ആദ്യമായി കണ്ട സിനിമ ഏതാണെന്ന് ഒരോര്‍മ്മയുമില്ല. എന്നാല്‍, ‘പത്തു കല്പനകള്‍’, ‘ജ്ഞാനസുന്ദരി’ എന്നീ സിനിമകള്‍ വീട്ടുകാരോടൊപ്പം പത്തനംതിട്ട വേണുഗോപാല്‍ ടാക്കീസില്‍ പോയി കണ്ടതിന്‍റെ ചെറിയൊരോര്‍മ്മ മനസ്സിലുണ്ട്. വീട്ടുകാരോട് എന്തെങ്കിലും വിശ്വസനീയമായ കള്ളം പറഞ്ഞ് സിനിമ കാണാന്‍ തുടങ്ങിയ കാലവും മറന്നുപോയി. എന്നാല്‍, കോളജില്‍ പഠിക്കുന്ന കാലത്ത് ലിസിയെന്ന സ്നേഹിതയോടൊപ്പം ക്ലാസ് കട്ട് ചെയ്തു ഒരു മാറ്റിനി ഷോയ്ക്കു പോയതിന്‍റെ മധുരസ്മരണകള്‍ ഇന്നും മങ്ങാതെ, മായാതെ മനസ്സില്‍ പ്രകാശം പരത്തി നില്‍ക്കുന്നു.
പുതിയ തലമുറയ്ക്ക് അതൊന്നും വലിയ കാര്യമൊന്നും അല്ലെങ്കില്‍ത്തന്നെയും അക്കാലത്ത് അത് ആത്മഹത്യാപരമായ ഒരു സാഹസമായിരുന്നു. ഈ ലോകത്തിലെ എല്ലാ കണ്ണുകളും തങ്ങളിലേക്കു ഫോക്കസു ചെയ്തിരിക്കുകയാണെന്നൊരു തോന്നലുണ്ടാകും.
കാശുള്ള കുടുംബത്തിലെ പെണ്‍കുട്ടിയായിരുന്നതുകൊണ്ട് രണ്ട് ബാല്‍ക്കണി ടിക്കറ്റിനുള്ള പത്തു രൂപാ അവള്‍ വെച്ചു നീട്ടിയത് യാതൊരു ഉളുപ്പും കൂടാതെ ഞാന്‍ രണ്ടു കൈയും നീട്ടി സ്വീകരിച്ചു.
‘തുലാഭാരം’ എന്ന ഒരു കണ്ണീര്‍പ്പടമായിരുന്നു കണ്ടത്. കാമുകീ കാമുകന്മാര്‍ മുട്ടിയുരുമ്മി ഒരുമിച്ചൊരു സിനിമ കാണുമ്പോള്‍ അവിടെ കണ്ണീരിനെന്തു സ്ഥാനം?
“തൊട്ടു തൊട്ടില്ല, തൊട്ടു തൊട്ടില്ല
മൊട്ടിട്ടുവല്ലോ മേലാകെ…”
മധുവും ഷീലയും ശാരദയുമെല്ലാം കോളജ് വിദ്യാര്‍ത്ഥികളായി വെള്ളിത്തിരയില്‍ നിറഞ്ഞാടുകയായിരുന്നു. അപ്രതീക്ഷിതമായിരുന്നു ലിസിയുടെ ഭാഗത്തു നിന്നുള്ള ഒരു നീക്കം. അവള്‍ വലംകൈകൊണ്ട് എന്‍റെ ഇടതു കൈയില്‍ മൃദുവായി ഒന്നു സ്പര്‍ശിച്ചു.
ഞാനൊരു മധുവായി, അവള്‍ ഷീലയും.
പ്രേമം എന്ന വികാരത്തിന്‍റെ മധുരമനോഹരമായ അനുഭൂതി അന്നാണ് ഞാന്‍ ആദ്യമായി അനുഭവിച്ചറിഞ്ഞത്. വെറുതെയാണോ കവി
“ഇതിഹാസങ്ങള്‍ ജനിക്കും മുന്‍പേ
ഈശ്വരന്‍ ജനിക്കും മുന്‍പേ
പ്രകൃതിയും കാലവും ഒരുമിച്ചു പാടി
പ്രേമം ദിവ്യമാമൊരനുഭൂതി…” എന്നു പാടിയത്.
ഒരിക്കലെങ്കിലും ഒന്നു പ്രേമിക്കാതെ മരിക്കുന്നത് വലിയൊരു നഷ്ടമാണ്. അതുകൊണ്ട് ഇതുവരെ പ്രേമിക്കാത്തവര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ഒന്നു ശ്രമിച്ചു നോക്കുന്നത് നല്ലതായിരിക്കും. പ്രേമത്തിനു കണ്ണും മൂക്കുമൊന്നുമില്ല. പ്രായം ഒരു പ്രശ്നമല്ല.
