ന്യൂഡൽഹി: അയോദ്ധ്യയിലെ രാമക്ഷേത്ര ട്രസ്റ്റ് രാമഭക്തർക്കായി ഒരു പുതിയ സംരംഭം ആരംഭിച്ചു. ഇനി ക്ഷേത്ര പരിസരത്ത് ഭക്തർക്ക് എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായാൽ ആശങ്കപ്പെടേണ്ടതില്ല. അപ്പോളോ ഓർഗനൈസേഷൻ്റെ കീഴില്‍ രാം മന്ദിർ സമുച്ചയത്തിൽ ആശുപത്രി തുറക്കും. അപ്പോളോ ഡോക്‌ടർമാർ ഈ ആശുപത്രിയിൽ അവരുടെ സേവനം ലഭ്യമാക്കും,
80,000 ത്തിലധികം ഭക്തരാണ് ദിവസവും ക്ഷേത്രത്തിൽ എത്തുന്നത്. ഉത്സവകാലത്ത് ഇത് വർദ്ധിക്കുന്നു. രാമക്ഷേത്രത്തിൽ പ്രവേശിക്കാൻ, സന്ദർശകർക്ക് സുഗ്രീവ് കോട്ടയിൽ നിന്ന് രാമജന്മഭൂമി പാതയിലേക്ക് 1500 മീറ്ററോളം നടക്കണം. ഈ സമയത്ത് ഭക്തർക്ക് ചൂടോ തണുപ്പോ കാരണം അസുഖം വന്നാല്‍ ചികിത്സ ആവശ്യമാണ്. ഇപ്പോൾ രാമജന്മഭൂമി കോംപ്ലക്‌സിൽ തന്നെ പ്രത്യേക തീർത്ഥാടന സൗകര്യ കേന്ദ്രം തുറക്കും, അവിടെ ഭക്തർക്ക് പ്രഥമശുശ്രൂഷാ സൗകര്യം ഒരുക്കും.
രാമജന്മഭൂമി സമുച്ചയത്തിൽ ഏകദേശം 3000 ചതുരശ്ര അടിയിൽ അപ്പോളോ ഗ്രൂപ്പ് എമർജൻസി ഹെൽത്ത് കെയർ സെൻ്റർ തുറക്കുമെന്ന് ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് പറഞ്ഞു. ഇതിൻ്റെ നിർമ്മാണം ആരംഭിച്ചു കഴിഞ്ഞു. അപ്പോളോ ഗ്രൂപ്പ് ഡോക്ടർമാർ അവരുടെ സേവനം ഇവിടെ നൽകും. തിരക്ക് കാരണം ഭക്തർക്ക് പലപ്പോഴും ചികിത്സ ആവശ്യമായി വരുമെന്നും ചിലപ്പോൾ കാലാവസ്ഥ കാരണം അവരുടെ ആരോഗ്യവും മോശമാകുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരമൊരു സാഹചര്യത്തിൽ രാമക്ഷേത്ര സമുച്ചയത്തിൽ ആരോഗ്യ സംബന്ധമായ സൗകര്യങ്ങൾ ലഭ്യമാകുന്നത് ഭക്തർക്ക് വലിയ ആശ്വാസമാകും.