചികിത്സ നടത്താമെന്ന് വിശ്വസിപ്പിച്ചാണ് പ്രതി 19 കാരിയെ പീഡനത്തിന് ഇരയാക്കിയത്. കുട്ടിയെ ബോധം കെടുത്തിയ ശേഷം ഇയാൾ പീഡിപ്പിക്കുകയായിരുന്നു. കുട്ടി പിന്നീട് ഗർഭിണിയായി. കുട്ടിയുടെ ഡി എൻ എ പരിശോധനയടക്കം നടത്തിയുള്ള തെളിവുകളാണ് പൊലീസ് സമർപ്പിച്ചത്.

കേസിൽ നിലമ്പൂർ പൊലീസ് ഇൻസ്‌പെക്ടറായിരുന്ന ടി സജീവനാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. അതിജീവിതക്ക് ജനിച്ച കുട്ടിയുടെ ഡി എൻ എ പരിശോധന നടത്തി നിലമ്പൂർ ഇൻസ്‌പെക്ടർ പി വിഷ്ണുവാണ് അന്വേഷണം പൂർത്തീകരിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സാം കെ ഫ്രാൻസിസാണ് കേസിൽ ഹാജരായത്.

ശാരീരികമായും മാനസികമായും അവശയായ അതിജീവിത വ്യക്തമായ രീതിയിൽ സംസാരിക്കാൻ കഴിയാത്ത നിലയിലാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടിരുന്നു. പ്രോസിക്യൂഷൻ ലൈസൺ വിങ്ങിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ പി സി ഷീബ പ്രോസിക്യൂഷനെ സഹായിച്ചു. ശിക്ഷ ലഭിച്ചതോടെ പ്രതിയെ തവനൂർ ജയിലിലേക്ക് മാറ്റി.

Print Friendly, PDF & Email

Leave a Comment

More News