ഞങ്ങളുടെ അനുരാഗ നദി കുറേക്കാലം അങ്ങനെ ഒഴുകിയെങ്കിലും കോളജ് ജീവിതം അവസാനിക്കുന്നതിനു മുന്‍പു തന്നെ, ലിസിയുടെ തന്തപ്പടി സുന്ദരനും സല്‍സ്വഭാവിയും സമ്പന്നനുമായ ഒരു യുവാവുമായി അവളെ വിവാഹം കഴിപ്പിച്ചയച്ചു.
സിനിമാ ടിക്കറ്റെടുക്കാന്‍ പത്തു രൂപ കൈയിലില്ലാത്ത ഒരു മണക്കൂസിന്‍റെ കൂടെ തന്‍റെ ജീവിതം തുലച്ചു കളയുവാന്‍ ആ ബുദ്ധിമതി തയ്യാറായില്ല.
അന്ന് കാമുകിയുടെ മുഖത്ത് ആസിഡ് ഒഴിക്കുക, പെട്രോള്‍ ഒഴിച്ചു കത്തിക്കുക തുടങ്ങിയ കലാപരിപാടികളൊന്നും തുടങ്ങിയിരുന്നില്ല. അല്ലെങ്കില്‍ത്തന്നെ അതിനുള്ള ധൈര്യമൊന്നും എനിക്കുണ്ടായിരുന്നില്ല.
എങ്കിലും
“മറക്കാന്‍ കഴിയുമോ പ്രേമം
മനസ്സില്‍ വരയ്ക്കും വര്‍ണ്ണചിത്രങ്ങള്‍
മായ്ക്കാന്‍ കഴിയുമോ…”
ശ്രീകുമാരന്‍ തമ്പി എഴുതിയത് എത്ര ശരിയാണ്.
അതൊക്കെ കഴിഞ്ഞിട്ട് എത്രയോ കാലമായിരിക്കുന്നു. ഭാര്യയായി, കുട്ടികളായി, കുട്ടികള്‍ക്കു കുട്ടികളായി. ഈയടുത്ത കാലത്ത് ഒരു ഗാഢനിദ്രയ്ക്കിടയില്‍, ക്ഷണിക്കാതെ കയറിവന്ന ഒരു സ്വപ്നത്തിനിടയില്‍, ‘എന്‍റെ പൊന്നു ലിസി’ എന്നു പ്രേമാര്‍ദ്രമായി വിളിച്ചുകൊണ്ട് ഞാന്‍ എന്‍റെ ഭാര്യ പുഷ്പയെ ഒന്നു കെട്ടിപ്പിടിച്ചു. കണ്ണു തുറന്നപ്പോള്‍ ഞാന്‍ തറയില്‍ കിടക്കുകയാണ്. എന്താണ് സംഭവിച്ചതെന്ന് എനിക്കൊരു പിടിയും കിട്ടിയില്ല. തപ്പി തടഞ്ഞ് ഞാന്‍ ബെഡിലേക്ക് കയറുവാന്‍ ഒരു ശ്രമം നടത്തി.
പെട്ടെന്ന് പുഷ്പ ഒരു നാഗവല്ലിയായി മാറി.
“പരട്ട കിളവാ? കുഴീലേക്കു കാലും നീട്ടിയിരിക്കുന്ന ഇങ്ങേര്‍ക്കു നാണമില്ലേ? യാര് ലിസി, ശൊല്ല്-ഇങ്ങേര് അവക്കടെ കൂടെ രാപാര്‍ക്ക്. പൈത്യ പയലേ!”
എന്‍റെ പിറവംകാരി ഭാര്യക്ക് മലയാളം കൂടാതെ ഇത്തരം ഒരു ഭാഷകൂടി അറിയാമെന്നുള്ളത് എനിക്ക് പുതിയൊരറിവായി.
ഞാന്‍ മനസ്സിനെ ഒന്ന് റിവൈന്‍ഡ് ചെയ്തു. സംഭവങ്ങളുടെ ഒരു മങ്ങിയ രൂപം മനസ്സില്‍ തെളിഞ്ഞുവന്നു.
എങ്കിലും എന്‍റെ കര്‍ത്താവേ! മുട്ടിനു സഹിക്കാന്‍ വയ്യാത്ത വേദനയാണെന്നു പറഞ്ഞു നടക്കുന്ന ഇവളുടെ കാലിന് ഇത്ര ശക്തിയോ?
ഞാനൊരു വിശദീകരണത്തിനോ ന്യായീകരണത്തിനോ മുതിര്‍ന്നില്ല. സോഫയില്‍ കിടന്നുറങ്ങുന്നതും അത്ര മോശപ്പെട്ട കാര്യമൊന്നുമല്ല!
