പൊതുമരാമത്ത് വകുപ്പിന്റെ ഉപേക്ഷയും അശ്രദ്ധയും കെടുകാര്യസ്ഥതയും കാരണം കേരളത്തിലെ വാഴിയോരങ്ങൾ മരണക്കെണികളായി മാറിക്കൊണ്ടിരിക്കുന്നു.
കാലങ്ങളായി തുറന്നുകിടക്കുന്ന ഓടകൾ ഇപ്പോഴും അങ്ങനെത്തന്നെയുണ്ട്. അധികൃതരുടെ കൺമുന്നിൽ ഒരുപാട് അപകടങ്ങൾ നടന്നിട്ടും മാറ്റങ്ങളൊന്നും ഇല്ല.
വൃത്തിയായി സ്ളാബുകൾ നിരത്തിയ റോഡ് അരികുകൾ കാണണമെങ്കിൽ അടുത്ത സംസ്ഥാനങ്ങളിൽ ചെല്ലണം.
ഒന്നുകിൽ പൊട്ടിപ്പൊളിഞ്ഞ സ്ലാബുകൾ അല്ലെങ്കിൽ മൂടിയില്ലാത്ത ഓടകൾ എന്നതാണ് മിക്കയിടത്തേയും സ്ഥിതി. ജനവാസ മേഖലയിലെ ഓടകൾ സ്ലാബിട്ട് മൂടണമെന്ന കോടതി ഉത്തരവുകൾ നിലനിൽക്കെയാണ് ബന്ധപ്പെട്ടവരുടെ ഇത്തരത്തിലെ അലംഭാവം.
“കഴിഞ്ഞ ദിവസം ശ്രീകാര്യം കല്ലംപള്ളിയിൽ 72 കാരിയായ വീട്ടമ്മ കാൽ വഴുതി സമീപത്തെ ഓടയിൽ തലയിടിച്ച് വീണ് ദാരുണമായി മരിച്ച സംഭവമാണ് ഒടുവിലത്തേ വാർത്ത. ഈ പ്രദേശത്ത് നിർമ്മിച്ച ഓടകൾക്ക് ഒന്നര മീറ്ററിലേറെ ആഴമുണ്ട്.
ശ്രീകാര്യം ജംഗ്ഷനിലും ഇതേ അവസ്ഥയാണ്. ഫ്ലൈ ഓവറിന്റെ നിർമ്മാണത്തിനായി ഏറ്റെടുത്ത സ്ഥലത്തെ പ്രധാന റോഡിനോട് ചേർന്ന ഓടകളിലെ സ്ലാബുകൾ പൊട്ടിപ്പൊളിഞ്ഞാണ് കിടക്കുന്നത്. നിരവധി സ്ത്രീയാത്രക്കാരുൾപ്പെടെ ഇതിൽ അകപ്പെട്ടിട്ടും സ്ലാബുകൾ നീക്കം ചെയ്യാൻ യാതൊരു നടപടിയുമുണ്ടായിട്ടില്ല@.
കൊച്ചിയില്‍നിന്നുള്ള വാര്‍ത്ത അനുസരിച്ചു, തുറന്നിട്ട കാനയില്‍ വീണ് മൂന്നു വയസ്സുകാരന് പരിക്ക്; നഗരസഭയ്‌ക്കെതിരെ ആക്ഷേപം.
“കടവന്ത്രയിൽ നിന്ന് പനമ്പിള്ളി നഗറിലുള്ള വീട്ടിലേക്കു മടങ്ങവേയാണ് കുട്ടി കാനയിലേക്കു വീണത്. അമ്മയുടെ സമയോചിതമായ ഇടപെടൽ കൊണ്ട് കുഞ്ഞിന് ജീവൻ നഷ്ടമായില്ല. മലിനജലം ഉള്ളിൽ ചെന്ന കുഞ്ഞിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. റോഡരികിലൂടെ നടന്നു പോകുകയായിരുന്ന കുഞ്ഞ് കാലു തെറ്റി ഓടയിലേക്കു വീഴുകയായിരുന്നു.
പനമ്പിള്ളി നഗറിലും സമീപ പ്രദേശങ്ങളിലുമുള്ള കാനയിൽ പലതിനും സംരക്ഷണ വേലിയോ സ്ലാബോ ഇല്ലെന്ന് പരാതിയുണ്ട്. പ്രദേശത്ത് അപകടം തുടർക്കഥയായിട്ടും നഗരസഭയുടെ ഭാഗത്തു നിന്നും യാതൊരു പ്രതികരണമുണ്ടായില്ലെന്നും പ്രദേശവാസികൾ പറയുന്നു. സംഭവത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. സുരക്ഷിതമായ കാനകളുടെ വിഷയത്തിൽ ഹൈക്കോടതി ഇടപട്ടിട്ടും കൊച്ചിയിലെ അധികാരികൾ നടപടിയെടുത്തില്ല എന്നാണ് ആക്ഷേപം.”
