എസ് വൈ എസ് മാനവസഞ്ചാരം: സംസ്ഥാന സാരഥികൾക്ക് മർകസിൽ സ്വീകരണം നൽകി

എസ് വൈ എസ് മാനവസഞ്ചാരം നേതൃത്വത്തിന് മർകസിൽ നൽകിയ സ്വീകരണം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്‌ഘാടനം ചെയ്യുന്നു

കോഴിക്കോട് : പ്ലാറ്റിനം ഇയറിന്റെ ഭാഗമായി കേരളത്തിലുടനീളം നടത്തിയ മാനവ സഞ്ചാരത്തിന് നേതൃത്വം നൽകിയ എസ് വൈ എസ് സംസ്ഥാന ഭാരവാഹികൾക്ക് മർകസിൽ വരവേൽപ്പ് നൽകി. ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് സംഗമം ഉദ്ഘാടനം ചെയ്തു. മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന നിലപാടും ആശയങ്ങളുമാണ് എസ് വൈ എസ് മാനവ സഞ്ചാരത്തെ വ്യത്യസ്തമാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. മതങ്ങൾക്കിടയിൽ സ്പർധയുണ്ടാക്കാനുള്ള ശ്രമങ്ങൾ വലിയ തോതിൽ ചിലകോണുകളിൽ നടക്കുന്ന വേളയിൽ അതിനെ തിരുത്താനും സമുദായങ്ങൾക്കിടയിലുള്ള ഐക്യം ശക്തിപ്പെടുത്താനും മാനവസഞ്ചാരത്തിൽ ഉണ്ടായ ശ്രമങ്ങൾ കേരളത്തിന്റെ മത നിരപേക്ഷ മുഖത്തിന് കൂടുതൽ തിളക്കമേറ്റും. മതത്തിലെ മാനവിക മൂല്യങ്ങൾ സമൂഹത്തിന് പകരുന്നതിൽ കേരളത്തിലെ സുന്നി സമൂഹം എക്കാലവും വലിയ പങ്കുവഹിച്ചിട്ടുണ്ട്. കേരളത്തിലെ യുവജനങ്ങൾക്ക് ഒരുപാട് പുതിയ ആശയങ്ങൾ സമ്മാനിക്കാനും ലഹരി, വർഗീയത പോലുള്ള സാമൂഹ്യവിപത്തുകളെ ചെറുക്കാനും ഈ യാത്രയിൽ ശ്രമങ്ങളുണ്ടായത് അഭിനന്ദിക്കപ്പെടണ്ടതാണ് – മന്ത്രി പറഞ്ഞു.

വൈകുന്നേരം നാലിന് മർകസ് മസ്ജിദുൽ ഹാമിലി പരിസരത്ത് നിന്ന് ദഫ്മുട്ടിന്റെ അകമ്പടിയോടെ എസ് വൈ എസ് നേതൃത്വത്തെ സമസ്ത മുശാവറ അംഗങ്ങളും ജനപ്രതിനിധികളും ചേർന്ന് സ്വീകരിച്ചു. ശേഷം കൺവെൻഷൻ സെന്ററിൽ നടന്ന സംഗമത്തിൽ സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം അധ്യക്ഷത വഹിച്ചു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ യാത്രാംഗങ്ങളെ ആശീർവദിച്ചു സംസാരിച്ചു. സുന്നി സമൂഹത്തിന്റെ സാമൂഹിക ഇടപെടലുകളിൽ മാനവസഞ്ചാരം വലിയ പങ്കുവഹിച്ചെന്നും ഭാഗമായ എല്ലാവരും അഭിനന്ദനവും പ്രാർഥനയും അർഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പി മുഹമ്മദ് യൂസുഫ് സ്വാഗതം ചെയ്തു സംസാരിച്ചു. സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി പ്രാർഥനക്ക് നേതൃത്വം നൽകി. ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് ആമുഖ പ്രഭാഷണം നടത്തി. എസ് വൈ എസ് പ്രസിഡന്റ് റഹ്മത്തുല്ല സഖാഫി എളമരം യാത്ര ഉയർത്തിപ്പിടിച്ച സന്ദേശം പങ്കുവെച്ചു.

യാത്രാനായകരായ എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹ തങ്ങൾ സഖാഫി, ജനറൽ സെക്രട്ടറി ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി എന്നിവരെയും സംസ്ഥാന നേതാക്കളെയും ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ആദരിച്ചു. പി ടി എ റഹീം എം എൽ എ, ജില്ലാ പഞ്ചായത്ത് അംഗം ദനീഷ് ലാൽ ആശംസകൾ അർപ്പിച്ചു. എസ് വൈ എസ് നേതൃത്വം യാത്രാനുഭവങ്ങൾ വിദ്യാർഥികളുമായി പങ്കിട്ടു.

സ്വീകരണ സംഗമത്തിൽ വി പി എം ഫൈസി വില്യാപ്പള്ളി, എൻ അലി അബ്ദുല്ല, അബ്ദുൽ മജീദ് കക്കാട്, ഡോ. അബ്ദുസ്സലാം മുഹമ്മദ്, ജി അബൂബക്കർ, അബൂബക്കർ മാസ്റ്റർ പടിക്കൽ, ഇ കെ മുഹമ്മദ് കോയ സഖാഫി, മുഹമ്മദ് സ്വാദിഖ് സഖാഫി പെരിന്താറ്റിരി, മുഹമ്മദ് സ്വാദിഖ് വെളിമുക്ക്, അബ്ദുസ്സലാം സഖാഫി ദേവർശോല, ഡോ. മുഹമ്മദ് ഫാറൂഖ് നഈമി, കെ അബ്ദുൽ കലാം മാവൂർ, ഉമർ ഓങ്ങല്ലൂർ, അബ്ദുറശീദ് നരിക്കോട്, കുഞ്ഞിമുഹമ്മദ് സഖാഫി പറവൂർ സംബന്ധിച്ചു.

Print Friendly, PDF & Email

Leave a Comment

More News