ഇനി കാര്യത്തിലേക്കു കടക്കാം. റിട്ടയര്‍മെന്‍റ് കാലമായതുകൊണ്ട് ടിവി കാണുവാനുള്ള സമയവും സൗകര്യവുമൊക്കെയുണ്ട്. കോമഡി ടച്ചുള്ള കഥകള്‍ കാണുവാനാണ് താല്പര്യം. എങ്കിലും ലോക മലയാളികള്‍ നെഞ്ചിലേറ്റിയ ‘റിപ്പീറ്റ് വാല്യു’ ഉള്ള നമ്മുടെ സ്വന്തം ‘അക്കരകാഴ്ചകളെ’ വെല്ലാന്‍ തക്ക കരുത്തും കാമ്പുമുള്ള ഒരു റിയലിറ്റി കോമഡി സീരിയല്‍ ഇതുവരെ മലയാളത്തില്‍ ഇറങ്ങിയിട്ടില്ല എന്നതാണ് വാസ്തവം. അക്കരക്കാഴ്ചകള്‍ക്ക് ഇതുവരെ അര്‍ഹിക്കുന്ന ഒരു അംഗീകാരം ഇവിടെ കൊടുത്തിട്ടില്ല.
മുറ്റത്തെ മുല്ലയ്ക്ക് മണമില്ലല്ലോ!
ഇടയ്ക്ക് ഓര്‍ക്കാപ്പുറത്ത് ചില കേട്ടിട്ടില്ലാത്ത പുതിയ സിനിമകള്‍ യൂട്യൂബില്‍ കയറിവരാറുണ്ട്.
അങ്ങനെയാണ് ‘പഴഞ്ചന്‍ പ്രണയം’ എന്ന സിനിമ ഒന്നു നോക്കിക്കളയാം എന്നു കരുതിയത്.
സത്യം പറയട്ടെ, വലിയ പ്രതീക്ഷകളോടെയൊന്നുമല്ല സിനിമ കാണാന്‍ തുടങ്ങിയത്. പക്ഷേ, കണ്ടു തുടങ്ങിയപ്പോള്‍, തീരുന്നതു വരെ ഒറ്റയിരിപ്പില്‍ കണ്ടു.
പ്രശസ്തരായ വലിയ താരനിരയൊന്നുമില്ല. വളരെ കുറച്ചു കഥാപാത്രങ്ങള്‍. ഡാന്‍സും അടിപിടിയും അട്ടഹാസവും നെടുങ്കന്‍ ഡയലോഗുകളും ഒന്നുമില്ലാതെ, ഒതുക്കത്തില്‍ പറഞ്ഞുപോകുന്ന ഒരു കഥ.
വിന്‍സി അലോഷ്യസ് എന്ന ഒരു നടിയാണ് മായ എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഓവര്‍ ആക്ടിംഗ് ലവലേശം പോലുമേശാത്ത അവരുടെ അഭിനയം എന്നെ അത്ഭുതപ്പെടുത്തി. റോണി ഡേവിഡ്, മോഹന്‍ എന്ന നായകനെ മികവുറ്റതാക്കി.
മിനി സ്ക്രീനിലൂടെ നമുക്കു പരിചിതനായ അസീസ് നെടുമങ്ങാട്, മണിയന്‍ എന്ന സ്വല്പം കോമഡി ചട്ടുള്ള കഥാപാത്രത്തെ അതിഗംഭീരമാക്കി.
ഒരു വാക്കുപോലും ഉരിയാടാതെ, അച്ഛന്‍റെ റോള്‍ അഭിനയിച്ച പവിത്രന്‍ എന്ന നടനും മികച്ച അഭിനയം കാഴ്ചവെച്ചു.
കഥയുടെ വഴിത്തിരിവാകുന്ന ഒരു സീനില്‍ മാത്രം ഒരു ചെറിയ കല്ലുകടി എനിക്കനുഭവപ്പെട്ടു. കാലം മാറിയില്ലേ, ഇതൊന്നും അത്ര വലിയ കാര്യമൊന്നുമല്ല എന്നു കരുതിയാല്‍ മതി.
തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു പടം എന്നൊന്നും ഞാന്‍ പറയില്ല. ചെറുപ്പക്കാര്‍ക്ക് അത്രകണ്ട് ഇഷ്ടപ്പെടുമെന്നു തോന്നുന്നില്ല.
സൗകര്യപ്പെടുമെങ്കില്‍ ‘പഴഞ്ചന്‍ പ്രണയം’ എന്ന ഈ സിനിമ കാണുക. രാത്രിയില്‍ ശാന്തമായ ഒരന്തരീക്ഷത്തില്‍ കാണുന്നതാണ് നല്ലത്.
ഏതായാലും അഭിനേതാക്കള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും പ്രത്യേകിച്ച്, സംവിധായകന്‍ ബിനീഷ് കളരിക്കലിന് എന്‍റെ അഭിനന്ദനങ്ങള്‍!