നഗരത്തിലെ ഓടയിലൂടെ മരണത്തിലേക്ക് ഒലിച്ചുപോയവരെ അധികൃതർ മറക്കരുത്. 1999-2021 വരെയുള്ള കാലഘട്ടത്തിൽ ആറുപേരാണ് പല സംഭവങ്ങളിലായി മരിച്ചത്. ഓവുചാലുകളുടെ സ്ലാബുകൾ തകർന്ന് കാലുകുടുങ്ങി വീഴുന്നതും ഇടയ്ക്കുള്ള സംഭവങ്ങളാണ്. ഇനി ഒരു ഇരയും ഇല്ലാതിരിക്കാൻ നടപടികൾ വേഗത്തിലാക്കണമെന്നാണ് ജനങ്ങൾക്ക് പറയാനുള്ളത്.
കോഴിക്കോടും കോട്ടയത്തും എവിടെ തിരിഞ്ഞാലും ഇതുപോലെ പൊളിഞ്ഞ ഓടകളുടെ ആയിരം ദൃശ്യങ്ങൾ സുലഭം. മനുഷ്യന് ഇവിടെ വിലയില്ലല്ലോ, അവനെ പേപ്പട്ടി ഓടിച്ചിട്ടു കടിച്ചാലും, ഓടയിൽ വീണു തുലഞ്ഞാലും, ആരും കുറ്റക്കാരല്ലല്ലോ.
“നിഷ്‌ക്രിയത്വം മൂലം അപകടമുണ്ടായാല്‍ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥനെതിരെ ഐ.പി.സി, സി.ആര്‍.പി.സി വകുപ്പുകള്‍ പ്രകാരം നടപടി സ്വീകരിക്കും” എന്നൊക്കെ വല്ലപ്പോഴും ഗീർവാണ പ്രസ്താവനകൾ കേൾക്കുമ്പോൾ, കോള്മയിര് പോയിട്ട് ഒരു രോമത്തിനുപോലും വികാരമില്ലാതായിരിക്കുന്നു.
കുറെ നല്ല റോഡുകൾ കേരളത്തിൽ ഉണ്ടെന്നത് കുറച്ചു കാണിക്കുന്നില്ല. റോഡുകൾ സുരക്ഷിതമായ വഴികൾ ആയി മാറുന്നത് റോഡിനു ചേർന്നുള്ള ഓടകൾ സുരക്ഷിതമായി സ്ളാബുകൾ ചേർത്തിട്ടു കൊടുത്ത് , കാൽ നടക്കാരുടെ സുഗമമായ യാത്രയും ഉറപ്പാക്കുമ്പോഴാണ്. പലയിടത്തും സ്ളാബുകൾ ഇട്ടിരിക്കുന്നത് , ഒന്നുകിൽ റോഡിനേക്കാൾ ഉയരത്തിൽ, അല്ലെങ്കിൽ റോഡ് നിരപ്പിൽനിന്നും താഴ്ന്നുമാണ്. സ്ത്രീകൾക്കും കുട്ടികൾക്കും വാര്ധക്യത്തിലുള്ളവർക്കും കയറാനും ഇറങ്ങാനും എന്ത് ബുദ്ധിമുട്ടാണെന്ന് പറയേണ്ടതില്ല. മറ്റു പലയിടത്തും സ്ളാബുകൾ പൊളിച്ചു മാറ്റി , ആഴ്ചകളോളം അവ അടക്കാതെ തുറന്നിട്ടിരിക്കയാണ് . അത്യാവശ്യമായി ബാങ്കിലോ, പെൻഷൻ വാങ്ങാൻ ട്രഷറികളിലോ, സാധനങ്ങൾ വാങ്ങാൻ കടകളിലോ പോകേണ്ടിയവർ തിരക്കുള്ള വഴികളിൽ ഇറങ്ങി നടന്ന് , മറു വശത്തേക്ക് കയറാവുന്ന ഇടം തിരക്കി നടക്കുന്ന കാഴ്ചയാണ് ഏറെയും. ഇതിനിടെ ഒരു മഴ വന്നാൽ ഓടകളും നിറഞ്ഞു , വഴിയേതാ പുഴയേതാ എന്നറിയാതെ ചെളിവെള്ളം നിറഞ്ഞ കുഴിയിൽ വീഴുന്ന വണ്ടികളും നിർഭാഗ്യരായി കുറെ മനുഷ്യരും, ഇപ്പോൾ ഒരു വാർത്തയെ അല്ലാതായിരിക്കുന്നു. കാരണം, ഇതിനൊക്കെ ഉത്തരവാദികൾ ആയവർ ഡിപ്പാർട്ട്മെന്റ് വാഹനങ്ങളിലും പ്രൈവറ്റ് കാറുകളിലും ചീറിപ്പായുമ്പോൾ, പാവപ്പെട്ട കാല്നടക്കാരന്റെ മേലെ സ്വല്പം ചെളിവെള്ളം കൂടി തെറിപ്പിച്ചു പോയാൽ അതും അവർക്കൊരു സുഖം !
