നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ യാത്രക്കാരിൽ നിന്ന് അപൂർവയിനം പക്ഷികളെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി

കൊച്ചി: തിങ്കളാഴ്ച (ഡിസംബർ 2) തായ്‌ലൻഡിൽ നിന്ന് തായ് എയർവേയ്‌സ് വിമാനത്തിൽ എത്തിയ രണ്ട് യാത്രക്കാരില്‍ നിന്ന് 14 അപൂർവയിനം പക്ഷികളെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി.

തിരുവനന്തപുരം സ്വദേശികളായ ബിന്ദു, ശരത്ത് എന്നിവരുടെ പക്കൽ നിന്നാണ് പക്ഷികളെ പിടികൂടിയത്. ബാങ്കോക്കില്‍ നിന്നു വന്ന ഇവരുടെ ചെക്ക്-ഇൻ ബാഗേജിൽ പ്രത്യേകം തയ്യാറാക്കിയ പെട്ടികളില്‍ ജീവനുള്ള വേഴാമ്പലുകൾ ഉൾപ്പെടെ 14 അപൂർവയിനത്തിൽപ്പെട്ട പക്ഷികളെയാണ് ഇവര്‍ കടത്തിക്കൊണ്ടു വന്നത്. ഓരോന്നിനും 25,000 മുതൽ 2 ലക്ഷം രൂപ വരെ വില വരുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഇവരുടെ പെരുമാറ്റത്തില്‍ സ്വര്‍ണ്ണം കടത്തുന്നവരാണെന്ന് സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വിശദമായി പരിശോധിച്ചപ്പോഴാണ് പെട്ടികളില്‍ നിന്ന് ചിറകടി ശബ്ദം കേട്ടത്. പിടികൂടിയ പക്ഷികളില്‍ ഭക്ഷണം നൽകി സംരക്ഷിക്കേണ്ടവയും സ്വന്തമായി ഭക്ഷണം കണ്ടെത്തുന്നവയും ഉണ്ടായിരുന്നു. നടപടികൾക്ക് ശേഷം പക്ഷികളെ ബാങ്കോക്കിലേക്ക് തിരിച്ചയക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അനധികൃതമായി പക്ഷിമൃഗാദികളെ കടത്തുന്നത് മൂന്നു വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. 75,000 രൂപ പ്രതിഫലത്തിന് വേണ്ടിയാണ് അവരിത് ചെയ്തതെന്ന് കസ്റ്റംസിനോട് സമ്മതിച്ചു.

കസ്റ്റംസും വനം വകുപ്പും ഇവരെ കൂടുതൽ ചോദ്യം ചെയ്‌ത് വരികയാണ്. പക്ഷികളെ കസ്റ്റഡിയിലെടുത്ത കസ്റ്റംസ് തുടർനടപടികൾക്കായി പക്ഷികളെയും യാത്രക്കാരെയും വനംവകുപ്പ് ഉദ്യോസ്ഥർക്ക് കൈമാറി. കൊച്ചി കസ്റ്റംസും വനം വകുപ്പും സംയുക്തമായി തുടരന്വേഷണം നടത്തുന്നതായിരിക്കും.

Print Friendly, PDF & Email

Leave a Comment

More News