ആനപ്പുറത്തിരിക്കുമ്പോൾ കില്ലപ്പട്ടിയെ പേടിക്കണ്ട ല്ലോ ല്ലേ!
മേലുദ്യോഗസ്ഥർ ഇതൊക്കെ പരിശോധിക്കുകയും, പൊതുജനങ്ങളുടെ പരാതികൾ കണക്കിലെടുത്തു പരിഹരിക്കുകയും ചെയ്യാത്ത ജോലിക്കാരെ ശിക്ഷണവിധേയരാക്കുകയും ചെയ്താൽ, എന്തെങ്കിലും മാറ്റങ്ങൾ വന്നേനേ. അതിന് പകരം കനത്ത ശമ്പളവും പിന്നെ കിമ്പളവും പോരാഞ്ഞിട്ട്, ജോലിയിലിരിക്കെ പെൻഷനും വാങ്ങി, മരിച്ചുപോയവരുടെ പേരിലും പെൻഷൻ വാങ്ങി, ഖജനാവ് കാലിയാക്കി മുടിപ്പിക്കാൻ പ്ലാനുകൾ തയ്യാറാക്കി ഓഫീസിൽ മാത്രം കുത്തിയിരുന്നാൽ, മലയാളികളുടെ അന്ത്യം ദുർഗന്ധം വമിക്കുന്ന ഓടകളിൽ തന്നെ.
മറ്റൊരു കണക്കുകൂടി അറിഞ്ഞിരിക്കണം പ്രക്ഷുബ്ദ്ധരായ മലയാളി മക്കൾ. പ്രതിദിനം 1,192 ദശലക്ഷം ലിറ്ററാണ് സംസ്ഥാനത്ത് ആകെ ഉത്പാദിപ്പിക്കുന്ന മലിനജലം. നിലവിലുള്ള പൊതു മലിനജല സംസ്കരണ പ്ലാൻ്റുകൾ വഴിയുള്ള മൊത്തം മലിനജല സംസ്കരണ ശേഷി പ്രതിദിനം 138.3 ദശലക്ഷം ലിറ്ററാണ്.
സുന്ദരമായ മറുപടിയും അതിന് ആധികാരികമായ റിപ്പോർട്ടിലൂടെ തന്നിരിക്കുന്നത് കാണണ്ടേ ?
“സമൃദ്ധമായ ജലാശയങ്ങൾ, തീരപ്രദേശങ്ങൾ, തണ്ണീർത്തടങ്ങൾ എന്നിവയുൾപ്പെടെയുള്ള കേരളത്തിൻ്റെ വൈവിധ്യമാർന്ന ഭൂപ്രകൃതി നിയന്ത്രണങ്ങൾ നിലവിലുണ്ട്. തീരദേശ നിയന്ത്രണ മേഖലകൾ, പരിസ്ഥിതി ലോല പ്രദേശങ്ങൾ, തണ്ണീർത്തട സംരക്ഷണ നിയമങ്ങൾ, ജലാശയങ്ങളിൽ നിന്നുള്ള ദൂര മാനദണ്ഡങ്ങൾ എന്നിവ മലിനജല സംസ്കരണ പ്ലാൻ്റുകൾക്ക് അനുയോജ്യമായ ഭൂമിയുടെ ലഭ്യത കുറയ്ക്കുന്നതായി റിപ്പോർട്ട് പറയുന്നു”. ഇത്രയേ ഉള്ളു ഇവിടുത്തെ കാര്യം. പകരം യുദ്ധകാലാടിസ്ഥാനത്തിൽ എന്ത് ചെയ്യാം എന്ന് ചിന്തിക്കാൻ പോലും ഭരണാധികാരികൾക്ക് സമയമില്ല.
അപ്പോൾ പിന്നെ പ്രതികരണശേഷി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മലയാളി യ്ക്ക്, “ഓടയിൽ ഓട്ടയുണ്ട്, കാല്‍നടക്കാരന് രക്ഷയില്ല, പൊട്ടിപ്പൊളിഞ്ഞ സ്ളാബുകൾ തോന്നിയപോലെ നിരത്തിയ നാറുന്ന ഓടകൾ നിറഞ്ഞ കേരളം, പാതിവഴിയിൽ നിന്നുപോയ ഓട പണികൾ, ഇടയ്ക്കിടയ്ക്ക് പൊട്ടിപ്പറിഞ്ഞു കിടക്കുന്ന സ്ളാബുകൾ, ഓടയിൽ ഒടുങ്ങാതെ കവച്ചുചാടി നടന്നു പഠിക്കാൻ, ഇവയെല്ലാം സമാഹരിച്ച ഒരു ഓൺലൈൻ കോഴ്സ് തുടങ്ങിയാലോ എന്നൊരു ചിന്ത മാത്രം ബാക്കി !!